Latest News

വരന്റെ സംഘത്തോടൊപ്പം ഹിജഡകള്‍ എത്തിയതു സംഘര്‍ഷമുണ്ടാക്കി

പാനൂര്‍: ചമ്പാട് അരയാക്കൂലില്‍ നടന്ന വിവാഹ ചടങ്ങില്‍ വരനൊപ്പം ഹിജഡകളുമെത്തിയതു വാക്കേറ്റത്തിനും സംഘര്‍ഷത്തിനും വഴിയൊരുക്കി.

വരന്റെ വീട്ടില്‍നിന്നു പുറപ്പെട്ട സംഘത്തോടൊപ്പമാണു സ്ത്രീവേഷം കെട്ടിയ രണ്ടു ഹിജഡകളുണ്ടായിരുന്നത്. ചെണ്ടമേളം, ഗായകസംഘം എന്നിവയ്‌ക്കൊപ്പം ഏതാനും ബംഗാളി യുവാക്കളും സംഘത്തിലുണ്ടായിരുന്നു.

വരന്റെ സുഹൃത്തുക്കള്‍ നേരത്തെ തയാറാക്കി നിര്‍ത്തിയ ഈ സംഘം വിവാഹ പാര്‍ട്ടിക്കൊപ്പം വധുവിന്റെ വീട്ടിലെത്തുകയായിരുന്നു. വരനൊപ്പം ഈ സംഘവും വീട്ടില്‍ കയറാന്‍ ശ്രമിക്കവെ വധുവിന്റെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു തടഞ്ഞു. ഇതോടെ വാക്കേറ്റമായി. വരന്റെ കൂടെയെത്തിയ മുഴുവനാളുകളേയും അകത്തു കയറ്റണമെന്നു വരനൊപ്പമുണ്ടായിരുന്ന ചിലര്‍ ശാഠ്യംപിടിച്ചതോടെ സംഘര്‍ഷമായി. വധുവിന്റെ വീട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്നു പോലീസ് എത്തിയതോടെയാണു സംഘര്‍ഷാവസ്ഥയ്ക്കു ശമനമുണ്ടായത്. ഹിജഡകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ പുറത്തുനിര്‍ത്തിയാണു പിന്നീടു വിവാഹ ചടങ്ങുകള്‍ നടന്നത്.

2000 രൂപ വീതം നല്‍കിയാണു കണ്ണൂരില്‍നിന്നു ഹിജഡകളെ എത്തിച്ചതെന്നു പറയുന്നു. തലശേരി, മാഹി തുടങ്ങിയ മേഖലകളില്‍ വിവാഹത്തോടൊപ്പമുള്ള ഇത്തരം ആഭാസങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്നു നാട്ടുകാര്‍ സംഘടിച്ച് ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നു വിവാഹ ചടങ്ങുകള്‍ അലങ്കോലമാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു കുറവുണ്ടാവുകയും ചെയ്തിരുന്നു. വിവാഹ ആഭാസങ്ങള്‍ തിരിച്ചുവരുന്നതിന്റെ സൂചനയായാണു ചമ്പാട് അരയാക്കൂലില്‍ നടന്ന സംഭവത്തെ കാണുന്നത്.

Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.