Latest News

BBA വിദ്യാര്‍ത്ഥിയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത എംബിബിഎസ് വിദ്യാര്‍ത്ഥി പിടിയില്‍

കാസര്‍കോട്: ബിബിഎ വിദ്യാര്‍ത്ഥിയുടെ വിലാസം നല്‍കി ബാങ്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കുകയും, ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന വെബ്‌സൈറ്റ് വഴി ഈ അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ വരുത്തി തട്ടിയെടുക്കുകയും ചെയ്ത എംബിബിഎസ് വിദ്യാര്‍ത്ഥി പോലീസ് പിടിയില്‍. 

സിനിമാ കഥയെ പോലും വെല്ലുന്ന രീതിയില്‍ തട്ടിപ്പ് നടത്തിയ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കാസര്‍കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി കെ സുനില്‍ കുമാര്‍ നാടകീയമായാണ് വലയിലാക്കിയത്. പൂനയിലെ ബിബിഎ വിദ്യാര്‍ത്ഥിയും ഹൊസങ്കടി ചെക്ക് പോസ്റ്റിനടുത്ത ഹില്‍വ്യു മന്‍സിലില്‍ അബ്ദുള്‍ സുനൈര്‍ മുനീറിന്റെ പേരില്‍ മംഗലാപുരത്തും കോഴിക്കോട്ടും രണ്ട് ദേശല്‍കൃത ബാങ്കുകളില്‍ വ്യാജ അക്കൗണ്ട് തുടങ്ങിയാണ് എംബിബിഎസ് വിദ്യാര്‍ത്ഥി തട്ടിപ്പിന് കളമൊരുക്കിയത്. 

ലോകോത്തര നിലവാരമുള്ള ബ്രാന്റ് ഉല്‍പ്പന്നങ്ങള്‍ വി ല്‍പ്പന നടത്തുന്ന olx.com എന്ന വെബ്‌സൈറ്റ് വഴി വിലകൂടിയ മൊബൈല്‍ ഫോണുകളടക്കമുള്ള ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ നേര്‍പകുതി വിലക്ക് വില്‍ക്കാനുണ്ടെന്ന് എംബിബിഎസ് വിദ്യാര്‍ത്ഥി പരസ്യം നല്‍കി. വെബ്‌സൈറ്റില്‍ കാണുന്ന സാധനങ്ങള്‍ ആവശ്യമുള്ളവര്‍ പണം നിക്ഷേപിക്കേണ്ട ബാങ്ക് അക്കൗണ്ടും വെബ്‌സൈറ്റിലുണ്ടായിരുന്നു. വിവിധ സാധനങ്ങള്‍ ആവശ്യമുള്ളവര്‍ ഈ അക്കൗണ്ടില്‍ ലക്ഷങ്ങള്‍ നിക്ഷേപിക്കുകയും ചെയ്തു. പിന്നീട് വെബ്‌സൈറ്റില്‍ പറഞ്ഞ സാധനങ്ങള്‍ ലഭിക്കാതായപ്പോള്‍ ബാങ്ക് അക്കൗണ്ടിലെ വിലാസക്കാരനെതിരെ പലരും കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും പോലീസ് സ്റ്റേഷനുകളില്‍ പരാതികളുമായെത്തി. പോലീസ് അന്വേഷിച്ചപ്പോഴാണ് അബ്ദുള്‍സുനൈര്‍ മുനീര്‍ തന്റെ പേരില്‍ കോഴിക്കോട് പാലയത്തെ യുക്കൊ ബാങ്കിലും കാസര്‍കോട്ടെ പഞ്ചാബ് നാഷണല്‍ ബാങ്കിലും അക്കൗണ്ടുകളുള്ളതായും ഈ അക്കൗണ്ടുകള്‍ വഴി ലക്ഷങ്ങളുടെ കൈമാറ്റം നടന്നതായും വ്യക്തമായത്.

തട്ടിപ്പ് മനസ്സിലായതോടെ മുനീര്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇതിനിടെ ഒരു ഡോക്ടറുടെ പരാതിയില്‍ മുനീറിനെതിരെ മൈസൂര്‍ പോലീസ് കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന് തന്റെ വിലാസത്തില്‍ താനറിയാതെ അക്കൗണ്ട് തുടങ്ങിയ വിരുതനെയും ഇതിന് കൂട്ടുനിന്ന ബാങ്ക് മാനേജര്‍മാരെയും പ്രതിചേര്‍ത്ത് സുനൈര്‍ മുനീര്‍ കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കി. 

വിദ്യാര്‍ത്ഥിയുടെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി കാസര്‍കോട് സിഐ സി കെ സുനില്‍കുമാറിന് അന്വേഷണച്ചുമതല കൈമാറി. സുനില്‍കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ബാങ്ക് അക്കൗണ്ടില്‍ വന്ന ലക്ഷങ്ങള്‍ മംഗലാപുരത്തെ വിവിധ എടിഎം കേന്ദ്രങ്ങള്‍ വഴിയാണ് പിന്‍വലിച്ചതെന്ന് വ്യക്തമായതോടെ അന്വേഷണം മംഗലാപുരത്ത് കേന്ദ്രീകരിച്ചു.

തുടര്‍ന്ന് പ്രതിയെന്ന് സംശയിക്കുന്നയാളുടെ താമസ സ്ഥലം ഇയാള്‍ അറിയാതെ പോലീസ് തുറന്ന് പരിശോധിച്ചു. ഇയാളുടെ ഫ്ളാററില്‍ നിന്നും കണ്ടെടുത്ത ലാപ്‌ടോപ്പി ല്‍ എംബിബിഎസ് വിദ്യാര്‍ത്ഥി നടത്തിയ ഒട്ടേറെ നടുക്കുന്ന തട്ടിപ്പുകളുടെ വിവരവും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു സമ്പന്ന കുടുംബത്തിലെ അംഗമാണ് തട്ടിപ്പ് കേസിലെ പ്രതിയായ എംബി ബിഎസ് വിദ്യാര്‍ത്ഥി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.