Latest News

ബാഴ്‌സലോണയെ പാരീസ് സാന്‍ ഷെര്‍മാങ്ങ് സമനിലയില്‍ തളച്ചു

പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ തുടരെ ആറാം സെമി ഫൈനല്‍ ലക്ഷ്യമിടുന്ന സ്പാനിഷ് ടീം ബാഴ്‌സലോണയെ പാരീസ് സാന്‍ ഷെര്‍മാങ്ങ് (പി.എസ്.ജി) സമനിലയില്‍ തളച്ചു (2-2). അവസരങ്ങളേറെക്കളഞ്ഞിട്ടും ബയറണ്‍ മ്യൂണിക്കിന് ഹോം മത്സരത്തില്‍ യുവന്റസിനെതിരെ വിജയം (2-0) നേടാനായി. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബുധനാഴ്ച നടക്കുന്ന മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ് തുര്‍ക്കി ക്ലബ് ഗളത്‌സരെയെയും സ്പാനിഷ് ടീം മലാഗ ജര്‍മന്‍ ടീം ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെയും നേരിടും.

ലയണല്‍ മെസ്സിയുടെയും (38-ാംമിനിറ്റ്) സാവിയുടെയും(88-പെനാല്‍ട്ടി) ഗോളുകളിലാണ് ബാഴ്‌സ രണ്ടുവട്ടം മുന്നിലെത്തിയത്. എന്നാല്‍,79-ാം മിനിറ്റില്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചും ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ മറ്റിയൂഡിയും പി.എസ്.ജിയ്ക്കായി ഗോള്‍ മടക്കി. മ്യൂണിക്കില്‍, ഡേവിഡ് അലാബയും (1) തോമസ് മുള്ളറു(63)മാണ് യുവന്റസിനെതിരെ ബയറണിന്റെ ഗോളുകള്‍ സ്വന്തമാക്കിയത്.

ബാഴ്‌സ നിരയില്‍ മിന്നും പ്രകടനം നടത്തിയ ഡാനി ആല്‍വ്‌സാണ് മെസ്സിയുടെ ഗോളിന് വഴിതുറന്നത്. ബോക്‌സിനുമുന്നില്‍നിന്ന് ആല്‍വ്‌സ് പുറംകാലനടിയിലൂടെ കൊടുത്ത പാസ്സ് മെസ്സി ഇടതുമൂലയില്‍നിന്ന് പോസ്റ്റിലേക്ക് അടിച്ചുകയറ്റി. ചാമ്പ്യന്‍സ് ലീഗില്‍ മെസ്സിയുടെ 59-ാം ഗോളായിരുന്നു ഇത്. മത്സരത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റ മെസ്സി, ആദ്യപകുതിക്കുശേഷം കളത്തിലിറങ്ങിയില്ല. സെസ്‌ക് ഫാബ്രിഗസാണ് പകരമെത്തിയത്.

കളി അവസാന ഘട്ടത്തിലേക്ക് കടന്നതോടെ, പി.എസ്.ജി. താരങ്ങള്‍ ആക്രമണം ശക്തമാക്കി. 80-ാം മിനിറ്റില്‍ അത് ഫലം കണ്ടു. ഫ്രീക്കിക്കില്‍നിന്ന് തിയാഗോ സില്‍വയെടുത്ത ഹെഡ്ഡര്‍ പോസ്റ്റില്‍ത്തട്ടിത്തെറിച്ചതിന് പിന്നാലെ, റീബൗണ്ടില്‍നിന്ന് ഇബ്രാഹിമോവിച്ച് പന്ത് വലയിലാക്കി. ഇബ്ര ഓഫ്‌സൈഡാണെന്ന ബാഴ്‌സ താരങ്ങളുടെ വാദം റഫറി അംഗീകരിച്ചില്ല. എന്നാല്‍, 88-ാം മിനിറ്റില്‍ അലക്‌സി സാഞ്ചസിനെ പി.എസ്.ജി.ഗോളി സിരിഗു വീഴ്ത്തിയതിന് ലഭിച്ച പെനാല്‍്ട്ടിയാണ് ബാഴ്‌സയ്ക്ക് രണ്ടാം ഗോള്‍ നേടിക്കൊടുത്തത്. കിക്കെടുത്ത സാവിക്ക് പിഴച്ചില്ല. എന്നാല്‍, ഇന്‍ജുറി ടൈമില്‍ ഇബ്രയുടെ പാസ്സില്‍നിന്ന് മറ്റിയൂഡി എടുത്ത ഗ്രൗണ്ടര്‍, ബാഴ്‌സ ഗോളി വാല്‍ഡെസിന്റെ കൈയില്‍നിന്ന് വഴുതി വലയില്‍ക്കയറിയതോടെ, ബാഴ്‌സക്ക് നിര്‍ണായകമായ എവേ വിജയം നഷ്ടമായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.