Latest News

വ്യാജ പാസ്‌പോര്‍ട്ട് നിര്‍മ്മിച്ച ദമ്പതിമാര്‍ അറസ്റ്റില്‍

കുന്നംകുളം: വ്യാജ പാസ്‌പോര്‍ട്ട് നിര്‍മ്മിച്ചു നല്കിയ കേസില്‍ ദമ്പതിമാര്‍ അറസ്റ്റിലായി. ചേര്‍പ്പ് ഊരകം കുണ്ടന്‍കുഴ വീട്ടില്‍ രാമകൃഷ്ണന്‍ (58), ഭാര്യ ഓമന (56) എന്നിവരാണ് അറസ്റ്റിലായത്.

കൂനംമൂച്ചിയിലെ ഗ്ലോബല്‍ മാര്‍ക്കറ്റിങ് ഉടമ തരകന്‍ വീട്ടില്‍ സേവ്യര്‍ എന്ന സേവിക്ക് (40) പാസ്‌പോര്‍ട്ട് നിര്‍മ്മിച്ചുനല്കിയ കേസിലാണ് അറസ്റ്റുണ്ടായത്. 2001 ഡിസംബര്‍ 11നാണ് വ്യാജ പാസ്‌പോര്‍ട്ട് സേവിക്ക് നല്കിയത്.

സ്‌പെഷല്‍ബ്രാഞ്ചിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് ആലപ്പുഴ സ്വദേശിയുടെ വ്യാജവിലാസത്തിലാണ് പാസ്‌പോര്‍ട്ട് ഉണ്ടാക്കിയതെന്ന് കണ്ടെത്തി. എസ്‌ഐ കെ. മാധവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റുണ്ടായത്. സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞതിങ്ങനെ.

ചേര്‍പ്പ് പടിഞ്ഞാറ്റുമുറിയിലെ ജഗത്ത് ട്രാവല്‍സ് ഉടമയാണ് രാമകൃഷ്ണന്‍. ഭാര്യ ഓമന എറണാകുളത്തെ ഒരു ട്രാവല്‍സില്‍ ജോലിക്കാരിയായിരുന്നു. അവിടെവെച്ച് പരിചയപ്പെട്ട പീച്ചി സ്വദേശി ചിത്തരഞ്ജന്‍ മുഖേനയാണ് പാസ്‌പോര്‍ട്ട് നിര്‍മ്മിച്ചുവന്നത്. കാന്‍സര്‍ രോഗിയായ ചിത്തരഞ്ജന്‍ ഒന്നരവര്‍ഷം മുമ്പ് മരിച്ചു. പന്ത്രണ്ടുവര്‍ഷമായി ദമ്പതിമാര്‍ വ്യാജ പാസ്‌പോര്‍ട്ട് നിര്‍മ്മാണത്തിലുണ്ട്. പാസ്‌പോര്‍ട്ട് ഒന്നിന് 8000 രൂപ കണക്കിലാണ് പണം വാങ്ങിയിരുന്നത്. പാസ്‌പോര്‍ട്ടിന് പുറമെ വ്യാജ റേഷന്‍കാര്‍ഡ്, എസ്.എസ്.എല്‍.സി. ബുക്ക് എന്നിവയും ദമ്പതിമാര്‍ നിര്‍മ്മിച്ചിരുന്നതായി പോലീസ് പറഞ്ഞു.

അഡീഷണല്‍ സബ്ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

കോടതിയില്‍ ഹാജരാക്കിയ ദമ്പതിമാര്‍ റിമാന്‍ഡിലായി. കൂനംമൂച്ചിയിലെ ഗ്ലോബല്‍ മാര്‍ക്കറ്റിങ് ഉടമ സേവിയും ഭാര്യയും ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് ജോലിക്കായി പണം പിടുങ്ങിയ കേസ്സില്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. കുന്നംകുളം പോലീസ് അറസ്റ്റുചെയ്ത ദമ്പതിമാരെ ചോദ്യം ചെയ്തപ്പോള്‍ വ്യാജപാസ്‌പോര്‍ട്ടിന്റെ കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.