Latest News

ബേക്കല്‍ വിനോദ സഞ്ചാരികളുടെ പറുദീസയാകും


കാസര്‍കോട്: വിനോദ സഞ്ചാരികളുടെ പറുദീസയാകാന്‍ ബേക്കല്‍ ടൂറിസം കേന്ദ്രം ഒരുങ്ങുന്നു. പ്രകൃതിരമണീയതയും മനോഹരകാഴ്ചകളും ടൂറിസ്റ്റുകള്‍ക്ക് ഒരുക്കുന്നതിന് ബേക്കല്‍ അണിഞ്ഞൊരുങ്ങുന്നു. റിസോര്‍ട്ട് സെന്ററുകളും എയര്‍സ്ട്രിപ്പും, ബീച്ച് ക്യാമ്പും, കോട്ടേജുകളും സാഹസിക ടൂറിസം, കള്‍ച്ചറല്‍ സെന്ററും, ബേക്കല്‍ പോര്‍ട്ട് ടൂറിസ്റ്റ് റെയില്‍വേസ്റ്റേഷന്‍ ഡീപ്ലെയ്ന്‍ പ്രോജക്ട് തുടങ്ങിയ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നതോടെ വിദേശീ-സ്വദേശീ ടൂറിസ്റ്റുകളുടെ ഏറ്റവും പ്രിയപ്പെട്ട കേന്ദ്രമായി ബേക്കല്‍ മാറും.

ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ എന്ന കമ്പനി ബേക്കല്‍ ടൂറിസം കേന്ദ്രത്തിനുളള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി വരുന്നു. ബേക്കല്‍ റിസോര്‍ട്ടിന്റെ സമഗ്ര വികസനത്തിനു ഉതകുന്ന 30 കോടി രൂപയുടെ പ്രോജക്ട് ബിആര്‍ഡി സി സര്‍ക്കാറിനു സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ വികസന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ എട്ടു കോടി രൂപ ബിആര്‍ഡിസിക്ക് അനുവദിച്ചിരുന്നു.

ബേക്കല്‍ കടലോരം ഉള്‍പ്പെടുന്ന നാല് പഞ്ചായത്തുകളിലായി 236.17 ഏക്കര്‍ സ്ഥലം കമ്പനി ഏറ്റെടുത്തിട്ടുണ്ട്. ഇതില്‍ 205 ഓളം ഏക്കര്‍ റിസോര്‍ട്ടുകളുടെ നിര്‍മ്മാണത്തിനായി അനുയോജ്യമായ ആറ് റിസോര്‍ട്ട് സൈറ്റുകളായി തിരിച്ച് അടിസ്ഥാന സൗകര്യങ്ങളൊരുക്കി. ഇതില്‍ ആറ് സൈറ്റുകളും റിസോര്‍ട്ട് നിര്‍മ്മാണത്തിനായി ദീര്‍ഘകാല പാട്ട വ്യവസ്ഥയില്‍ കൈമാറി കഴിഞ്ഞു. രണ്ട് റിസോര്‍ട്ടുകള്‍ ലളിത് റിസോര്‍ട് & സ്പാ,താജ് വിവന്ത ബേക്കല്‍,ജോയ്‌സ് എന്റര്‍പ്രൈസസ്, എയര്‍ട്രാവല്‍ എന്റര്‍പ്രൈസസ്, ഗ്ലോബ് ലിങ്ക് ഹോട്ടല്‍സ് & എന്റര്‍ടേയ്ന്‍മെന്റ്‌സ്, ഹോളിഡേ ഗ്രൂപ്പ് എന്നിവര്‍ക്ക് നല്‍കിയ സ്ഥലത്ത് റിസോര്‍ട്ടുകളുടെ നിര്‍മ്മാണം പുരോഗമിച്ചുവരുന്നു. ഇതില്‍ എയര്‍ ട്രാവല്‍ എന്റര്‍പ്രൈസസ്, ഗ്ലോബ് ലിങ്ക് ഹോട്ടല്‍സ് & എന്റര്‍ടേയ്ന്‍മെന്റസ് എന്നിവ 2014 ഡിസംബറോടുകൂടി പ്രവര്‍ത്തനം ആരംഭിക്കും. ഖന്ന ഹോട്ടല്‍സ് മുംബൈക്കും ഭാരത് ഹോട്ടല്‍സ് ഡല്‍ഹിക്കും നല്‍കിയ സ്ഥലത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു.

ബേക്കലിന്റെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കായുളള ഇന്‍ഫാസ്ട്രക്ചര്‍ പ്ലാന്‍ തയ്യാറാക്കാനായി കോഴിക്കോട് ആസ്ഥാനമായിട്ടുളള സി-എര്‍ത്ത് എന്ന കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ബേക്കല്‍ പദ്ധതി പ്രദേശത്തെ റിസോര്‍ട്ടുകളിലേക്കും ബേക്കലിലേക്കും എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നൂതന യാത്ര സൗകര്യങ്ങളൊരുക്കുന്നതിന് എയര്‍സ്ട്രിപ്പ് സ്ഥാപിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ടെക്‌നോ ഇക്കണോമിക് ഫീസിബിലിറ്റി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.എയര്‍സ്ട്രിപ്പിനുളള റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചു.
ബേക്കല്‍ ഫോര്‍ട്ട് സ്റ്റേഷനെ ഒരു ടൂറിസംഅന്താരാഷ്ട്രനിലവാരത്തിലുളള ടൂറിസം റയില്‍വേ സ്‌റ്റേഷനായി വികസിപ്പിക്കുന്നതിനുളള 1170 ലക്ഷം രൂപയുടെ പദ്ധതി റയില്‍വേയ്ക്കും ടൂറിസം വകുപ്പിനും സമര്‍പ്പിച്ചിട്ടുണ്ട്. ഇത് കേരളത്തിന്റെ തന്നെ ആദ്യത്തെ സംരംഭമാണ്.
ബേക്കലിലെത്തുന്ന സഞ്ചാരികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ മംഗലാപുരം അന്താരാഷ്ട്രവിമാനത്താവളത്തില്‍ ടൂറിസം വകുപ്പ് മുഖേന ഒരു ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക് സ്ഥാപിച്ചിട്ടുണ്ട്.

ബേക്കല്‍ പദ്ധതിയോടനുബന്ധിച്ച് വലിയപറമ്പില്‍ വിനോദ സഞ്ചാരവികസനത്തില്‍ ഒരു നാഴിക കല്ലാവുന്ന പദ്ധതിയാണ് സീ പ്ലെയ്ന്‍. വെളളത്തിലും കരയിലും ഒരേ പോലെ ഇറങ്ങാന്‍ കഴിയുന്ന ഇത്തരം ചെറു വിമാനത്തിന്റെ സേവനത്തിന് ഏറെ അനുയോജ്യമെന്ന് കണ്ടെത്തിയ പ്രദേശമാണ് വലിയപറമ്പ് കായല്‍. പദ്ധതി വിനോദസഞ്ചാര മേഖലയില്‍ ഒരു കുതിച്ചു ചാട്ടത്തിന് നാന്ദി കുറിക്കും.

ബേക്കലിലെത്തുന്ന സഞ്ചാരികള്‍ക്ക് നാടിന്റെ സംസ്‌കാരം തൊട്ടറിയുന്നതിന് ഒരു കള്‍ച്ചറല്‍ സെന്റര്‍ തച്ചങ്ങാട് സ്ഥാപിക്കുന്നതിന് 4.43 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സെന്റര്‍ സ്ഥാപിക്കുന്നതിനായുളള സ്ഥലം വിനോദ സഞ്ചാര വകുപ്പിന് കൈമാറും.
സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ആകര്‍ഷണങ്ങളും ഉണ്ടാക്കേണ്ടതിന് ബീച്ച് പാര്‍ക്കിന്റെ നവീകരണത്തിനായുളള പദ്ധതി തയ്യാറായിട്ടുണ്ട്. സി ആര്‍ സെഡിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ബേക്കല്‍ സൗത്ത് ബീച്ച് പാര്‍ക്ക് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.

ബേക്കല്‍ ബീച്ച് പാര്‍ക്കിനടുത്ത് കെടിഡിസിക്ക് അനുവദിച്ച സ്ഥലത്ത് കഴിഞ്ഞ മൂന്നു വരഷമായി മുടങ്ങിക്കിടന്ന കോട്ടേജുകളുടെ പണി പുരോഗമിക്കുന്നു. പ്രസ്തുത പ്രോജക്ടില്‍ മലേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത മരങ്ങള്‍ കൊണ്ട് 20 കോട്ടേജുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. പൂര്‍ണ്ണമായും മരം കൊണ്ട് നിര്‍മ്മിക്കുന്ന ഈ കോട്ടേജുകളുടെ നിര്‍മ്മാണം ആഗസ്ത് മാസത്തോടു കൂടി പൂര്‍ത്തീകരിക്കും.

ബീച്ചിലെത്തുന്ന സഞ്ചാരികള്‍ക്കായി ആധുനിക രീതിയിലുളള ഒരു സ്‌നാക്‌സ് പാര്‍ലര്‍ സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചു. നിര്‍മ്മാണം ജൂണ്‍ മാസത്തോടുകൂടി ആരംഭിക്കും. ബേക്കല്‍ ബീച്ച് പാര്‍ക്കിലേക്ക് കൂടുതല്‍ യുവജനങ്ങളേയും സഞ്ചാരികളേയും ആകര്‍ഷിക്കുന്നതിനു സ്പീഡ് ബോട്ടിംഗ്, പാരാ ഗ്ലൈഡിംഗ് മുതലായ വിനോദ-സാഹസിക പരിപാടികള്‍ സംഘടിപ്പിക്കും.
ബേക്കല്‍ ക്വാട്ടയില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ, കോട്ടയില്‍ നിന്നും സംസ്ഥാന പാതയിലേക്കും സംസ്ഥാന പാതയില്‍ നിന്നും ബേക്കല്‍ ഫോര്‍ട്ട് ബീച്ചിലേക്കുളള റോഡുകള്‍ മോഡല്‍ റോഡുകളായി വിപുലീകരിക്കുന്നതിനും ബേക്കല്‍ ടൂറിസം ഇന്റര്‍പ്രട്ടേഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാറിനു സമര്‍പ്പിച്ചിട്ടുണ്ട്. നാഷണല്‍ അക്രഡ്റ്റഡ് ഏജന്‍സിയായ ഐഎല്‍ ആന്റ് എഫ് എസ് ആണ് പ്രോജക്ട് തയ്യാറാക്കിയത്.

മുടങ്ങിക്കിടന്ന ബേക്കല്‍ ശുദ്ധജലവിതരണ പദ്ധതിയുടെ അറ്റകുറ്റ പണികള്‍ക്കായി ടൂറിസം വകുപ്പ് ഒരു കോടി രൂപ അനുവദിച്ചിരുന്നു. അറ്റകുറ്റപണി പൂര്‍ത്തീകരിച്ചു വരുന്നു. ഇതോടെ ബേക്കല്‍ പദ്ധതി പ്രദേശത്തിന്റെ ഭാഗമായി വരുന്ന നാല് പഞ്ചായത്തുകളില്‍ ഏകദേശം 6000 കുടുംബങ്ങള്‍ക്ക് കുടിവെളളം വിതരണം ചെയ്യുവാന്‍ സാധിക്കും.

വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ബേക്കല്‍ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായുളള ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥിതി ചെയ്യുന്ന ബംഗാട് പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം യുദ്ധകാലാടിസ്ഥാനത്തില്‍ കുടിവെളളം എത്തിച്ചു.
റിസോര്‍ട്ടുടമകള്‍ നിരന്തരം ഉന്നയിച്ചു കൊണ്ടിരുന്ന വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി മൈലാട്ടി 220 കെ വി സബ് സ്റ്റേഷനില്‍ നിന്നും ഉദുമയിലേക്ക് പുതുതായി ഒരു 11 കെവി ഫീഡര്‍ ലൈന്‍ സ്ഥാപിക്കുന്നതിനായി 83 ലക്ഷം രൂപ ലഭ്യമാക്കിയിട്ടുണ്ട്. പ്രസ്തുത പണികള്‍ പുരോഗമിച്ചു വരുന്നു. ബേക്കല്‍ കോട്ടയ്ക്ക് അടുത്തുളള തണല്‍ വിശ്രമ കേന്ദ്രത്തില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി എച്ച് ടി ലൈന്‍ വലിച്ച് ഒരു ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിനു നടപടിയെടുക്കും.

ബേക്കല്‍ പ്രോജക്ട് ഏരിയയില്‍ ഉള്‍പ്പെടുന്ന പളളിക്കര പഞ്ചായത്തില്‍ 200 തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനായി പളളിക്കര പഞ്ചായത്തിലെ വെളുത്തോളിയില്‍ ഒരു സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിച്ചു. കണ്‍സള്‍ട്ടന്‍സി വര്‍ക്കായി എറ്റെടുത്ത ഉദുമ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പണി പൂര്‍ത്തീകരിച്ചു. കണ്ണൂര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിര്‍മ്മാണം ത്വരിതഗതിയില്‍ പുരോഗമിച്ചു വരുന്നു.

പെരിയയില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ അധീനതയിലുളള 20 ഏക്കര്‍ സ്ഥലത്ത് ബയോഗ്യാസ് പ്ലാന്റും അതോടനുബന്ധിച്ച് ഓര്‍ഗാനിക് ഫാം ടൂറിസവും വികസിപ്പിക്കുന്നതിനുളള പദ്ധതിയുടെ രൂപരേഖ സി-എര്‍ത്ത് തയ്യാറാക്കി വരുന്നു. ഇത് പൂര്‍ത്തിയാകുന്നതോടെ ഈ ജൈവമാലിന്യ സംസ്‌ക്കരണപദ്ധതി ജില്ലയ്ക്ക് തന്നെ മാതൃകയാകും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.