Latest News

ആറു വയസുകാരി പൊള്ളലേറ്റു മരിച്ചു, അച്ചനെയും രണ്ടാനമ്മയും പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ബിലാത്തികുളത്ത് ആറു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റു മരിച്ചു. കോഴിക്കോട് ബിലാത്തിക്കുളം ശിവക്ഷേത്രത്തിലെ പൂജാരി പി.എം. കുട്ടിറോ ഡില്‍ ലക്ഷ്മി നിവാസില്‍ വാടകയ്ക്കു താമസിക്കുന്ന തിരുവമ്പാടി തട്ടേയ്ക്കാട് കുറ്റിവട്ടം ഇല്ലം സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മകള്‍ അതിഥി എസ്. നമ്പൂതിരിയാണു മരിച്ചത്.

കോഴിക്കോട് വെസ്റ്റ്ഹില്‍ ബിഇഎം യുപിസ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സംഭവുമായി ബന്ധപ്പെട്ടു സുബ്രഹ്മണ്യന്‍ നമ്പൂതിരിയെയും രണ്ടാനമ്മ ദേവകി അന്തര്‍ജനത്തെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ പുലര്‍ച്ചെ രണേ്ടാടെയാണു കുട്ടിക്കു പൊള്ളലേറ്റത്. ഉടന്‍തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് എങ്ങനെയാണു പൊള്ളലേറ്റതെന്ന് അറിയില്ലെന്ന് അച്ഛനും രണ്ടാനമ്മയും അറിയിച്ചതോടെ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരം അഞ്ചരയോടെ കുട്ടിയുടെ മൃതദേഹം താഴെതിരുവമ്പാടി കല്‍പ്പുഴായി ശിവക്ഷേത്രത്തിനുസമീപത്തെ തട്ടേയ്ക്കാട് കുറ്റിവട്ടം ഇല്ലത്ത് എത്തിച്ചു സംസ്‌കരിച്ചു.

കുട്ടിയുടെ തലയിലും ശരീരത്തിലും അടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നു നടക്കാവ് പോലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനു നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്. കുറ്റക്കാരാണെന്നു കണെ്ടത്തിയാല്‍ ഇവരെ അറസ്റ്റ് ചെയ്യുമെന്നു പോലീസ് അറിയിച്ചു. അതിഥിയുടെ സഹോദരന്‍ അരുണ്‍ എസ്. നമ്പൂതിരി ഇതേ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഈ കുട്ടിക്കും കാലിനു പൊള്ളലേറ്റ പാടുകളുണെ്ടന്നു ബന്ധുക്കള്‍ ആരോപിച്ചു. കുട്ടിയുടെ മരണത്തിനു കാരണം രണ്ടാനമ്മയുടെ പീഡനമാണെന്നു നാട്ടുകാര്‍ ആരോപിച്ചു. സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ സഹോദരന്‍ വിനോദ് നമ്പൂതിരിയും കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചിട്ടുണ്ട്.

മൂന്നുവര്‍ഷം മുമ്പു താഴെതിരുവമ്പാടിയിലുണ്ടായ ബൈക്ക് അപകടത്തിലാണു കുട്ടിയുടെ അമ്മ ചാത്തമംഗലം എടയ്ക്കാട്ട് ഇല്ലത്ത് ശ്രീജ മരിച്ചത്. പിന്നീടു വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണു പട്ടാമ്പി സ്വദേശിനിയും രണ്ടു മക്കളുടെ അമ്മയുമായ ദേവകി അന്തര്‍ജനത്തെ സുബ്രഹ്മണ്യന്‍ നമ്പൂതിരി വിവാഹം കഴിച്ചത്. തുടര്‍ന്നു സുബ്രഹ്മണ്യന്‍ നമ്പൂതിരിയുമായി വീട്ടുകാര്‍ക്ക് അടുപ്പമുണ്ടായിരുന്നില്ലെന്നു വിനോദ് നമ്പൂതിരി പറഞ്ഞു.

ബിലാത്തിക്കുളത്ത് അയല്‍വാസികളുമായി സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ കുടുംബത്തിന് അടുപ്പമുണ്ടായിരുന്നില്ല. വീട്ടിനുള്ളിലും പുറത്തും കുട്ടികളെ ക്രൂരമായി മര്‍ദിക്കുന്നതുകണ്ട നാട്ടുകാര്‍ പലപ്പോഴും പ്രതികരിച്ചിട്ടുണ്ട്. മര്‍ദനമേറ്റ പാടുകളുമായി സ്‌കൂളിലെത്തുന്ന കുട്ടികളോട് അധ്യാപകര്‍ വിവരം തിരക്കിയിരുന്നെങ്കിലും കുട്ടികള്‍ ഒന്നും പുറത്തുപറഞ്ഞിരുന്നില്ല.

നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി ചര്‍ച്ച ചെയ്ത ശേഷം കുട്ടികളെ ഒരാഴ്ചയോളം മര്‍ദിക്കാറുണ്ടായിരുന്നില്ല. വീണ്ടും മര്‍ദനം തുടങ്ങിയപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും സുബ്രഹ്മണ്യന്‍ മ്പൂതിരിയും ഭാര്യയും ഇവരെ വീട്ടില്‍ കയറ്റിയില്ല. വീട്ടിലെ നായയെ അഴിച്ചുവിട്ടാണു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഇവര്‍ നേരിട്ടത്.

തിങ്കളാഴ്ച രാത്രിയും ഇത്തരത്തില്‍ പീഡനം തുടര്‍ന്നിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. മാരകമായി പൊള്ളലേറ്റ നിലയിലാണു കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദനത്തോടൊപ്പം സാരമായി പൊള്ളലേറ്റതും കുട്ടിയുടെ ജീവനപഹരിക്കാന്‍ ഇടയാക്കിയെന്നു ഡോക്ടര്‍മാര്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കുട്ടി പഠിച്ചിരുന്ന സ്‌കൂളില്‍ എത്തിച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും ഉള്‍പ്പടെ നിരവധിപേര്‍ എത്തിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.