Latest News

സംസ്ഥാനത്ത് ഓരോ വര്‍ഷവും 35,000 കാന്‍സര്‍ രോഗികള്‍


കാസര്‍കോട്: സംസ്ഥാനത്ത് കാന്‍സര്‍ രോഗം ബാധിച്ചവരുടെ എണ്ണെ ആശങ്കാജനകമായി വര്‍ദ്ധിച്ചു വരുന്നതായി ആരോഗ്യ കരട് നയം രൂപീകരണം സംബന്ധിച്ച ജില്ലാതല സെമിനാറില്‍ വിഷയം അവതരിപ്പിച്ച എന്‍ ആര്‍ എച്ച് എം ജില്ലാ പ്രൊഗ്രാം മാനേജര്‍ ഡോ.മുഹമ്മദ് അഷീല്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് പുതുതായി ഓരോ വര്‍ഷവും 35,000 പേരാണ് കാന്‍സര്‍ രോഗികളായി രജിസ്റ്റര്‍ ചെയ്യുന്നത്. ഇവരില്‍ ഏറെ പേര്‍ക്കും പുകയില ഉപയോഗം മൂലമുളള കാന്‍സറല്ല ബാധിച്ചിട്ടുളളത്. ഹോര്‍മോണ്‍ സംബന്ധിച്ച കാന്‍സര്‍, തെറ്റായ ആഹാര രീതിയും പാരസ്ഥിതികമായ ദോഷം മൂലവും ഉണ്ടാവുന്ന കാന്‍സര്‍ രോഗമാണ് അധികം പേര്‍ക്കും ബാധിച്ചിട്ടുളളത്. ദേശീയതല കണക്കനുസരിച്ച് മൂന്നില്‍ രണ്ടുഭാഗം കാന്‍സര്‍ രോഗികളും ഈ വിഭാഗത്തില്‍പ്പെടുന്നവരാണ്. എന്നാല്‍ അഞ്ച് മെഡിക്കല്‍ കോളേജുകളടക്കം ഏഴു ജില്ലയില്‍ മാത്രമാണ് റേഡിയോ തെറാപ്പി സൗകര്യമുളളത്.
സംസ്ഥാനത്ത് 27 ശതമാനം പുരുഷന്‍മാരും, 19 ശതമാനം സ്ത്രീകളും പ്രമേഹ രോഗബാധിതരെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടാതെ നല്ലൊരു ശതമാനം പേരും രക്തസമ്മര്‍ദ്ദം ബാധിച്ചവരാണ്. സംസ്ഥാനത്ത് 40 ശതമാനത്തോളം പ്രസവവും നടക്കുന്നത് സിസേറിയന്‍ ഓപ്പറേഷന്‍ മുഖേനയാണ്. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ സിസേറിയന്‍ മുഖേന കുട്ടിക്ക് ജന്‍മം നല്‍കുന്നവരുടെ എണ്ണം വളരെ അധികമാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തിനു പുറമേ മാതാപിതാക്കളുടെ നിര്‍ബന്ധവും മറ്റ് സാമൂഹ്യ കാരണവുമാണ് സിസേറിയന്‍ ഓപ്പറേഷന്‍ വര്‍ദ്ധിക്കാന്‍ ഇടയായത്.
കാസര്‍കോട് ജില്ലയില്‍ 20 ശതമാനം പേരാണ് സിസേറിയനിലൂടെ പ്രസവിക്കുന്നതെന്നാണ് കണക്കാക്കിയിട്ടുളളത്. പ്രസവിച്ച സ്ത്രീകള്‍ മരിക്കുന്നത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. പ്രസവം ഒരു പ്രകൃതിദത്തമായ പ്രക്രിയ മാത്രമാണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ശിശുമരണം നടക്കുന്നത് ഇന്ത്യയിലാണെങ്കിലും കേരളത്തില്‍ അത് ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. സംസ്ഥാനത്ത് പെണ്‍കുഞ്ഞുങ്ങള്‍ കുറഞ്ഞു വരുന്ന കാര്യം ഗൗരവമായി കാണണം. അമിത ഭക്ഷണവും പോഷകാഹാര കുറവും കുട്ടികളില്‍ പല രോഗവും ബാധിക്കാനിടയാകുന്നു. ശിശു ആരോഗ്യവും, കൗമാരക്കാരുടെ ആരോഗ്യ പാലനവും ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്.
കേരളത്തില്‍ ആരോഗ്യമേഖലയിലുണ്ടായ വികസനം ജനങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 2015 ആകുന്നതോടെ ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ 60 വയസിനു മുകളിലുളളവരായിരിക്കും. എന്നാല്‍ ഈ സാഹചര്യത്തെ നേരിടാന്‍ കേരളം ഇതുവരെ വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ല. പ്രായാധിക്യം മൂലം ബുദ്ധിമുട്ടുന്നവര്‍ക്കാവശ്യമായ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. സംസ്ഥാനത്തെ ട്രൈബല്‍ മേഖലയിലെ ആരോഗ്യ പരിപാലനം വളരെ പരിതാപകരമാണ്. ഈ വിഭാഗങ്ങള്‍ക്ക് വേണ്ടത്ര ചികിത്സ ലഭ്യമാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.
സംസ്ഥാനം ഏറ്റവും അധികം നേരിടുന്ന ആരോഗ്യ പ്രശ്‌നം വാഹന അപകടങ്ങള്‍ മൂലമാണ്. കഴിഞ്ഞ ഒരു വര്‍ഷം സംസ്ഥാനത്ത് 45000 അപകടങ്ങളാണ് സംഭവിച്ചത്. അരലക്ഷം പേരാണ് അപകടങ്ങളില്‍പെട്ടത്. ഇതില്‍ 4511 പേര്‍ മരിച്ചു. നിരവധി പേര്‍ വികലാംഗരായി. ജീവഛവമായവരുടേയും കിടപ്പിലായവരുടേയും സംഖ്യയും നിരവധിയാണ്. അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കാന്‍ ട്രോമാ കെയര്‍ സൗകര്യമുളള ആശുപത്രികളുടെ എണ്ണം വര്‍ദ്ധിക്കേണ്ടതുണ്ട്. എമര്‍ജന്‍സി ആംബുലന്‍സ് 108ന്റെ സൗകര്യവും ഏര്‍പ്പെടുത്തണം. പകര്‍ച്ചവ്യാധികള്‍ക്കെതിരെയുളള ചികിത്സയും മറ്റു പുതിയ ചികിത്സാവിധികളെക്കുറിച്ചു ജില്ലയില്‍ ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന പദ്ധതി ആവശ്യമാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.