Latest News

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്‌

ബാംഗളൂര്‍: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ലീഡ് നില 100 കടന്നു. 113 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 224 സീറ്റുകളുള്ള നിയമസഭയില്‍ ഒരു മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

അവസാനത്തെ നിലയനുസരിച്ച് കോണ്‍ഗ്രസിന് തനിച്ച് മന്ത്രിസഭയുണ്ടാക്കാനുള്ള ഭൂരിപക്ഷം കിട്ടിയേക്കുമെന്നാണ് സൂചന. രണ്ടാം സ്ഥാനത്തിനായി ബിജെപിയും ജനതാദള്‍ എസും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ഭരണകക്ഷിയായ ബിജെപിയും എച്ച്.ഡി. ദേവഗൗഡയും മകന്‍ കുമാരസ്വാമിയും നേതൃത്വം നല്‍കുന്ന ജനതാദള്‍ -എസും രണ്ടാം സ്ഥാനത്തേക്ക് ഒപ്പത്തിനൊപ്പമാണ്. ഇരുകക്ഷികളും 40 ന് അടുത്ത സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ബിജെപി വിട്ട മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയുടെ കര്‍ണാടക ജനതാ പാര്‍ട്ടി (കെജെപി)ക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. 11 മണ്ഡലങ്ങളില്‍ പാര്‍ട്ടി ലീഡ് ചെയ്യുന്നുണ്ട്. ബിഎസ്ആര്‍ കോണ്‍ഗ്രസ് അടക്കം മറ്റുള്ള എല്ലാവരും ചേര്‍ന്ന് 17 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ തന്നെ വ്യക്തമായ ആധിപത്യം നേടിയ കോണ്‍ഗ്രസ് അത് നിലനിര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഒരിക്കല്‍ പോലും ബിജെപിക്ക് മുന്നിട്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബിജെപിക്ക് മുന്‍തൂക്കമുള്ള തീരമേഖലയില്‍ പോലും കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുകയാണ്. ബാംഗളൂര്‍ അര്‍ബന്‍, റൂറല്‍ മേഖലകളില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മിലാണ് മത്സരം നടക്കുന്നത്. ഇവിടെ ബിജെപിക്ക് ചുവടുറപ്പിക്കാന്‍ പോലുമായിട്ടില്ല.

അതേസമയം ജനതാദള്‍- എസ് അത്ഭുതപ്പെടുത്തുന്ന മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. കാര്‍ഷിക മേഖലയായ ദക്ഷിണ കര്‍ണാടകയിലാണ് പാര്‍ട്ടി കൂടുതല്‍ നേട്ടമുണ്ടാക്കിയത്. പ്രമുഖര്‍ ആരും തോല്‍വി ഭീഷണി നേരിടുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഹൂബ്ലി ധര്‍വാദ് സെന്‍ട്രലില്‍ നിന്ന് മത്സരിക്കുന്ന മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, ജനതാദള്‍ എസ് നേതാവ് കുമാരസ്വാമി, കര്‍ണാടക ജനതാപാര്‍ട്ടി നേതാവ് ബി.എസ് യെദിയൂരപ്പ എന്നിവര്‍ മുന്നിട്ടുനില്‍ക്കുകയാണ്.

ശാന്തിനഗര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന മലയാളി സ്ഥാനാര്‍ഥി എന്‍എ ഹാരീസ് മുന്നിട്ടു നില്‍ക്കുകയാണ്. ഭദ്രാവതി മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ മലയാളി സ്ഥാനാര്‍ഥി സി.എം.ഇബ്രാഹിം പിന്നിട്ട് നില്‍ക്കുകയാണ്. അതേസമയം കൊരട്ടഗരെയില്‍ നിന്ന് മത്സരിക്കുന്ന കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി പരമേശ്വരം പിന്നിട്ടുനില്‍ക്കുകയാണ്. 224 അംഗ നിയമസഭയില്‍ പെരിയാപട്ടണം മണ്ഡലം ഒഴികെ 223 മണ്ഡലങ്ങളിലേക്കു ഞായറാഴ്ചയാണു വോട്ടെടുപ്പു നടന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.