Latest News

അവധികാലത്ത് അവര്‍ ഹൈടെക് ലോകത്താണ്


കളിയുടെ രൂപവും ഭാവവും മാറിയ വര്‍ത്തമാനകാലത്ത് ന്യൂജനറേഷന്‍ ഹൈടെക് കളിയിലാണ്. പാഠഭാഗങ്ങളെ അകലെമാറ്റിവെച്ച് പാടത്ത് പന്തുതട്ടാനിറങ്ങിയ തലമുറ ഓര്‍മ്മകള്‍ മാത്രമാകുന്നു. അവധികാലമെന്നുവിശേഷിപ്പിക്കുമ്പോഴും അവധിയില്ലാതാവുന്ന പുതിയ കുട്ടികള്‍ ഹൈടെക് ലോകത്തെ കളിയിലാണിപ്പോള്‍.
കമ്പ്യൂട്ടര്‍ ഗെയിമും പുതിയ കമ്പ്യൂട്ടര്‍ കോഴ്‌സുകളും കൊണ്ട് അവര്‍ അവധിയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. കൊച്ചുകുടിലുകെട്ടി കച്ചവടം നടത്തിയതും ഐസ് വിറ്റ് നടന്നതും ഇന്നലെയുടെ ചിത്രം. ഈ അവധികാലത്ത് സമ്പന്ന കുട്ടികള്‍ക്ക് പുതിയ കോഴ്‌സുകളും വിനോദ യാത്രയും ഷെഡ്യൂള്‍ ചെയ്ത ചാര്‍ട്ടാണെങ്കില്‍ സാധാരണക്കാര്‍ക്ക് അത് അടുത്തവര്‍ഷത്തേക്ക് പഠനത്തിന് പണം കണ്ടെത്താനുള്ള ഇടവേളയാണ്. കൂട്ടമായി ജീവിക്കുമ്പോഴും ഇന്റര്‍നെറ്റിന്റെ ലോകത്ത് ഒറ്റക്കാവുന്ന സമ്പന്ന കുട്ടികളും ആള്‍കൂട്ടങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടാന്‍ വിധിക്കപ്പെട്ട ദരിദ്ര കുട്ടികളും തങ്ങളുടേതായ തിരക്കിലേക്ക് വഴിമാറുമ്പോള്‍ ആ നല്ല അവധികാലം ഇല്ലാതാവുന്നുവെന്നാണ് കാലം തെളിയിക്കുന്നത്.
അവധിക്കാലം അവധിയില്ലാത്ത ആഘോഷമാകുമ്പോള്‍ കമ്പ്യൂട്ടര്‍ ഗെയിമുകളും വിജ്ഞാനകോഴ്‌സുകളുമായി അറിവിന്റെ മറ്റൊരു ജാലകമാണ് തുറക്കപ്പെടുന്നത്.
കമ്പ്യൂട്ടര്‍ സെന്ററില്‍ ഗെയിം കളിക്കാനെത്തുമ്പോള്‍ പ്രകൃതിയില്‍ നിന്ന് നഷ്ടമായത് അവര്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു. പാടത്തെ കളികള്‍ ഡിസ്‌പ്ലേകളിലേക്ക് മാറുമ്പോള്‍ കീബോര്‍ഡും മൗസുംകൊണ്ട് ഒരുത്തന്‍ തന്നെ രണ്ടു ടീമിന്റെ നായകനായി ആത്മനിര്‍വൃതി കൊള്ളുന്നു.
ചിത്രകലാ ക്യാമ്പുകള്‍, യോഗ ക്ലാസുകള്‍, കായികപരിശീലനങ്ങള്‍, സാഹിത്യസദസുകള്‍, പൊതുവിജ്ഞാനങ്ങള്‍, നൃത്തക്ലാസുകള്‍, അവധിക്ക് പുതിയ മുഖം കൈവന്നുകഴിഞ്ഞു.
അവധികാലത്തിന് ഹൈടെക് മുഖമായപ്പോഴും ചുട്ടുപൊള്ളുന്ന വേനലില്‍ ആഘോഷിച്ചുതീര്‍ത്ത ആ കാലം മറക്കാന്‍ കഴിയാത്തതാണെന്ന് പഴമക്കാര്‍ പറയുന്നു.
പരീക്ഷ കഴിയുന്നതോടെ എല്ലാ ഭാരവും വലിച്ചെറിഞ്ഞ് കളിയില്‍ അലിഞ്ഞുചേരുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവാത്തതാണെന്ന് അവര്‍ ഓര്‍ത്തുപറഞ്ഞു. സ്‌കൂളിന്റെ വാതില്‍ അടയുന്നതോടെ ഇപ്പുറത്ത് വീട്ടുമുറ്റത്ത് അവര്‍ പുതിയൊരു കുടിലുകെട്ടും അവിടെ പിന്നെ പൊടിപൊടിച്ച കച്ചവടമായിരിക്കും. മണ്ണപ്പവും മണ്ണിന്റെ മണവും ലഹരി പകരുന്ന അവിടെ പച്ചില നോട്ടുകളായിരിക്കും കച്ചവടത്തിന്റെ മൂല്യം നിര്‍ണ്ണയിക്കുക. കള്ളനും പോലീസുകളിയും വള്ളികെട്ടിയ വണ്ടിയും അതിനടുത്ത് മറ്റൊരു ആവേശമാകും. പുഴയില്‍ കുളിച്ചുതിമിര്‍ത്തതും മീന്‍ പിടിച്ചു നടന്നതും പകരം വെക്കാനാവാത്ത മറ്റൊരോര്‍മ്മ.
പഴയതെല്ലാം ഓര്‍മ്മകള്‍ മാത്രമാകുമ്പോള്‍ കമ്പ്യൂട്ടര്‍ സെന്ററുകളിലും നൃത്തക്ലാസുകളിലുമാണ് വന്‍ തിരക്ക്. ഫോട്ടോ ഷോപ്പില്‍ അവര്‍ പുതിയ നിറങ്ങള്‍ ചാലിക്കുന്നു, അരികിലുള്ള കൂട്ടുകാരെ മറന്ന് അവര്‍ ഫേസ് ബുക്കിലൂടെ പുതിയ കൂട്ടുകാരെ തേടി അലയുന്നു. കളിച്ചുവെയിലുകൊള്ളാനാവാത്തവര്‍ ജിംനേഷ്യത്തില്‍ ഭാരം തേടി ബോഡിലാംഗ്വേജിന് മോടി പിടിപ്പിക്കുന്നു. പുതിയ തലമുറ പ്രകൃതിയില്‍ നിന്ന് അകലുകയാണന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രകൃതിയുമായി ആത്മബന്ധമില്ലാത്തൊരു തലമുറക്ക് ലോകത്തെ വേണ്ടപോലെ സ്‌നേഹിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കുന്നു...



എബി കുട്ടിയാനം

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.