Latest News

ഭൂഗര്‍ഭ കേബിള്‍ പദ്ധതി : അടിയന്തിര യോഗം വിളിക്കും

കാസര്‍കോട്: ഭൂഗര്‍ഭ കേബിള്‍ പദ്ധതിയുമായി ബന്ധപ്പെട്ട ബി എസ് എന്‍ എല്‍ കെ എസ് ഇ ബി തുടങ്ങിയവയുടെ അടിയന്തിര യോഗം നടത്തുന്നതിന് ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ജില്ലാകളക്ടര്‍ പി.എസ്.മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, ബി എസ് എന്‍ എല്‍ എസ് എസ് എ ജനറല്‍ മാനേജര്‍ മറ്റു വകുപ്പുദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ജില്ലാകളക്ടര്‍ വിളിച്ചു ചേര്‍ക്കും. എ പി ഡി ആര്‍ പ്രൊജക്ടിന്റെ ഭാഗമായാണ് കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ ഭൂഗര്‍ഭ കേബിളിലൂടെ വൈദ്യുതി നല്‍കുന്നതിന് നടപടിയെടുത്തത്.

പദ്ധതിക്കായി 54 ലക്ഷം രൂപയാണ് കാസര്‍കോട് ചെലവഴിച്ചത്. എന്നാല്‍ ടെലിഗ്രാഫ് പ്രൊജക്ട് അനുസരിച്ച് നിയമപരമായ അനുമതികള്‍ നല്‍കുന്നതിന് ബിഎസ് എന്‍ എല്‍ തയ്യാറാക്കാത്തതിനാല്‍ 2006ല്‍ ആരംഭിച്ച പദ്ധതി ഇതുവരെ കെഎസ് ഇബി കമ്മീഷന്‍ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് അടിയന്തിര യോഗം വിളിക്കുന്നതിന് വികസന സമിതി യോഗം അംഗീകാരം നല്‍കിയത്.

കാസര്‍കോട് നഗരത്തിലേക്കും മറ്റു പഞ്ചായത്തുകളിലേക്കും ബാവിക്കരയില്‍ നിന്നും വിതരണം ചെയ്യുന്ന കുടിവെളളത്തിലുളള ഉപ്പിന്റെ അംശം ശരീരത്തിന് ഹാനികരമല്ലെന്ന് ജല അതോറിറ്റി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ഉപ്പിന്റെ അംശം ആയിരം മില്ലീ ഗ്രാം വരെ ഹാനികരമല്ലെന്നാണ് വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍ വിശദീകരിച്ചത്. ബാവിക്കര റെഗുലേറ്റര്‍ കം ബ്രിഡ്ജ് പൂര്‍ത്തിയാക്കാന്‍ ഇനിയും ഒരു വര്‍ഷം വേണ്ടി വരുമെന്ന് ചെറുകിട ജലസേചന വിഭാഗം ഉദ്യോഗസ്ഥര്‍അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ബിപിഎല്‍ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനുവേണ്ടി എന്‍ഡോസള്‍ഫാന്‍ സെല്‍, ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ ഓഫീസര്‍മാര്‍ മുഖേന അപേക്ഷകള്‍ സ്വീകരിച്ചു വരുന്നതായി എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. മേയ് 30നകം അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. വേനല്‍ മഴയില്‍ നാശനഷ്ടം ഉണ്ടായവര്‍ക്ക് ചാലാമാതൃകയില്‍ ദേശീയദുരന്തമായി കണക്കാക്കി നഷ്ട പരിഹാരം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.

11.39 കോടി രൂപയുടെ കൃഷി നാശമാണുണ്ടായത്. ഫണ്ട് ലഭിച്ചാലുടന്‍ വീട് പൂര്‍ണ്ണമായും നശിച്ചവര്‍ക്ക് ഒരു ലക്ഷം രൂപാ വീതവും വില്ലേജ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീട് ഭാഗികമായി നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരവും നല്‍കണമെന്ന് യോഗത്തില്‍ കളക്ടര്‍ അറിയിച്ചു. അനധികൃതമായി മണല്‍ കടത്തുന്നതിനിടെ പിടിച്ചെടുത്ത വാഹനങ്ങളില്‍ അവകാശികളില്ലാത്തവ ലേലം ചെയ്യും. ഉടമകളുളള വാഹനങ്ങളുടെ വില മൂല്യ നിര്‍ണ്ണയം നടത്തുന്നതിന് മുന്നോടിയായി ജൂണ്‍ അഞ്ചിന് ഹിയറിംഗ് നടത്തും. ഉടമകള്‍ ഇല്ലെങ്കില്‍ വാഹനം ലേലം ചെയ്യുന്നതിന് യോഗം അംഗീകാരം നല്‍കി.

പൊതുശൗചാലയങ്ങള്‍ ശുചിത്വമിഷന്റെ ഫണ്ടുപയോഗിച്ച് നിര്‍മ്മിക്കുമെങ്കിലും തുടര്‍ നടത്തിപ്പ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.തൃക്കരിപ്പൂര്‍-വലിയപറമ്പ് റോഡിലെ ട്രാന്‍സ്‌ഫോമര്‍ മാറ്റി സ്ഥാപിക്കുന്നതിന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ യോഗം ചുമതലപ്പെടുത്തി.

പെരിയാട്ടടുക്കത്ത് ടൗണ്‍ ടു ടൗണ്‍ ബസ് സര്‍വ്വീസുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. വെസ്റ്റ് എളേരി പഞ്ചായത്തിലെ അട്ടക്കാട് പട്ടികവര്‍ഗ കോളനിയില്‍ കുടിവെളളം എത്തിക്കുന്നതിന് എ ആര്‍ ഡബ്ല്യൂ എസ് എസ് ഫണ്ട് ഉപയോഗപ്പെടുത്തുന്നതിനും എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ യോഗം ചുമതലപ്പെടുത്തി.

കാര്യങ്കോട് പാലത്തിന് സമീപം ദേശീയ പാത വീതി കൂട്ടണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടില്‍ ഭരണ സാങ്കേതികാനുമതികള്‍ ലഭിച്ച പദ്ധതികള്‍ എല്ലാം ഈ വര്‍ഷം പൂര്‍ത്തീകരിക്കണമെന്ന് ജനപ്രതിനിധികള്‍ നിര്‍ദ്ദേശിച്ചു. കോടോംബേളൂര്‍ പഞ്ചായത്തിലെയും, ഈസ്റ്റ് എളേരി പഞ്ചായത്തിലെയും പട്ടികവര്‍ഗ്ഗ കോളനികളിലെ പ്രശ്‌നങ്ങള്‍ യോഗത്തില്‍ എംഎല്‍എ മാര്‍ അവതരിപ്പിച്ചു.

മധൂര്‍,ചെങ്കള,മൊഗ്രാല്‍ കുടിവെളള പദ്ധതി ഉടന്‍ കമ്മീഷന്‍ ചെയ്യാനാകുമെന്ന് യോഗം വിലയിരുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരെ സ്ഥലം മാറ്റുന്നതിന് പദ്ധതി പ്രവര്‍ത്തനങ്ങളെ ബാധിക്കുകയാണെന്നും പകരം ഉദ്യോഗസ്ഥന്‍ വന്നാല്‍ മാത്രമേ സ്ഥലമാറ്റം അനുവദിക്കാവൂ. ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ 64 ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. പ്രശ്‌നം ആരോഗ്യ അദാലത്തില്‍ അവതരിപ്പിക്കണമെന്നും നിര്‍ദ്ദശമുയര്‍ന്നു.

എംഎല്‍ എ മാരായ എന്‍.എ.നെല്ലിക്കുന്ന് കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍), കെ.കുഞ്ഞിരാമന്‍(ഉദുമ) ,ഇ.ചന്ദ്രശേഖരന്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌കെ.എസ്.കുര്യാക്കോസ്, എ ഡി എം എച്ച്.ദിനേശന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജയ ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.