Latest News

ഉജംപാടി കോളനിയില്‍ സാന്ത്വന സ്പര്‍ശവുമായി ജില്ലാകളക്ടര്‍


കാസര്‍കോട്: കോളനിവാസികളുടെ പതിറ്റാണ്ടുകള്‍ നീണ്ട പരിദേവനങ്ങള്‍ക്ക് പരിഹാരവുമായി ജില്ലാകളക്ടര്‍ പി.എസ്.മുഹമ്മദ്‌സഗീര്‍ ദേലംപാടി പഞ്ചായത്തിലെ ഉജംപാടി പട്ടികജാതി കോളനിയിലെത്തി.

പട്ടികജാതി, പട്ടികവര്‍ഗ്ഗ കോളനികളില്‍ നടത്തുന്ന അദാലത്തിന് തുടക്കം കുറിച്ചായിരുന്നു ജില്ലാകളക്ടറും ജില്ലാതല ഉദ്യോഗസ്ഥരും ഉജംപാടിയിലെത്തിയത്. ഉജംപാടി എംജിഎല്‍സിയില്‍ നടന്ന അദാലത്തിനായി കൊട്ടും കുരവയുമില്ലാതെ കടന്നുവന്ന ജില്ലാകളക്ടറും ഉദ്യോഗസ്ഥരും പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചു.
“ഞാങ്ങക്ക് കെടക്കാന്‍ ജാഗയില്ല, ബീടില്ല, കരണ്ടില്ല, കുടിക്കാന്‍ ബെളളം ഇല്ല, റേഷന്‍ കാര്‍ഡില്ല, പെന്‍ശനില്ല “കോളനിവാസികള്‍ കളക്ടര്‍ക്ക് മുന്നില്‍ ആവശ്യങ്ങള്‍ നിരത്തി. ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് കളക്ടര്‍ പരിഹാര നടപടികള്‍ക്ക് ഉത്തരവ് നല്‍കി. 

ശനിയാഴ്ചയ്ക്കകം എപിഎല്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കി നല്‍കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പട്ടികജാതി കോളനികള്‍ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തണമെന്ന് ജില്ലാ പട്ടികജാതി ഓഫീസറോട് നിര്‍ദ്ദേശിച്ചു. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടയം നല്‍കാനും കളക്ടര്‍ ഉത്തരവിട്ടു. കളക്ടറേറ്റിലും മറ്റ് ഓഫീസുകളിലും പരാതികളുമായി വരാനറിയാത്ത സാധാരണക്കാര്‍ക്ക് വേണ്ടിയാണ് കോളനി സന്ദര്‍ശിക്കുന്നതെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു.
അദാലത്തില്‍ ലഭിക്കുന്ന പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനുളള നടപടികള്‍ ത്വരിതപ്പെടുത്താന്‍ എല്ലാ മാസവും റിവ്യൂ മീറ്റിംഗ് ചേരുമെന്ന് എ ഡി എം എച്ച്. ദിനേശന്‍ അറിയിച്ചു. ഉജംപാടി കോളനി സന്ദര്‍ശിച്ച കളക്ടര്‍, ഇവിടുത്തെ കുട്ടികളെല്ലാവരും സ്‌ക്കൂളില്‍ പോകുന്നുണ്ടെന്നും ഉറപ്പു വരുത്തണമെന്നും നിര്‍ദ്ദേശിച്ചു. കോളനിയില്‍ മദ്യവും ലഹരി വസ്ത്തുക്കളും തടയാന്‍ നടപടിയെടുക്കുമെന്ന് കളക്ടറോടൊപ്പം ഉണ്ടായിരുന്ന എക്‌സൈസ് അസി.കമ്മീഷണര്‍ അറിയിച്ചു.

എഡിഎം എച്ച.ദിനേശന്‍, ദേലംപാടി പഞ്ചായത്ത് പ്രസിഡണ്ട് എം.ഗീത,വൈസ് പ്രസിഡണ്ട് ചന്ദ്രശേഖരന്‍, ജില്ലാപഞ്ചായത്തംഗം എം.തിമ്മയ്യ, പഞ്ചായത്ത്‌വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അവ്വമ്മ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഗോവിന്ദന്‍, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ എം.സി.വിമല്‍രാജ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.കെ.കിഷോര്‍, എക്‌സൈസ് അസി.കമ്മീഷണര്‍ വി.കെ.രാധാകൃഷ്ണന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ വി.മോഹനന്‍, കാസര്‍കോട് തഹസില്‍ദാര്‍ കെ.ശിവകുമാര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.