Latest News

സുകുമാരന്‍ നായര്‍ ആര്‍.എസ്.എസിന്റെ ട്രോജന്‍കുതിര: ഇ അബൂബക്കര്‍


തിരുവനന്തപുരം: ആര്‍.എസ്.എസിന്റെ ട്രോജന്‍കുതിരയാണ് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെന്ന് ഓള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍ മുന്‍ ദേശീയ സെക്രട്ടറി ഇ അബൂബക്കര്‍. സംസ്ഥാനത്ത് ഉയര്‍ന്നുവന്നിരിക്കുന്ന നായര്‍-വെള്ളാപ്പള്ളി സഖ്യത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എ.പി.എ. കരിനിയമത്തിനെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിവന്ന ജനവിചാരണയാത്രയുടെ സമാപനസമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ അഞ്ചാംമന്ത്രിയെ നല്‍കിയാല്‍ സാമുദായികസന്തുലനം തകരുമെന്നാണ് എന്‍.എസ്.എസ്. ഉയര്‍ത്തിയ വിമര്‍ശനം. അതേസമയം, ക്രിസ്ത്യന്‍, ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ കൂടുതലായി മന്ത്രിസഭയിലെത്തിയാലും സാമുദായികസന്തുലനം തകരില്ല. പിന്നാക്കജനവിഭാഗങ്ങളെ ഒരു കുടക്കീഴില്‍ ഒരുമിച്ചുനിര്‍ത്താന്‍ വെള്ളാപ്പള്ളിക്കു കഴിയണമായിരുന്നു.

യു.എ.പി.എ. കരിനിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നു പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാവണം. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കരിനിയമമായ ടാഡ കേരളത്തില്‍ നടപ്പാക്കില്ലെന്ന് പൗരാവകാശത്തിനും ജനാധിപത്യത്തിനും വിലകല്‍പ്പിക്കുന്ന എ കെ ആന്റണി പ്രഖ്യാപിച്ചിരുന്നു. ഈ പാത പിന്തുടര്‍ന്ന് യു.എ.പി.എ. അറബിക്കടലിലാണെന്നു പ്രഖ്യാപിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാവണമെന്നും അബൂബക്കര്‍ ആവശ്യപ്പെട്ടു. 

മുഖ്യധാരയില്‍നിന്നു മുസ്‌ലിം, ദലിത്, പിന്നാക്കവിഭാഗങ്ങളെ അകറ്റിനിര്‍ത്താന്‍ ചെറുപ്പക്കാരെ ഭീകരവാദികളെന്നു മുദ്രകുത്തുകയാണ്. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണനാണ് കേരളത്തില്‍ ആദ്യമായി യു.എ.പി.എ. ചുമത്തിയത്. മുസ്‌ലിംലീഗിന്റെ പിന്തുണയോടെയാണ് ഇപ്പോള്‍ യു.ഡി.എഫ്. സര്‍ക്കാര്‍ നിരപരാധികള്‍ക്കുനേരെ വ്യാപകമായി യു.എ.പി.എ. ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.