Latest News

സുധാകരന്റെ ഭൗതികശരീരമെങ്കിലും കാണാനായി നിര്‍ധന കുടുംബം കണ്ണീരോടെ കാത്തിരിക്കുന്നു

എടപ്പാള്‍: സൗദിയിലെ സ്വദേശിവത്കരണ നിയമം (നിതാഖാത്) കര്‍ശനമാക്കിയതിനെത്തുടര്‍ന്ന് ജയിലിലടയ്ക്കപ്പെട്ട് മരണമടഞ്ഞ മലയാളിയുടെ മൃതദേഹം ഒരുമാസമായിട്ടും നാട്ടിലെത്തിക്കാനായില്ല. കുടുംബനാഥന്റെ ഭൗതികശരീരമെങ്കിലും കാണാനായി മാസത്തിലേറെയായി നിര്‍ധന കുടുംബം കണ്ണീരോടെ കാത്തിരിക്കുന്നു.

എടപ്പാള്‍ കോലൊളമ്പിലെ ചേലാത്ത് സുനിലയുടെ ഭര്‍ത്താവ് പട്ടിത്തറ ഒതളൂര്‍ ആന്തൂരവളപ്പില്‍ സുധാകരന്റെ മൃതശരീരമാണ് ഏപ്രില്‍ 26 മുതല്‍ സൗദിയിലെ ആസ്​പത്രി മോര്‍ച്ചറിയിലുള്ളത്. കൂലിപ്പണിക്കാരനായിരുന്ന സുധാകരന്‍ നാലുവര്‍ഷംമുമ്പാണ് നാട്ടില്‍നിന്ന് കടംവാങ്ങിയും കഷ്ടപ്പെട്ടും സൗദിയിലേക്ക് പോയത്. അവിടെ അറബിയുടെ വീട്ടിലായിരുന്നു ജോലി. രണ്ടുവര്‍ഷംമുമ്പ് നാട്ടില്‍ വന്നുപോയശേഷം സ്‌പോണ്‍സര്‍ മരണമടഞ്ഞു. അദ്ദേഹത്തിന്റെ മകന്റെ നിര്‍ദേശാനുസരണമാണ് സുധാകരന്‍ പിന്നീട് വേറെ ജോലിക്ക് പോയത്.

വിഷുവിന്റെ തലേന്നാള്‍വരെ വീട്ടിലേക്ക് വിളിച്ചിരുന്നു. നിയമം കര്‍ശനമാക്കുന്നതിനാല്‍ 10 ദിവസത്തിനകം നാട്ടിലേക്ക് വരുമെന്നാണ് അന്ന് പറഞ്ഞിരുന്നതെന്ന് ഭാര്യ സുനില പറയുന്നു. പിന്നീട് ഒരു വിവരവുമുണ്ടായില്ല.

ഏപ്രില്‍ 26ന് സുധാകരന്‍ മരിച്ച വിവരം സുഹൃത്തുക്കള്‍ വിളിച്ച് അറിയിക്കുമ്പോഴാണ് ജയിലിലായതും അവിടെവെച്ച് പനിവന്നതുമെല്ലാം വീട്ടുകാര്‍ അറിയുന്നത്. പനി വന്നപ്പോള്‍ ചികിത്സ ലഭിക്കാതെ ന്യൂമോണിയയായാണ് മരിച്ചത്. അന്നുമുതല്‍ ദമാമിലെ സെന്‍ട്രല്‍ ഹോസ്​പിറ്റലില്‍ സൂക്ഷിച്ചിട്ടുള്ള മൃതശരീരം നാട്ടിലെത്തിക്കാനായി ബന്ധുക്കള്‍ മുട്ടാത്ത വാതിലുകളില്ല. വി.ടി. ബല്‍റാം എം.എല്‍.എ, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കേന്ദ്രമന്ത്രി ഇ. അഹമ്മദ് തുടങ്ങിയവരുമായി പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് അംഗം ഇ.എ. ബക്കറിന്റെ നേതൃത്വത്തില്‍ ബന്ധുക്കള്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. പക്ഷേ കാര്യമായ രേഖകളൊന്നും കൈവശമില്ലാത്ത സമയത്താണ് പോലീസ് പിടികൂടിയത് എന്നതിനാല്‍ സര്‍ക്കാര്‍തലത്തില്‍ ശക്തമായ ഇടപെടലുണ്ടാവാത്തപക്ഷം ഫലമുണ്ടാവാന്‍ സാധ്യതയില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.