Latest News

വില്ലനായി അപൂര്‍വ്വ രോഗം: രണ്ട് ദിവസം കൊണ്ട് ഗള്‍ഫ് സ്വപ്നം ഉപേക്ഷിച്ച് നൗഷാദ് മടങ്ങി

ദോഹ: അപൂര്‍വ്വരോഗം വില്ലനായതോടെ ഗള്‍ഫ് ജീവിതം രണ്ട് ദിവസം കൊണ്ട് മതിയാക്കി മലയാളി യുവാവ് നാട്ടിലേക്ക് മടങ്ങി. തിരുവനന്തപുരം ഇടവ സ്വദേശി മുഹമ്മദ് നൗഷാദാണ് തന്നെയും മക്കളെയും ബാധിച്ച അപൂര്‍വ്വ രോഗത്തിന്‍െറ ദുരിതങ്ങള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കുന്നത്.
ഭാരിച്ച ചികില്‍സാചെലവിന് പണം കണ്ടെത്തനായി ഈ മാസം 17ന് ഖത്തറിലെത്തിയ നൗഷാദ് രോഗത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ 19ന് രാത്രി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
വിയര്‍പ്പ് പുറത്തുപോകാത്ത ലാമെല്ലലാര്‍ ഇക്തിയോസിസ് എന്ന അപൂര്‍വ്വ രോഗമാണ് നൗഷാദിനെയും രണ്ട് മക്കളെയും ബാധിച്ചിരിക്കുന്നത്. ചര്‍മ്മം കട്ടികൂടി രോമകൂപങ്ങള്‍ അടഞ്ഞ് പോകുന്നതാണ് ഈ രോഗം. വിയര്‍ക്കാതിരിക്കുന്നത് രോഗിയെ ശാരീരികമായും മാനസികമായും തളര്‍ത്തും.
അരമണിക്കൂര്‍ കൂടുമ്പോള്‍ ദേഹത്ത് വെള്ളമൊഴിച്ചാണ് ആശ്വാസം കണ്ടെത്തുന്നത്. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നൗഷാദിന്‍െറയും മക്കളുടെയും ചികില്‍സ. മരുന്നിന് പ്രതിമാസം ഒരാള്‍ക്ക് മാത്രം അയ്യായിരത്തോളം രൂപയാകും. മറ്റ് നിര്‍ബന്ധ ടെസ്റ്റുകളുടെ ചെലവ് വേറെയും. നാട്ടില്‍ പെട്ടിക്കട നടത്തിയിരുന്ന നൗഷാദ് ചികില്‍സക്ക് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്തെ ട്രാവല്‍ ഏജന്‍സി വഴി വിസക്കും ടിക്കറ്റിനുമായി 41,000 രൂപ ചെലവഴിച്ച് മൂന്നു മാസത്തെ ബിസിനസ് വിസയില്‍ ഖത്തറിലെത്തിയത്. ഖത്തറിലെത്തിയാല്‍ വിസ മാറ്റാനാകുമെന്നാണ് ഏജന്‍സി അറിയിച്ചിരുന്നത്.
ഇവിടെയെത്തിയ നൗഷാദ് രണ്ട് ദിവസവും തെരുവില്‍ കഴിയേണ്ടിവന്നു. ഇവിടുത്തെ ചൂട് താങ്ങാനാവില്ലെന്നതായതോടെ ചില ഉദാരമതികളുടെ സാഹയത്തോടെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ചൂട് സഹിക്കാനാവാതെ നൗഷാദ് അസ്വസ്ഥനാകുന്നത് കണ്ടാണ് ചിലര്‍ നാട്ടിലേക്കയക്കാന്‍ സഹായിച്ചത്.
ചികില്‍സക്ക് പണം കണ്ടെത്താന്‍ എന്ത് തൊഴിലും ചെയ്യാന്‍ നൗഷാദ് തയാറാണെങ്കിലും രോഗം അനുവദിക്കുന്നില്ല.
നൗഷാദിന്‍െറയും മക്കളുടെയും ചികില്‍സക്ക് ഫണ്ട് കണ്ടെത്താന്‍ ദോഹയിലുള്ള ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ 55264717, 55037430, 44655861 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.