അബൂദബി: തുറന്ന സ്ഥലങ്ങളില്‍ വെയിലുകൊണ്ട് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള നിര്‍ബന്ധിത ഉച്ച ഇടവേള ജൂണ്‍ 15 മുതല്‍ നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. കനത്ത ചൂട് അനുഭവപ്പെടുന്ന മൂന്ന് മാസങ്ങളില്‍ ഉച്ചക്ക് ഇതുമൂലം രണ്ടര മണിക്കൂര്‍ വിശ്രമം ലഭിക്കുന്നത് ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമാകും.
സെപ്റ്റംബര്‍ 15 വരെയാണ് തൊഴിലാളികള്‍ക്ക് ഉച്ച ഇടവേള അനുവദിക്കുന്നതെന്ന് തൊഴില്‍ മന്ത്രി സഖ്ര്‍ ഗൊബാഷ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഉച്ചക്ക് 12.30 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് വിശ്രമ സമയം.
ഉത്തരവനുസരിച്ച് ഇക്കാലയളവില്‍ ഈ സമയത്ത് തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യിക്കുന്നത് നിയമവിരുദ്ധമാണ്. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ മന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കും. നിയമലംഘനം നടത്തുന്നത് ആദ്യ തവണയാണെങ്കില്‍ 15,000 ദിര്‍ഹമാണ് പിഴ. ഇതിനു പുറമെ 70 ബ്ളാക്ക് പോയന്‍റുമുണ്ടാകും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ സംഖ്യ വര്‍ധിപ്പിക്കും. സ്ഥാപനത്തെ നിലവിലെ ക്ളാസില്‍നിന്ന് തരംതാഴ്ത്തുന്ന നടപടിയുമുണ്ടാകും.
രാവിലത്തെയും രാത്രിയിലെയും ഷിഫ്റ്റ് എട്ടു മണിക്കൂറില്‍ കൂടാന്‍ പാടില്ല. കൂടുതല്‍ സമയം ഒരു ദിവസം ജോലി ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധമായി ഓവര്‍ ടൈം അലവന്‍സ് നല്‍കണം. സാങ്കേതികത കാരണങ്ങളാല്‍ മുടക്കാന്‍ കഴിയാത്ത ജോലികള്‍ക്ക് ഉച്ച ഇടവേള ബാധകമല്ല. എന്നാല്‍, ഇത്തരം സാഹചര്യത്തില്‍ തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയും സുരക്ഷയും ഉറപ്പ് വരുത്തുന്ന സംവിധാനങ്ങള്‍ തൊഴിലുടമ ഏര്‍പ്പെടുത്തിയിരിക്കണം.
പ്രാഥമിക ശുശ്രൂഷയും തണുത്ത വെള്ളവുമടക്കം തൊഴിലാളികള്‍ക്ക് ജോലിസ്ഥലത്ത് അപകടം സംഭവിക്കുന്നത് തടയാന്‍ ശക്തമായ മുന്‍കരുതലും സുരക്ഷാ സംവിധാനങ്ങളും ഒരുക്കണം. നേരിട്ട് വെയില് കൊള്ളാതെ ജോലി ചെയ്യാനുള്ള പരമാവധി സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തേണ്ടത്. കുടകള്‍ സ്ഥാപിക്കുക, ശീതീകരണ സംവിധാനം തുടങ്ങിയവ ഇതില്‍പ്പെടുന്നു. എന്തൊക്കെ ക്രമീകരണങ്ങളാണ് നടപ്പാക്കേണ്ടതെന്ന പട്ടിക മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കും.
നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയം തൊഴില്‍ സ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കും. തുടര്‍ച്ചയായി ഒമ്പതാം വര്‍ഷമാണ് യു.എ.ഇയില്‍ മധ്യാഹ്ന ജോലി നിരോധം നടപ്പാക്കുന്നത്. 2009 വരെ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് നടപ്പാക്കിയിരുന്നത്. എന്നാല്‍, ജൂണ്‍ പകുതിയോടെ തന്നെ ചൂട് ഗണ്യമായി വര്‍ധിക്കാന്‍ തുടങ്ങിയതോടെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ കടുത്ത പ്രയാസം അനുഭവിക്കുന്നതായി മനസ്സിലായതിനെ തുടര്‍ന്ന് 2010ല്‍ ജൂണ്‍ 15 മുതല്‍ ഉച്ച ഇടവേള നടപ്പാക്കി.
ഇത്തവണ മേയ് പകുതി മുതല്‍ താപനില ഉയര്‍ന്നു തുടങ്ങി. ഈ സാഹചര്യത്തില്‍, കൊടും ചൂടില്‍ അകവും പുറവും വെന്തുരുകുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് മന്ത്രാലയത്തിന്‍െറ തീരുമാനം അങ്ങേയറ്റം ആശ്വാസമേകുന്നു.
കൊടും ചൂട് സഹിച്ച് ഉച്ച സമയത്ത് ജോലി ചെയ്യുന്നത് അങ്ങേയറ്റം പ്രയാസകരമാണ്. നിര്‍മാണ മേഖലയിലെ ജോലിയുടെ കാഠിന്യവും കൂടിയാകുമ്പോള്‍ തൊഴിലാളികള്‍ തളര്‍ന്നുപോകും. തുടര്‍ച്ചയായി വെയിലുകൊണ്ടാല്‍ ശരീരത്തിലെ ജലാംശം ചോര്‍ന്നുപോകുന്നതിന് പുറമെ, സൂര്യാഘാതമേല്‍ക്കാനും സാധ്യതയുണ്ട്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനാണ് താപനില വളരെ ഉയര്‍ന്നുനില്‍ക്കുന്ന ഉച്ച സമയത്ത് ജോലിയില്‍ ഇളവ് അനുവദിക്കുന്നത്.
തൊഴിലാളികള്‍ക്ക് ഉച്ച ഇടവേള ബാധകമായ എല്ലാ സ്ഥാപനങ്ങളിലും ഓരോ ദിവസത്തെയും ജോലി ക്രമീകരണങ്ങളെ കുറിച്ച നോട്ടീസ് പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇത് അറബിക്ക് പുറമെ അവിടെയുള്ള എല്ലാ തൊഴിലാളികള്‍ക്കും മനസിലാകുന്ന വിവിധ ഭാഷകളിലും വേണം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment