Latest News

കര്‍ഷകപ്രസ്ഥാനത്തിന്റെ ശക്തി വിളിച്ചോതി കര്‍ഷക സംഘം ജില്ലാസമ്മേളനം സമാപിച്ചു


മുന്നാട്: മലയോര ഗ്രാമമായ ബേഡകം ഏരിയയിലെ കര്‍ഷകപ്രസ്ഥാനത്തിന്റെ ശക്തി വിളിച്ചോതി ആയിരങ്ങള്‍ അണിനിരന്ന റാലിയോടെ രണ്ടുദിവസമായി മുന്നാട് എം ഗോപാലന്‍ നഗറില്‍ നടന്ന കര്‍ഷക സംഘം ജില്ലാസമ്മേളനം സമാപിച്ചു. പകല്‍ മൂന്നോടെ സമ്മേളന പ്രതിനിധികളും കുറ്റിക്കോല്‍ പഞ്ചായത്തിലെയും പള്ളത്തിങ്കാല്‍ മേഖലയിലെയും പ്രവര്‍ത്തകരും മുന്നാട് മിനിസ്റ്റേഡിയം പരിസരം കേന്ദ്രീകരിച്ചും ബേഡഡുക്ക പഞ്ചായത്തിലെ പ്രവര്‍ത്തകര്‍ പേര്യ കേന്ദ്രീകരിച്ചും പൊതുപ്രകടനം ആരംഭിച്ചു.

ബാന്‍ഡ്മേളം, ശിങ്കാരിമേളം, മംഗലംകളി തുടങ്ങിയവ പ്രകടനത്തിന് കൊഴുപ്പേകി. ഗ്രാമങ്ങളില്‍നിന്ന് ചെറു പ്രകടനമായാണ് പ്രവര്‍ത്തകരെത്തിയത്. അധികാര വര്‍ഗത്തിന്റെ ഉദാരവല്‍ക്കരണ നയത്തിന്റെ ഫലമായി കാര്‍ഷികോല്‍പന്നങ്ങളുടെ വില അനുദിനം ഇടിയുമ്പോള്‍ കര്‍ഷകരുടെ കണ്ണീരകറ്റാന്‍ ചെറുത്തുനില്‍പിന്റെ നേരവകാശികളായി മുന്നോട്ടുവരുന്ന കേരള കര്‍ഷകസംഘമാണ് എന്നും തങ്ങള്‍ക്ക് തണലെന്ന തിരിച്ചറിവോടെയാണ് സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന റാലിയിലേക്ക് കര്‍ഷകര്‍ ഒഴുകിയെത്തിയത്.

ഇടതുപക്ഷത്തിന്റെ ശക്തിദുര്‍ഗമാണ് ബേഡകം ഏരിയയെന്ന് ഒരിക്കല്‍കൂടി തെളിയിക്കുന്നതായി പ്രകടനവും പൊതുസമ്മേളനവും. മുന്നാട് മിനി സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ എം രാമണ്ണറൈ നഗറില്‍ പൊതുസമ്മേളനം ആരംഭിക്കും മുമ്പേ കര്‍ഷകരെക്കൊണ്ട് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു.

സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം ജില്ലാപ്രസിഡന്റ് പി ജനാര്‍ദനന്‍ അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എം ജോസഫ്, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ നാരായണന്‍, എം വി കോമന്‍നമ്പ്യാര്‍, പി രാഘവന്‍ എന്നിവര്‍ സംസാരിച്ചു. സി എച്ച് കുഞ്ഞമ്പു സ്വാഗതം പറഞ്ഞു. തിരുവനന്തപുരം മലയാള നാടകവേദിയുടെ നാടകവും കെ പി ആര്‍ പണിക്കര്‍ വിപ്ലവ ഗാന ഗായകസംഘത്തിന്റെ ഗാനമേളയും അരങ്ങേറി.

ലേഖന മത്സര വിജയികള്‍ക്ക് കോടിയേരി സമ്മാനം നല്‍കി. വെള്ളിയാഴ്ച പൊതുചര്‍ച്ചക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ ഭാസ്കരന്‍, ജോയിന്റ് സെക്രട്ടറി കെ എം ജോസഫ്, എം വി കോമന്‍ നമ്പ്യാര്‍ എന്നിവര്‍ മറുപടി പറഞ്ഞു. എം വി ഗംഗാധര വാര്യര്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ നാരായണന്‍, കെഎസ്കെടിയു ജില്ലാസെക്രട്ടറി വി കെ രാജന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാസെക്രട്ടറി ഇ പത്മാവതി, ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി കെ മണികണ്ഠന്‍, എസ്എഫ്ഐ ജില്ലാസെക്രട്ടറി ഷാലു മാത്യു, സി എച്ച് കുഞ്ഞമ്പു, പി ജനാര്‍ദനന്‍, വി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ കെ പി രാമചന്ദ്രന്‍ നന്ദി പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.