Latest News

പെണ്‍കുട്ടിയെ പീഡിപ്പിച്ച കാമുകന്മാരും മോഷണക്കേസില്‍ പെണ്‍കുട്ടിയും പിടിയില്‍

പത്തനാപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മോഷ്ടിച്ച് നല്‍കിയ പണം സ്വന്തമാക്കിയ കാമുകനും കൂട്ടാളിയും പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായി.

മോഷണക്കേസില്‍ പെണ്‍കുട്ടിയും പിടിയിലായി. പട്ടാഴി കടുവാത്തോട് മനുഭവനില്‍ മനു(24), പിറവന്തൂര്‍ കറവൂര്‍ രജനിഭവനില്‍ ജയന്‍(32) എന്നിവരാണ് അറസ്റ്റിലായത്. പുനലൂര്‍ കോമളംകുന്ന് സ്വദേശിനിയായ പതിനേഴുകാരിയാണ് പീഡനത്തിന് ഇരയായത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: പീഡനത്തിന് ഇരയായ പെണ്‍കുട്ടി ബന്ധുവീട്ടില്‍നിന്ന് 1.30 ലക്ഷം രൂപ മോഷ്ടിച്ച് കാമുകന് നല്‍കി. പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ വീട്ടുടമ കുന്നിക്കോട് പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ഉടമയുടെ സഹോദരീപുത്രിയാണ് പണം എടുത്തതെന്ന് തെളിഞ്ഞു. മോഷ്ടിച്ച പണം കടുവാത്തോട്ടിലുള്ള കാമുകന്‍ മനുവിന് നല്‍കിയതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. മനുവിന്റെ സഹോദരിയുടെ വിവാഹ ആവശ്യത്തിന് വേണ്ടിയായിരുന്നു പണം നല്‍കിയത്.

പണം കൂടാതെ പെണ്‍കുട്ടിയുടെ സ്വര്‍ണ്ണക്കമ്മലുകളും മനുവിന് നല്‍കി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്താണ്. മൊബൈല്‍ഫോണ്‍ വഴിയാണ് മനുവുമായി പരിചയത്തിലായത്. പെണ്‍കുട്ടി കമുകുംചേരിയിലെ ബന്ധുവീട്ടില്‍ വരുമ്പോള്‍ മനു ബൈക്കിലെത്തി ചിറ്റാശ്ശേരിയിലെ റബ്ബര്‍ തോട്ടത്തില്‍വച്ച് പീഡിപ്പിച്ചു. ഇതിനിടെ സുഹൃത്തായ കറവൂര്‍ സ്വദേശി ജയന്റെ ഫോണ്‍ നമ്പര്‍ മനു പെണ്‍കുട്ടിക്ക് നല്‍കി. മറ്റൊരാവശ്യത്തിനാണ് നമ്പര്‍ നല്‍കിയത്. ജയനുമായും പെണ്‍കുട്ടി പ്രണയത്തിലായി. കറവൂര്‍ ഭാഗത്തെ വിജനമായ സ്ഥലത്ത് കൊണ്ടുപോയി പെണ്‍കുട്ടിയെ ജയനും ലൈംഗികമായി പീഡിപ്പിച്ചു. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് ജയന്‍. പത്തനാപുരം കുണ്ടയം സ്വദേശിയായ മറ്റൊരു യുവാവും പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.

പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ കൊല്ലം ജുവനൈല്‍ ജസ്റ്റിസിന് മുന്നിലും ഹാജരാക്കി. പുനലൂര്‍ സി.ഐ. ആര്‍.വിജയന്‍, കുന്നിക്കോട് എസ്.ഐ. ബിനോജ്, പത്തനാപുരം എസ്.ഐ. മുബാറക്ക് എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.