Latest News

വിസ തട്ടിപ്പ്: സൗദിയില്‍ 100 മലയാളികള്‍കുടുങ്ങി

തിരുവനന്തപുരം: വ്യാജവിസയില്‍ കുടുങ്ങി സൗദി അറേബ്യയില്‍ കഴിയുന്ന 100 മലയാളികളടക്കം 200 ഇന്ത്യക്കാരെ രക്ഷിക്കണമെന്ന് പ്രവാസികാര്യ സമിതി (എച്ച്.എം.എസ്) വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

വന്‍ തുക നല്‍കി വിസ വാങ്ങി ഒരുവര്‍ഷം മുമ്പ് സൗദിയിലെത്തിയ ഇവര്‍ നിയമാനുസൃത രേഖകളും തൊഴിലും താമസിക്കാന്‍ ഇടവുമില്ലാതെ ദുരിതത്തിലാണ്. 700 പാകിസ്താനികള്‍ ഉള്‍പ്പെടെ 1800 ഓളം പേരാണ് റിയാദ് ആസ്ഥാനമായ മാപ്പ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ട്രേഡ് കമ്പനി എന്ന തുര്‍ക്കി മാനേജ്മെന്‍റിന് കീഴിലെ സ്ഥാപനത്തിന്‍െറ വിസയില്‍ എത്തി പെരുവഴിയിലായത്.

തങ്ങളെ സ്പോണ്‍സര്‍ഷിപ് മാറാന്‍ അനുവദിക്കുകയോ നാട്ടിലെത്താന്‍ സഹായിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് കമ്പനിയെ സമീപിച്ചെങ്കിലും കൈമലര്‍ത്തി. ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ്. റിയാദ് ഗവര്‍ണര്‍, ഇന്ത്യന്‍ പ്രവാസികാര്യമന്ത്രി, വിദേശകാര്യമന്ത്രി, സഹമന്ത്രി, മുഖ്യമന്ത്രി, നോര്‍ക്ക എന്നിവിടങ്ങളിലും പരാതിനല്‍കിയിട്ടുണ്ട്.
തങ്ങളുടെ പേരില്‍ വ്യാജ റിക്രൂട്ട്മെന്‍റ് നടന്നതായി കമ്പനി അധികൃതര്‍ മനസ്സിലാക്കി നടപടി തുടങ്ങിയിട്ടുണ്ട്. 1800 പേര്‍ തട്ടിപ്പിനിരയായി. ഇതില്‍ 700 ഓളം പേര്‍ പാകിസ്താനികളാണ്. റിയാദില്‍ ജോലി ചെയ്തിരുന്ന മലയാളികളായ രണ്ട് ഏജന്‍റുമാര്‍ മുഖേന മലയാളികള്‍ക്ക് പരിചിതമായ മൂന്ന് റിക്രൂട്ടിങ് ഏജന്‍സികള്‍ വഴിയാണ് രണ്ടേകാല്‍ ലക്ഷം രൂപ വീതം വാങ്ങി മലയാളികള്‍ക്ക് വിസ വില്‍പന നടത്തിയത്.

നിര്‍മാണ മേഖലയിലെ റിയാദിലെ പ്രശസ്ത കമ്പനിയാണ് മാപ്പ. 200 വിസക്ക് വേണ്ടിയാണ് കമ്പനി തൊഴില്‍ മന്ത്രാലയത്തില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ രേഖകളില്‍ കൃത്രിമം കാട്ടി 2000 വിസയാക്കി മാറ്റിയ കമ്പനിയിലെ മാനവവിഭവശേഷി വിഭാഗത്തിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ ഓണ്‍ലൈനിലൂടെ 1800 വിസകള്‍ വ്യാജമായി കൈവശപ്പെടുത്തുകയായിരുന്നു. ഇത് തങ്ങളുടെ അറിവോടെ അല്ലായിരുന്നുവെന്നാണ് കമ്പനിയുടെ വാദം. തൊഴിലാളികള്‍ക്ക് നിയമവിരുദ്ധമായി വിസ നല്‍കിയ കമ്പനിയിലെ മാനവവിഭവശേഷി വിഭാഗം മാനേജര്‍ സഫ്വാനും സഹായികളും ജയിലിലാണ്. പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ 1800 പേരുടെയും നിയമപരമായ നടപടികള്‍ മരവിപ്പിച്ചിരിക്കുകയാണ്.

പാകിസ്താന്‍ പൗരന്മാര്‍ക്ക് സ്പോണ്‍സര്‍ഷിപ് മാറാനുള്ള അനുമതി എംബസി സമ്പാദിച്ചതായാണ് അറിവ്. ഇത് മാതൃകയാക്കി ഇന്ത്യാ ഗവണ്‍മെന്‍റും നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ എച്ച്.എം.എസ് പ്രവാസികാര്യ സഹായ സമിതി സംസ്ഥാന പ്രസിഡന്‍റ് മലയിന്‍കീഴ് ശശികുമാര്‍, ജനറല്‍ സെക്രട്ടറി എസ്. മനോഹരന്‍, കല്ലാര്‍ ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.