Latest News

കേരള യാത്ര മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: 'വികസനോന്‍മുഖ കേരളം' എന്ന മുദ്രാവാക്യവുമായി കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്ര ഏപ്രില്‍ 18 ന് വൈകിട്ട് നാല് മണിക്ക് ഹൊസങ്കടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തലയ്ക്ക് ത്രിവര്‍ണ പതാക കൈമാറി ഉദ്ഘാടനം ചെയ്യുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും യാത്രയുടെ കണ്‍വീനറുമായ കെ.പി. കുഞ്ഞിക്കണ്ണനും ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേന്ദ്ര മന്ത്രിമാരായ മുല്ലപള്ളി രാമചന്ദ്രന്‍, കെ.സി. വേണു ഗോപാല്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും കേരളത്തിന്റെ ചുമതലയുമുള്ള മധുസൂതനന്‍ മിസ്രി, യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, സംസ്ഥാന മന്ത്രിമാര്‍, ദേശീയ-സംസ്ഥാന നേതാക്കള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍, സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. ഓരോ മണ്ഡലങ്ങളില്‍ നടക്കുന്ന സ്വീകരണ പൊതു സമ്മേളനത്തില്‍ വെച്ച് വാര്‍ഡ് തലങ്ങളില്‍ നിന്നുള്ള ഫണ്ട് പിരിവ് കെ.പി.സി.സി. പ്രസിഡന്റ് ഏറ്റുവാങ്ങും.

18 ന് വൈകിട്ട് ആറു മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് ആദ്യ സ്വീകരണം. 19 ന് രാവിലെ 8.30 മണിക്ക് കാസര്‍കോട് ഡി.സി.സി. ഓഫീസില്‍ വെച്ച് ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികളെ കെ.പി.സി.സി. പ്രസിഡന്റ് ആദരിക്കും. തുടര്‍ന്ന് ഉദുമ മണ്ഡലത്തിലെ സ്വീകരണം രാവിലെ ഒമ്പത് മണിക്ക് ചട്ടഞ്ചാലിലും കാഞ്ഞങ്ങാട് മണ്ഡലത്തിലെ സ്വീകരണം 11 മണിക്ക് കാഞ്ഞങ്ങാട് കോട്ടച്ചേരിയിലും തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ സ്വീകരണം വൈകിട്ട് മൂന്നു മണിക്ക് തൃക്കരിപ്പൂരിലും നടക്കും.

വൈകിട്ട് ആറു മണിയോടെ യാത്ര കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുകയും പയ്യന്നൂരില്‍ സ്വീകരണം നല്‍കുകയും ചെയ്യും. തികഞ്ഞ അച്ചടക്കത്തോടെ നടക്കുന്ന കേരള യാത്ര മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ യാത്രകളില്‍ നിന്ന് വ്യത്യാസമായി രാഷ്ട്രീയത്തിനതീതമായ വികസന സങ്കല്‍പമാണ് ചര്‍ച ചെയ്യുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. മെയ് 18ന് തിരുവനന്തപുരത്തെത്തുന്ന യാത്രയുടെ സമാപന പൊതുസമ്മേളനത്തില്‍ എ.ഐ.സി.സി. ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സിയുടെ മുഴുവന്‍ ഭാരവാഹികളും ജാഥയിലെ സ്ഥിരാഗംങ്ങളായിരിക്കും.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.