Latest News

പ്രസവത്തെ തുടര്‍ന്ന് സൗദി സ്വദേശിയായ യുവതി മരിച്ചു; കേസില്‍ കുരുങ്ങി മലയാളി നഴ്‌സുമാര്‍

ദമാം: സൗദി അറേബ്യയില്‍ കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മലയാളികളായ നാലു നഴ്‌സുമാര്‍ നാട്ടിലെത്താനാകാതെ വിഷമിക്കുന്നു. സൗദി സ്വദേശിയായ യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് മലയാളി നഴ്‌സുമാര്‍ക്ക് കുരുക്കായത്. എട്ടു മാസം മുമ്പ് ദമാം മെഡിക്കല്‍ കോംപ്ലെക്‌സില്‍ നടന്ന സംഭവത്തിലാണ് വിവിധ സമയങ്ങളില്‍ യുവതിയെ പരിചരിച്ച നാല് മലയാളി നഴ്‌സുമാര്‍ കേസില്‍ കുടുങ്ങിയത്. ഏറണാകുളം മലയാറ്റൂര്‍ സ്വദേശി ലിജ, ആലപ്പുഴ കളര്‍കോട് സ്വദേശിനി വിനീത വിന്‍സെന്റ്, ആലപ്പുഴ മുഹമ്മ സ്വദേശിനി ജോമോള്‍ ജോസഫ്, കോട്ടയം സ്വദേശിനി എലിസബത്ത് കെ. ജോര്‍ജ് എന്നിവരാണ് നാട്ടിലേക്ക് മടങ്ങാന്‍ പോലുമാകാതെ പ്രതിസന്ധിയിലായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 23 ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന സൗദി സ്വദേശിയായ യുവതി പ്രസവത്തെ തുടര്‍ന്നുള്ള ചികിത്സക്കിടെ രക്തസമ്മര്‍ദം കുറയുകയും ഹൃദയാഘാതം സംഭവിച്ചു മരിച്ചു എന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഈ രോഗിയെ വിവിധ സമയങ്ങളില്‍ പരിചരിച്ചിരുന്ന നഴ്‌സുമാരാണ് പ്രതിക്കൂട്ടിലായത്. ഇതില്‍ഉള്‍പ്പെട്ട ലിജയും എലിസബത്തും നാലുമാസം മുമ്പ് സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ജോലി നഷ്ട്ടപ്പെട്ടവരാണ്. നാട്ടില്‍ വിടാത്തതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ ആണ് കേസില്‍ അകപ്പെട്ട വിവരം ഇവര്‍ അറിയുന്നത്. മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്നു വിശദമായ അന്വേഷണത്തിന് വേണ്ടിയാണ് തടഞ്ഞുവെച്ചിരിക്കുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ അന്വേഷണം എപ്പോള്‍ തുടങ്ങുമെന്നോ വിചാരണ എന്ന് അവസാനിക്കുമെന്നോ അറിയാത്ത അവസ്ഥയിലാണ് എല്ലാവരും.

ജോലിയില്ലാതെ വിദേശത്ത് താമസിക്കേണ്ടി വരുന്നതിന്റെ മാനസിക സമ്മര്‍ദം താങ്ങാന്‍ കഴിയുന്നതിലപ്പുറമാണന്ന് ഇവര്‍ പറയുന്നു. കുവൈറ്റില്‍ ജോലി ചെയ്യുന്ന മലയാളിയുമായി ലിജയുടെ വിവാഹം കഴിഞ്ഞ ഡിസംബര്‍ 31 ന് ഉറപ്പിച്ചിരുന്നതാണ്. എന്നാല്‍ വധുവിന് എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ നാട്ടിലെത്തിയ വരന് തിരിച്ചുപോകേണ്ടി വന്നു. കുടുംബവുമൊത്ത് കഴിയുന്ന എലിസബത്ത് ജോലി നഷ്ടപ്പെട്ടതോടെ കുടുംബചെലവുകള്‍ക്ക് പ്രയാസപ്പെടുകയാണ്. അധികൃതരുടെ വാതിലുകളില്‍ അനവധി തവണ മുട്ടിയിട്ടും തങ്ങളുടെ പരാതി കേള്‍ക്കാന്‍ പോലും തയാറാകുന്നില്ല എന്നാണ് ഇവര്‍ പറയുന്നത്.

രോഗിയുടെ നിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെല്ലാം അപ്പപ്പോള്‍ ഡോക്ടര്‍മാരെ അറിയിച്ചിട്ടുണെ്ടന്നും തങ്ങള്‍ ഒരു തരത്തിലും കുറ്റക്കാരല്ലെന്നുമാണ് ഇവര്‍ വിശദീകരിക്കുന്നത്. പ്രാഥമികാന്വേഷണത്തിലും ഇവരുടെ മേല്‍ ഒരു കുറ്റവും ആരോപിക്കപെട്ടിട്ടില്ല. സാക്ഷികള്‍ മാത്രമാണ് തങ്ങളെന്നു അധികൃതര്‍ ആശ്വസിപ്പിക്കുമ്പോഴും കേസിലെ അന്തിമതീര്‍പ്പ് എപ്പോള്‍ വരുമെന്ന് ഈ നഴ്‌സുമാര്‍ക്ക് ഒരു തിട്ടവുമില്ല.

ആറു മാസത്തിലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ സൗദിയിലെ നവയുഗം ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തക സഫിയ അജിത്തിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം ദമാം മെഡിക്കല്‍ കോംപ്‌ളക്‌സ് ഡയറക്ടറെ ഇവര്‍ സന്ദര്‍ശിച്ചിരുന്നു. കേസ് അവസാനിക്കാതെ നാട്ടിലയക്കാന്‍ സാധിക്കില്ല എന്ന നിലപാടാണ് അദ്ദേഹവും ആവര്‍ത്തിച്ചത്. ജോലിയില്‍ നിന്ന് പിരിച്ചുവിടപെട്ടവര്‍ എങ്ങനെ ഇവിടെ തുടരുമെന്ന ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടായില്ല. കേസ് നല്‍കിയ സ്വദേശിയുമായി സംസാരിച്ചപ്പോഴും നഴ്‌സുമാര്‍ക്കെതിരെ താന്‍ ഒരു തരത്തിലും പരാതി നല്‍കിയിട്ടില്ലെന്നും ഭാര്യയുടെ മരണകാരണം അറിയണമെന്നുമാത്രമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക സഫിയ അജിത് ഈ വിഷയവുമായി ബന്ധപ്പെട്ട് എംബസിയുടെ അധികാരപത്രതോടെ നഴ്‌സിംഗ് ഡയറക്ടര്‍, ഹോസ്പിറ്റല്‍ ഡയറക്ടര്‍, പേഴ്‌സണല്‍ മാനേജര്‍, ഡയറക്ടര്‍ ഓഫ് ടെക്‌നിക്കല്‍ ഇവാലുവേഷന്‍ ക്വാളിറ്റി അഷ്വറന്‍സ് ഓഫ് ഹെല്‍ത്ത് അഫേര്‍സ്, ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് തുടങ്ങിയവരുമായി നടത്തിയ നിരന്തര കൂടികാഴ്ചകള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ ഡയറക്ടര്‍ ജനറല്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടു വച്ചരിക്കുകയാണിപ്പോള്‍. ഏതെങ്കിലും സൗദി പൗരനോ, ഇന്ത്യന്‍ എംബസിയോ ജാമ്യം നില്‍ക്കാം എങ്കില്‍ ഇവരെ നാട്ടില്‍ പോകാന്‍ അനുവദിക്കാം എന്നാണ് വ്യവസ്ഥ. ഇതു അദ്ദേഹം രേഖാമൂലം എംബസിയ്ക്ക് കൈമാറുകയും ചെയ്തു. സഫിയ അജിത്, നവയുഗം സാംസ്‌കാരിക വേദി ജനറല്‍ സെക്രട്ടറി കെ.ആര്‍ അജിത് എന്നിവര്‍ ഈ കത്തും പ്രസ്തുത നഴ്‌സുമാരുടെ അപേക്ഷകളും മറ്റു രേഖകളുമായി റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ നേരിട്ട് എത്തി ഡി.സി.എമ്മിന് കൈമാറി. എന്നാല്‍ അദ്ദേഹം പറഞ്ഞത് എംബസി ആര്‍ക്കും ജാമ്യം നില്‍ക്കുന്ന കീഴ്‌വഴക്കം കീഴ്വഴക്കം ഇല്ലന്നും അതിനാല്‍ ജാമ്യം നില്‍ക്കല്‍ അസാധ്യമാണ് എന്നുമാണ്. ഇന്ത്യന്‍ അംബാസിഡറുമായി ഈ വിഷയത്തില്‍ സംസാരിക്കുകയും, ദമാം ഗവര്‍ണര്‍ക്ക് കത്ത് നല്‍കുകയും വേണ്ടി വന്നാല്‍ ദമാമില്‍ എത്തി നേരിട്ട് ഈ വിഷയത്തില്‍ ഇടപെടാം എന്നും ഡി.സി.എ ഉറപ്പു നല്‍കി.
(Deepika)

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.