Latest News

സാംസങ് ഗാലക്‌സി 4 ഇന്ത്യയില്‍; വില 41,500 രൂപ


സ്മാര്‍ട്ട്‌ഫോണ്‍ നിരയില്‍ സാംസങിന്റെ സൂപ്പര്‍ഫോണായ ഗാലക്‌സി എസ് 4 ഇന്ത്യന്‍ വിപണിയിലെത്തി. എസ് 4 ന്റെ 16 ജിബി മോഡലിന് 41,500 രൂപയാണ് വില.

2013 ലെ ആദ്യ പാദത്തില്‍ സാംസങ് റിക്കോര്‍ഡ് ലാഭം നേടിയ വാര്‍ത്ത പുറത്തു വന്നതിനൊപ്പമാണ്, ഗാലക്‌സി എസ് 4 ഇന്ത്യന്‍ വിപണിയിലെത്തുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് സാംസങിന്റെ മുഖ്യ പ്രതിയോഗിയായ ആപ്പിന് ഒരു ദശകത്തിനിടെ ആദ്യമായി ലാഭം കുറഞ്ഞ വിവരം കഴിഞ്ഞ ദിവസമാണ് ലോകമറിഞ്ഞത്.

ഈ വര്‍ഷം ആദ്യ പാദത്തില്‍ 640 കോടി ഡോളര്‍ (34,000 കോടി രൂപ) സാംസങ് ലാഭമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 42 ശതമാനം വര്‍ധന ഉണ്ടായി. ഗാലക്‌സി ഫോണുകളുടെ വില്‍പ്പനയാണ് സാംസങിന് ഈ നേട്ടം നല്‍കിയത്.

കഴിഞ്ഞ മാര്‍ച്ച് 14ന് ന്യൂയോര്‍ക്കില്‍ അവതരിപ്പിക്കപ്പെട്ട ഗാലക്‌സി എസ് 4 ( Galaxy S4 ) ന്റെ 32 ജിബി, 64 ജിബി വകഭേദങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ സാംസങ് ഉദ്ദേശിക്കുന്നില്ല. മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യമുള്ളതിനാല്‍ ഇന്റേണല്‍ സ്‌റ്റോറേജ് 16 ജിബി മതിയാകുമെന്നാണ് കമ്പനിയുടെ നിലപാട്.

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ ആദ്യ എട്ടു-കോര്‍ പ്രൊസസറുമായാണ് ഗാലക്‌സി എസ് 4 ന്റെ വരവ്. 2 ജിബി റാമും ആന്‍ഡ്രോയ്ഡ് 4.2.2 (ജെല്ലി ബീന്‍) പ്ലാറ്റ്‌ഫോമും കൂടിയാകുമ്പോള്‍ കരുത്തിന്റെ കാര്യത്തില്‍ മറ്റേത് സ്മാര്‍ട്ട്‌ഫോണും എസ് 4 ന് താഴയേ വരൂ.

കണ്ണുകൊണ്ടും അംവിക്ഷേപങ്ങള്‍ കൊണ്ടും നിയന്ത്രിക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആണ് എസ് 4. ഇതിലെ മുഖ്യക്യാമറ 13 മെഗാപിക്‌സലും, വീഡിയോ കോളിങിനുള്ള സെക്കന്‍ഡറി ക്യാമറ 2 മെഗാപിക്‌സലുമാണ്. ഡ്യുവല്‍ ഷോട്ട്, സിനിമ ഷോട്ട് പോലുള്ള പ്രത്യേക ക്യാമറ ഫീച്ചറുകളും എസ് 4 ലുണ്ട്. എഫ് എം റേഡിയോ ഇല്ല.

അഞ്ചിഞ്ച് ഫുള്‍ എച്ച് ഡി (1080 X 1920) സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെയാണ് എസ് 4 ന്റേത്. 2600 എംഎഎച്ച് ബാറ്ററി ഊര്‍ജം പകരുന്ന എസ് 4 ന്റെ ഭാരം വെറും 130 ഗ്രാം മാത്രം.

ലോകമാകെ വലിയ ഡിമാന്റുള്ള ഫോണാണ് എസ് 4. അതിനാല്‍ തുടക്കത്തില്‍ ഇന്ത്യയില്‍ ഇതിന്റെ ലഭ്യത കുറവായിരിക്കും. വരും ആഴ്ചകളില്‍ ആ പ്രശ്‌നം പരിഹിക്കാന്‍ കഴിയുമെന്ന് കരുതുന്നതായി സാംസങ് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.