
ആലത്തൂര്‍: മരണത്തിലും പിരിയാത്ത കുരുന്നുസഹോദരങ്ങള്‍ക്ക് നാടിന്റെ കണ്ണീര്‍യാത്രാമൊഴി. ഒളിച്ചുകളിക്കുന്നതിനിടെ അലമാരയ്ക്കുള്ളില്‍ കുടുങ്ങി ശ്വാസംമുട്ടി മരിച്ച പ്രജിത്തും ശ്രീജിത്തും നാടിന്റെ ഹൃദയത്തില്‍ നൊമ്പരമായി. പരസ്പരം പിരിഞ്ഞിരിക്കാന്‍ കഴിയാത്ത സഹോദരങ്ങളുടെ ആത്മബന്ധത്തെ കൗതുകത്തോടെ കണ്ടിരുന്ന നാട്ടുകാര്‍ക്ക് ഇരുവരുടെയും ചേതനയറ്റ ശരീരം കണ്ടപ്പോള്‍ കണ്ണീര്‍ നിയന്ത്രിക്കാനായില്ല. മൃതദേഹം സംസ്കാരത്തിനെടുത്തപ്പോള്‍ ഉയര്‍ന്ന തേങ്ങല്‍ നാടിന്റെ വിലാപമായി മാറി. ചേരാമംഗലം നാപ്പംപൊറ്റയില്‍ നാഗരാജിന്റെയും ഓമനയുടെയും മക്കളായ പ്രജിത്തും ശ്രീജിത്തും തിങ്കളാഴ്ചയാണ് വീടിനകത്ത് അലമാരക്കുള്ളില്‍ കുടുങ്ങി മരിച്ചത്. അച്ഛനും അമ്മയും പണിക്കുപോവുകയും മുത്തശ്ശി ചെല്ലമ്മാള്‍ വടക്കഞ്ചേരിയിലേക്ക് പോവുകയും ചെയ്തതിനാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. എല്ലായ്പ്പോഴും ഇരുവരും ഒരുമിച്ചുണ്ടാകുമെന്നതിനാല്‍ മക്കളെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് മറ്റ് ആശങ്കകളുണ്ടായിരുന്നില്ല. പത്തുവയസ്സുകാരനായ പ്രജിത്ത് മുതിര്‍ന്ന രക്ഷിതാവെന്നപോലെയാണ് അനുജനായ ശ്രീജിത്തിനെ പരിചരിക്കുക. മേലാര്‍ക്കോട് എയുപി സ്കൂളില്‍ പഠിക്കുന്ന ഇരുവരും റോഡരികിലൂടെ നടന്നുപോവുമ്പോള്‍ അനുജനെ ചേര്‍ത്തുപിടിച്ച് പോകുന്ന കാഴ്ച നാട്ടുകാരുടെ മനസ്സിലിപ്പോഴും മായാതെയുണ്ട്. ചൊവ്വാഴ്ച പാലക്കാട് ചന്ദ്രനഗര്‍ കൂട്ടുപാതയിലെ ബന്ധുവീട്ടിലേക്ക് വിരുന്നുപോകാനിരിക്കെയാണ് മരണം ഇരുവരെയും കവര്‍ന്നത്. സ്കൂള്‍ അവധിയായതിനാല്‍ വിരുന്നുപോകണമെന്ന് ശാഠ്യംപിടിച്ച മക്കള്‍ക്ക്, പണികഴിഞ്ഞെത്തിയാല്‍ കൂലിയില്‍നിന്നും പണം നല്‍കാമെന്ന് ഉറപ്പുനല്‍കിയാണ് അമ്മ കൂളിയാട്ടുള്ള ചെങ്കല്‍ച്ചൂളയിലേക്ക് പണിക്കുപോയത്. തിരിച്ചെത്തിയ ഉടനെ മക്കളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അടുത്തെവിടെയെങ്കിലും പോയതാവാമെന്നു സംശയിച്ച് അന്വേഷിക്കാന്‍ പോവാനായി വസ്ത്രമെടുക്കാന്‍ അലമാര തുറന്നപ്പോള്‍ ചേതനയറ്റ ഇരുവരുടെ ശരീരം മുന്നിലേക്ക് വീഴുകയായിരുന്നു. തിങ്കളാഴ്ച വിരുന്നു പോകാനൊരുങ്ങിയ മക്കളെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. സമീപത്തെ സമപ്രായക്കാരായ കുട്ടികളുമായി വല്ലപ്പോഴും മാത്രമേ ഇരുവരും കളിക്കാന്‍ കൂടാറുള്ളൂ. ജ്യേഷ്ഠനും അനുജനും കളിക്കാനും കൂട്ടുകൂടാനും മറ്റാരെയും ആവശ്യമുണ്ടായിരുന്നില്ല. രക്ഷിതാക്കളില്ലെങ്കിലും അനുജന് കൃത്യസമയത്ത് ഭക്ഷണം നല്‍കുകയും മറ്റ് കാര്യങ്ങള്‍ നോടക്കുകയും ചെയ്യും. കഴിക്കേണ്ട സമയത്ത് ഇരുവരും സാഹോദര്യത്തിനപ്പുറം പരസ്പരം കൂട്ടുകാരാവും. പുളിഞ്ചുവടില്‍ ഓലപ്പുരയുടെ പണി നടക്കുമ്പോള്‍ പണിക്കാരൊടൊപ്പം മുഴുവന്‍ സമയവും ഈ സഹോദരങ്ങള്‍ സഹായിക്കാന്‍ നിന്നിരുന്നു. ഇഷ്ടികക്കളത്തില്‍ സഹായിച്ചുനിന്നിരുന്ന പത്തും ആറും വയസ്സുള്ള സഹോദരങ്ങള്‍ പണിക്കാര്‍ക്ക് അത്ഭുതമായിരുന്നു. പൂര്‍ത്തിയായ വീട്ടിലേക്കു താമസം മാറാനിരിക്കെയാണ് വിധി ഇരുവരെയും കവര്‍ന്നത്. ഒരു നാടിനെ ദുഃഖത്തിലാഴ്ത്തി മരണത്തിലേക്കു വിരുന്നുപോയ കുരുന്നുകളെ കാണാന്‍ നാടാതെ ഒഴുകിയെത്തി. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് മൃതദേഹം വൈകിട്ട് ആറോടെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനുവച്ചു. ശ്വാസംമുട്ടി മരിച്ചതാണെന്നും മറ്റ് അസ്വാഭാവികത ഒന്നുമില്ലെന്നുമാണ് പ്രാഥമിക നിഗമനം. രാത്രി എട്ടോടെ മേലാര്‍ക്കോട് പഞ്ചായത്പൊതുശ്മാനത്തില്‍ സംസ്കരിച്ചു.
(Deshabhimani)
സഹോദരങ്ങളായ കുട്ടികള്‍ അലമാരയില്‍ ശ്വാസം മുട്ടി മരിച്ചു
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment