Latest News

കീറാമുട്ടിയായി കഞ്ഞിക്കുഴി; ഒഞ്ചിയം മുണ്ടൂര്‍ ഭീതിയില്‍ സിപിഎം

Kerala, CPM, Kanjikuzhi,
ആലപ്പുഴ: വിഭാഗീയതയുടെ പേരില്‍ കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റിയില്‍ പുനഃസംഘടന നിര്‍ദേശിച്ച സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം പ്രതിസന്ധിയില്‍. മുണ്ടൂരും ഒഞ്ചിയവുംപോലെ രാഷ്ട്രീയ കേരളത്തിലെ മറ്റൊരു പേരായി കഞ്ഞിക്കുഴി ഉയരുമോയെന്ന ആശങ്കയാണു പ്രധാനമായും ഉയരുന്നത്. തങ്ങളുടെ തീരുമാനം നടപ്പിലാക്കാന്‍ ഔദ്യോഗികപക്ഷം കച്ചകെട്ടിനില്‍ക്കുമ്പോള്‍ അതിനേതിരേ സ്വരമുയര്‍ത്താനാണു വിമതരെന്നു വിശേഷിപ്പിക്കപ്പെടുന്ന വി.എസ്‌ഐസക് വിഭാഗത്തിന്റെ നീക്കം. നൂറുകണക്കിനു പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടു ശക്തിപ്രകടനം നടത്താനും വിമതര്‍ക്കായെന്നത് ഔദ്യോഗികപക്ഷത്തെ സമ്മര്‍ദത്തിലാക്കി.

ആറു ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും 14 ഏരിയാകമ്മിറ്റിയംഗങ്ങളും രണ്ടു ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും പോഷകസംഘടനാഭാരവാഹികളും പ്രകടനത്തില്‍ പങ്കെടുത്തുവെന്നതു വിമതരുടെ ശക്തി എടുത്തുകാട്ടുന്നു. തണ്ണീര്‍മുക്കം സൌത്ത്, തണ്ണീര്‍മുക്കം നോര്‍ത്ത്, മുഹമ്മ സൌത്ത്, മുഹമ്മ നോര്‍ത്ത്, കണ്ണറുകാട്, അരീപ്പറമ്പ്, അര്‍ത്തുങ്കല്‍, ചെറുവാരണം തുടങ്ങിയ ഒമ്പതു ലോക്കല്‍ കമ്മിറ്റികളില്‍നിന്നുള്ള പ്രവര്‍ത്തകരാണു പ്രകടനത്തിലുണ്ടായിരുന്നത്. വിഭാഗീയതയുടെ പേരിലെടുത്ത സംഘടനാ നടപടിമൂലം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റിയിലടക്കം പാര്‍ട്ടി പ്രവര്‍ത്തകര്‍ എതിരായ സാഹചര്യത്തില്‍ മുതിര്‍ന്ന സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടു ജില്ലാ കമ്മിറ്റി വിളിച്ചുചേര്‍ക്കാനുള്ള ശ്രമം ഔദ്യോഗികപക്ഷത്തില്‍ നിന്നുണ്ടാകാനാണു സാധ്യത. മറ്റുപ്രദേശങ്ങളില്‍ പ്രശ്‌നം ഉടലെടുക്കാതിരിക്കാന്‍ കഴിഞ്ഞ ജില്ലാ കമ്മിറ്റി അംഗീകരിച്ച തീരുമാനങ്ങള്‍ വൈകിപ്പിക്കാനും നീക്കമുണ്ട്. 

വിഭാഗീയതയുടെ പേരുപറഞ്ഞു ഏരിയാ സെക്രട്ടറിയെ അടക്കം മാറ്റി പുനഃസംഘടിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണു വി.എസ് ഐസക് വിഭാഗം. അതുകൊണ്ടുതന്നെയാണ് ജില്ലാ സെക്രട്ടറിതന്നെ റിപ്പോര്‍ട്ടിംഗിനെത്തിയ ഏരിയാ സമ്മേളനത്തില്‍ 19 അംഗ കമ്മിറ്റിയിലെ രണ്ടുപേര്‍ മാത്രം പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കാന്‍ തയാറായത്. രണ്ടുപേര്‍ നിഷ്പക്ഷത പാലിച്ചു. 

ബാക്കിയുളളവര്‍ ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തെ എതിര്‍ക്കുകയാണുണ്ടായത്. കഴിഞ്ഞദിവസം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി പുനഃസംഘടിപ്പിക്കാനുള്ള തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ രണ്ടു സെക്രട്ടേറിയറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത ഏരിയാ സമ്മേളനം വി.എസ്‌ഐസക് പക്ഷത്തിന്റെ എതിര്‍പ്പുമൂലം നടന്നിരുന്നില്ല. ഇന്നലെ ജില്ലാ കമ്മിറ്റി നേരിട്ടു യോഗം വിളിച്ചെങ്കിലും ജില്ലാ സെക്രട്ടറിറിപ്പോര്‍ട്ടിംഗ് നടത്തുമ്പോള്‍തന്നെ വിമതപക്ഷം എതിര്‍പ്പുമായെത്തുകയും യോഗം ബഹിഷ്‌കരിക്കുകയുമായിരുന്നു. 

വൈകുന്നേരം മേഖലയില്‍ പ്രകടനവും പൊതുയോഗവും വിമതര്‍ നടത്തി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചവര്‍ക്കെതിരേ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് ഔദ്യോഗികപക്ഷവും രംഗത്തുണ്െടങ്കിലും പിളര്‍പ്പിലേക്കെത്തിക്കാന്‍ പലരും ആഗ്രഹിക്കുന്നില്ല. സംസ്ഥാന നേതൃത്വം ഇടപെട്ടു പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷ ജില്ലാ നേതൃത്വത്തിനും അണികള്‍ക്കുമുണ്ട്.

Keywords: Kerala, CPM, Kanjikuzhi, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.