തിരുവനന്തപുരം: മണക്കാട് വിവാദപ്രസംഗത്തിലെ ദൃശ്യങ്ങളും ശബ്ദവും സി പി എം നേതാവ് എം എം മണിയുടേത് തന്നെയെന്നാണ് പരിശോധനാ റിപ്പോര്‍ട്ട്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ ക്രമക്കേടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് കണ്ടെത്തിയത്. മണക്കാട് പ്രസംഗം തന്റേതല്ലെന്ന എം.എം മണിയുടെയും സി.പി.എമ്മിന്റെയും വാദത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് പരിശോധനാ ഫലം. ഇതോടെ മണിക്കെതിരെ ഏറ്റവും ശക്തവും ആധികാരികവുമായ തെളിവാ ണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
പ്രസംഗ ദൃശ്യങ്ങളില്‍ മണിയുടെ ശബ്ദവും ചുണ്ടുകളുടെ ചലനവും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടുള്ള ലിപ്‌സ് മൂവ്‌മെന്റ് ടെസ്റ്റിലൂടെയാണ് ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് സ്ഥിരീകരിച്ചത്. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായി. പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത പ്രാദേശിക ചാനല്‍ അധികൃതര്‍ നല്‍കിയ വീഡിയോ സി.ഡി പരിശോധിച്ചശേഷമാണ് ഫൊറന്‍സിക് അധികൃതര്‍ ഈ നിഗമനത്തിലെത്തിയത്. ഫൊറന്‍സിക് റിപ്പോര്‍ട്ട് വന്നതോടെ മണിക്കെതിരായ കുറ്റപത്രം തൊടുപുഴ കോടതിയില്‍ അന്വേഷണസംഘം ഉടന്‍ സമര്‍പ്പിക്കും.
പൊലീസിനെ ഭീഷണിപ്പെടുത്തല്‍, കൊലപാതകത്തിന് കൂട്ടുനില്‍ക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയുള്ള കുറ്റപത്രമാണ് സമര്‍പ്പിക്കുക. ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മണിക്കെതിരെയുള്ള നിയമ നടപടികള്‍ വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന് കഴിയും. 2012 മെയ് 25നാണ് മണി ഇടുക്കിയിലെ അടിമാലിയില്‍ വിവാദ പ്രസംഗം നടത്തിയത്. രാഷ്ട്രീയ പ്രതിയോഗികളെ തങ്ങള്‍ വെട്ടിയും കുത്തിയും വെടിവെച്ചും കൊലപ്പെടുത്തിയെന്നായിരുന്നു മണി പ്രസംഗിച്ചത്. വണ്‍, ടൂ, ത്രീ എന്ന് പട്ടിക തയാറാക്കി കൊലപ്പെടുത്തിയെന്നും കൊല്ലേണ്ടി വന്നാല്‍ ഇനിയും കൊല്ലുമെന്നുമായിരുന്നു മണിയുടെ ഭീഷണി.
പ്രസംഗത്തെത്തുടര്‍ന്ന്അഞ്ചേരി ബേബി, മുട്ടുകാട് നാണപ്പന്‍, മുള്ളംകുഴി മത്തായി, ബാലു തുടങ്ങിയവരുടെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന് കാട്ടി പൊലീസ് കേസെടുക്കുകയും ചെയ്തു. നാലു കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ അഞ്ചേരി ബേബി വധക്കേസില്‍ മാത്രമാണ് മണിയെ അറസ്റ്റ് ചെയ്തത്. ബാക്കി കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ മണിക്ക് കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇടുക്കിയില്‍ പ്രവേശിക്കരുതെന്നത് ഉള്‍പെടെയുള്ള വ്യവസ്ഥകള്‍ പ്രകാരമാണ് ജാമ്യം.
Keywords: M.M. Mani, Kerala politics, controversial speech, Chandrasekharan murder case, CPI(M)


No comments:
Post a Comment