Latest News

പര്‍ദ്ദാ വിവാദം: ഇന്ത്യാവിഷന്‍ ഖേദം പ്രകടിപ്പിച്ചു

കൊച്ചി: ഇന്ത്യാവിഷന്‍ ചാനലില്‍ കഴിഞ്ഞ മാസം ഒന്‍പതിന് ഞങ്ങള്‍ സംപ്രേഷണം ചെയ്ത സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് പരിപാടിയില്‍ പര്‍ദ്ദയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ഇന്ത്യാവിഷന്‍ ക്ഷമാപണം നടത്തി.
 
പ്രസ്തുത പ്രോഗ്രാമിന്റെ പൊതു ഉള്ളടക്കത്തിന് ആവശ്യമില്ലാത്ത രണ്ടു മൂന്ന് വാക്യങ്ങള്‍ സ്‌ക്രിപ്റ്റില്‍ കടന്നു കൂടിയെന്ന വിമര്‍ശനം വസ്തുതാപരമാണെന്ന് ഇന്ത്യവിഷന്റെ വെബ്‌സൈററിലൂടെ എക്‌സിക്യൂട്ടീവ് എഡിററര്‍ എം.പി ബഷീര്‍ എഴുതിയ വിശദീകരണത്തില്‍ രേഖപ്പെടുത്തുന്നു.

പരിപാടി സംപ്രേഷണം ചെയ്ത് ഒരു മാസം പിന്നിട്ട ശേഷം അതിലെ ഒരു ചെറിയ ഭാഗം അടര്‍ത്തിയെടുത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ഇന്ത്യാവിഷനെതിരെ അപകീര്‍ത്തിപരമായ ഒരു കാമ്പയിന്‍ നടത്തുകയും, പരിപാടി അവതരിപ്പിച്ച ഫൗസിയ മുസ്തഫയ്‌ക്കെതിരെ അങ്ങേയറ്റം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ ഫൗസിയ വ്യക്തിപരമായും സ്ഥാപനമെന്ന നിലയില്‍ ഇന്ത്യാവിഷനും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വെബ് സെറ്റിലെ വിശദീകരണ കുറിപ്പില്‍ പറയുന്നു.

ഇന്ത്യാവിഷന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ എംപി ബഷീര്‍ പുറത്തിറക്കിയ വിശദീകരണത്തിന്റെ പൂര്‍ണ രൂപം
സൗദി അറേബ്യയിലെ തൊഴില്‍ മേഖലയിലെ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി നടപ്പാക്കിയ നിതാഖത്ത് നിയമം കേരളത്തിലുണ്ടാക്കുന്ന സാമൂഹികാഘാതങ്ങളെക്കുറിച്ച് ഇന്ത്യാവിഷന്‍ മലപ്പുറം റിപ്പോര്‍ട്ടര്‍ ഫൗസിയ മുസ്തഫ തയാറാക്കിയ ‘സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്’ കഴിഞ്ഞ മാസം ഒന്‍പതിന് ഞങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. അതില്‍ മലബാറിലെ ഗള്‍ഫ് കുടുംബങ്ങളിലെ സ്ത്രീകളുടെ ജീവിതാവസ്ഥയെക്കുറിച്ചും മുസ്‌ലീം സ്ത്രീകളില്‍ ചിലര്‍ ഉപയോഗിക്കുന്ന പര്‍ദ്ദ വസ്ത്രത്തെക്കുറിച്ചും വന്ന ചില പരാമര്‍ശങ്ങള്‍ ഗള്‍ഫിലെ ഒരു വിഭാഗം മലയാളികള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധമുണ്ടാക്കിയതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു.

ആ പ്രോഗ്രാമിന്റെ പൊതു ഉള്ളടക്കത്തിന് ആവശ്യമില്ലാത്ത രണ്ടു മൂന്ന് വാക്യങ്ങള്‍ സ്‌ക്രിപ്റ്റില്‍ കടന്നു കൂടിയെന്ന വിമര്‍ശനം വസ്തുതാപരമാണ്. മലപ്പുറത്തെ ഒട്ടേറെ സ്ത്രീകളോട് സംസാരിച്ചതിന് ശേഷമാണ് അത്തരമൊരു അഭിപ്രായ രൂപീകരണം നടത്തിയത് എന്നാണ് ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ അതിന് നല്‍കുന്ന വിശദീകരണം. പര്‍ദ്ദയെക്കുറിച്ചും ഗള്‍ഫ് കുടുംബങ്ങളിലെ സ്ത്രീകളുടെ ജീവിതാവസ്ഥയെക്കുറിച്ചും, ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നവരില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായഗതികള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നതുമാണ്.

എങ്കിലും, പരിപാടിയിലെ ചില പരാമര്‍ശങ്ങള്‍ ഞങ്ങളുടെ പ്രവാസി പ്രേക്ഷകരില്‍ ചിലരെ വൈകാരികമായി ക്ഷതമേല്‍പ്പിച്ചതായി മനസ്സിലാക്കുന്നു.

വസ്ത്ര ധാരണത്തിലുള്‍പ്പെടെ ജീവിതത്തിലെ എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് സ്വയംനിര്‍ണ്ണയാവകാശമുണ്ടാകണമെന്ന വിശാല പുരോഗമന അഭിപ്രായമാണ് ഇന്ത്യാവിഷന്‍ എഡിറ്റോറിയല്‍ സമിതിയുടേത്. സ്ത്രീകള്‍ക്കെതിരായി വര്‍ധിച്ചു വരുന്ന കൈയേറ്റങ്ങളുടെ കാര്യത്തിലും ഞങ്ങളുടെ നിലപാട് അതുതന്നെയായിരുന്നു. പര്‍ദ്ദ, ഒരു വസ്ത്രമെന്ന നിലയില്‍ സ്ത്രീകളുടെ തെരഞ്ഞെടുപ്പാണെങ്കില്‍ അക്കാര്യത്തിലും ഞങ്ങളുടെ നിലപാട് മറിച്ചല്ല. ജനസംഖ്യയില്‍ നല്ലൊരു വിഭാഗം ഉപയോഗിക്കുന്ന ഒരു വസ്ത്രരീതി ഏതെങ്കിലും രീതിയില്‍ പ്രാകൃതമാണെന്ന അഭിപ്രായം ഞങ്ങള്‍ക്കില്ല.

പരിപാടി സംപ്രേഷണം ചെയ്ത് ഒരു മാസം പിന്നിട്ട ശേഷം അതിലെ ഒരു ചെറിയ ഭാഗം അടര്‍ത്തിയെടുത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ഇന്ത്യാവിഷനെതിരെ അപകീര്‍ത്തിപരമായ ഒരു കാമ്പയിന്‍ നടക്കുന്നതായി ഞങ്ങള്‍ മനസിലാക്കുന്നുണ്ട്. ഒരു വനിതാ റിപ്പോര്‍ട്ടര്‍ക്കെതിരെ അങ്ങേയറ്റം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതും അംഗീകരിക്കാനാവില്ല. ഇതിനെതിരെ ഫൗസിയ വ്യക്തിപരമായും സ്ഥാപനമെന്ന നിലയില്‍ ഇന്ത്യാവിഷനും നിയമനടപടികള്‍ സ്വീകരിക്കുന്നുണ്ട്.

ഗള്‍ഫില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച ആയിരകണക്കിന് ഫോണ്‍ കോളുകളാണ് ഈ വിശദീകരണത്തിന് പ്രേരിപ്പിച്ചത്. ഞങ്ങളുടെ പ്രോഗ്രാമിലെ ഏതെങ്കിലും പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വൈകാരികമായി വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു. ഇത്തരത്തില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍, പ്രസ്തുത പരിപാടി ഞങ്ങളുടെ ഇന്റര്‍നെറ്റ് ആര്‍ക്കൈവില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്യുന്നു.

എം.പി. ബഷീര്‍
(എക്‌സിക്യൂട്ടീവ് എഡിറ്റര്‍)


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.