Latest News

യുവാവിനെ കാറിലെത്തിയ സംഘം തലയ്ക്കടിച്ച് കൊലപ്പെടുത്തി

ആലുവ: ഫോണില്‍ വിളിച്ചുവരുത്തി യുവാവിനെ അജ്ഞാതസംഘം ആക്രമിച്ച് കൊന്നു. ആലുവ പട്ടേരിപ്പുറം വള്ളൂരത്തോട് വീട്ടില്‍ ഹണി (32) യാണ് കൊല്ലപ്പെട്ടത്. ആലുവ നേതാജി റോഡില്‍ എടയപ്പുറം ഭാഗത്തുവെച്ച് ഗ്യാസ് ഗോഡൗണിലേയ്ക്കുള്ള റോഡിന് സമീപത്ത് വെള്ളിയാഴ്ച രാവിലെ ഏഴരയ്ക്ക് റൂറല്‍ ജില്ലാ ആസ്ഥാനമായ എസ്.പി. ഓഫീസിനു തൊട്ടരികില്‍ തന്നെയായിരുന്നു സംഭവം.

ബൈക്കില്‍ അവിടെയെത്തിയ ഹണിയെ ഇന്നോവ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം കാറിലുണ്ടായിരുന്നവര്‍ ഇറങ്ങി വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് സംശയിക്കുന്നു. ഹോക്കി സ്റ്റിക്ക്, ക്രിക്കറ്റ് ബാറ്റ്, സ്റ്റംപ് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഹണിയെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തില്‍ വീണുപോയ ഹണി പിന്നീട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, പിന്നാലെയെത്തിയ സംഘം അയാളെ വലിച്ചിഴച്ച് വെട്ടുകയും കുത്തുകയും ചെയ്യുകയായിരുന്നു. റോഡില്‍ പലയിടത്തായി രക്തം വാര്‍ന്നുകിടക്കുന്നുണ്ട്.

ആള്‍ത്താമസവും സഞ്ചാരവും അധികമില്ലാത്ത സ്ഥലത്ത് വെച്ചായിരുന്നു ആക്രമണം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹണിയെ അതുവഴി വ്യായാമത്തിനു വന്നവര്‍ കാണുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ അറിയിച്ചു. പോലീസെത്തി. കുന്നത്തേരിയിലെ വര്‍ക്‌ഷോപ്പിലെ വെല്‍ഡിങ് തൊഴിലാളിയായ ഇയാളെ രാവിലെ ആരോ വിളിച്ചതിനെ തുടര്‍ന്നാണ് വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയത്. രാവിലെ ഏഴുമണി വരെ എസ്.എന്‍. പുരം കവലയില്‍ ഉണ്ടായിരുന്ന ഹണി ഫോണില്‍ വീണ്ടും കോള്‍ വന്നതോടെ ബൈക്കുമെടുത്ത് പോവുകയായിരുന്നു. കൊലപ്പെടുത്തിയ സംഘം തന്നെയായിരിക്കാം ഇയാളെ വിളിച്ചുവരുത്തിയതെന്ന് സംശയിക്കുന്നുണ്ട്.

അതേസമയം ഇന്നോവ കാറില്‍ വെച്ചുതന്നെ ഹണിയെ മര്‍ദിച്ച് അവശനാക്കിയ ശേഷം എടയപ്പുറത്ത് കൊണ്ടുവന്ന് തള്ളുകയായിരുന്നുവെന്നും അഭ്യൂഹമുണ്ട്. കോതമംഗലം രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാര്‍ കാലടി സ്വദേശിയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

രണ്ടുവര്‍ഷം മുന്‍പ് വരെ ഗുണ്ട, അടിപിടി കേസുകളില്‍ ഹണി ഉള്‍പ്പെട്ടിരുന്നു. ഇതായിരിക്കാം ആക്രമണത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് പെട്രോള്‍ പമ്പില്‍ നിന്ന് പൈസ കവര്‍ന്ന ഒരു കേസും ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു. റൂറല്‍ എസ്.പി. സതീഷ് ബിനോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു. ജില്ലാ ആസ്പത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ ഗുണ്ടാ സംഘങ്ങളില്‍പ്പെട്ട ചിലരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കിയതായി സി.ഐ. എം. ജോര്‍ജ് ജോസഫ് അറിയിച്ചു. പരേതനായ മോഹനനാണ് ഹണിയുടെ അച്ഛന്‍. അമ്മ ഓമന, സഹോദരി ഹിമ.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.