Latest News

സാഹിത്യകാരി റൂത്ത് പ്രാവെര്‍ ജബ്‌വാല അന്തരിച്ചു


മാന്‍ഹാട്ടന്‍: പ്രമുഖ സാഹിത്യകാരി റൂത്ത് പ്രാവെര്‍ ജബ്‌വാല അന്തരിച്ചു. 85 വയസായിരുന്നു. ദീര്‍ഘകാലത്തെ അസുഖത്തിനൊടുവില്‍ മാന്‍ഹട്ടനിലെ വസതിയിലായിരുന്നു അന്ത്യം. ഓസ്‌കര്‍ പുരസ്‌കാരവും ബുക്കര്‍ പ്രൈസും നേടിയ ലോകത്തെ ഏക സാഹിത്യകാരിയാണ് പ്രാവെര്‍ ജബ്‌വാല.

സാഹിത്യത്തിലും സിനിമയിലും ഒരുപോലെ തിളങ്ങിനിന്ന റൂത്ത് പ്രാവെര്‍  ലോകപ്രശസ്തരായ ഒട്ടേറെ ചലച്ചിത്ര സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 25 വര്‍ഷത്തോളം ഡല്‍ഹിയില്‍ താമസിച്ച റൂത്ത് പ്രാവെര്‍  ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അനേകം തിരക്കഥകളും നോവലുകളും എഴുതിയിട്ടുണ്ട്.

മെര്‍ച്ചന്റ് ഐവറി പ്രൊഡക്ഷന്‍സിനുവേണ്ടി അനേകം തിരക്കഥകള്‍ എഴുതിയ റൂത്ത് പ്രാവെറെ തേടി  രണ്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങളെത്തി. എ റൂം വിത്ത് എ വ്യൂ, ഹോവാര്‍ഡ്‌സ് എന്‍ഡ് എന്നീ ചിത്രങ്ങള്‍ക്കെഴുതിയ തിരക്കഥയാണ് അവരെ ഓസ്‌കര്‍ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഹീറ്റ് ആന്റ് ഡസ്റ്റ് എന്ന നോവല്‍ ബുക്കര്‍ പുരസ്‌കാരം നേടിക്കൊടുത്തു.

1927 മെയ് ഏഴിന് ജര്‍മനിയിലെ കൊളോണിലായിരുന്നു ജനനം. 1939ല്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ പീഡനങ്ങളില്‍നിന്ന് രക്ഷതേടി റൂത്തിന്റെ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറി. റൂത്തിന് അപ്പോള്‍ 12 വയസായിരുന്നു. 1948ല്‍ ബ്രിട്ടീഷ് പൗരത്വം നേടി. 1951 ഇന്ത്യന്‍ പാര്‍സി ആര്‍ക്കിടെക്ട് സൈറസ് എച്ച് ജബ്‌വാലയെ വിവാഹം ചെയ്ത് ഇന്ത്യയിലേക്ക് പോന്നു. 25 വര്‍ഷത്തോളം ഡല്‍ഹിയില്‍ ഭര്‍ത്താവിനോടൊപ്പം താമസിച്ച അവര്‍ കുടുംബ ജീവിതവും എഴുത്തും ഒന്നിച്ചു കൊണ്ടുപോയി.

നല്ലൊരു കുടുംബിനിയായിരുന്ന അവര്‍ മൂന്ന് പെണ്‍മക്കളെയും സ്വന്തം മേല്‍നോട്ടത്തില്‍ തന്നെ വളര്‍ത്തി. ഇക്കാലത്ത് അവര്‍ എഴുതിയ നോവലുകളെല്ലാം ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ളതായിരുന്നു. ഇന്ത്യന്‍ സംസ്‌കാരത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നു അവര്‍. റൂത്തിന്റെ നോവലുകളും ചെറുകഥകളും വായിച്ച പലരും അവര്‍ ഇന്ത്യക്കാരിയാണോ എന്നു പോലും സംശയിച്ചു. റൂത്തിന്റെ അവസാന ചെറുകഥാ സമാഹാരമായ 'എ ലവ് സോങ് ഫോര്‍ ഇന്ത്യ' 2011ലാണ് പ്രസിദ്ധീകരിച്ചത്.

Key Words:  Ruth Prawer Jhabvala , Firoza Jhabvala , longtime member , Merchant Ivory Productions,  films , Academy Awards, E.M. Forster novels, Howards End, A Room With a View,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.