Latest News

മുഹമ്മദ് ഇഖ്ബാലിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുള്ള ലോര്‍ഡ് കൃഷ്ണ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് ജെറ്റ് എയര്‍വെയ്‌സ് ക്യാബിന്‍ ക്രൂ മരണമടഞ്ഞ സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

സംഭവത്തെക്കുറിച്ച് പോലീസ് സമഗ്ര അന്വേഷണം നടത്തി മകന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തു കൊണ്ടുവരണമെന്ന് ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനായ റാഞ്ചി അരവിന്ദോ നഗര്‍ സ്വദേശി മുഹമ്മദ് യൂസഫ്, ഭാര്യ സോറ ഖാതൂന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ജെറ്റ് എയര്‍വെയ്‌സില്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റായ മുഹമ്മദ് ഇക്ബാല്‍ ( 26 ) ആണ് മരിച്ചത്. കഴിഞ്ഞ മാസം 15ന് വൈകീട്ട് ഏഴരയോടെയാണ് ഇയാള്‍ താമസിക്കുന്ന ഏഴാം നിലയിലെ 706ാം നമ്പര്‍ മുറിയുടെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചത്. ബാല്‍ക്കണിയില്‍ കാറ്റുകൊണ്ടിരിക്കുമ്പോള്‍ അബദ്ധത്തില്‍ താഴെ വീണതാകാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക വിശദീകരണം.

എന്നാല്‍ തന്റെ മകനും ചില സഹപ്രവര്‍ത്തകരുമായി ഫ്‌ളാറ്റില്‍ വെച്ച് തര്‍ക്കമുണ്ടായെന്നും ഇതില്‍ റായ്ഡു, ചരിത് എന്നിവര്‍ ഇക്ബാലിനെ അസഭ്യം പറയുകയും കാണിച്ചു തരാമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അറിയാന്‍ കഴിഞ്ഞുവെന്ന് മുഹമ്മദ് യൂസഫ് പറയുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ബലമായി സംശയിക്കുന്നത്. 

മകന്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ വിവരം അറിഞ്ഞ് എത്തിയ തന്നോടും കുടുംബാംഗങ്ങളോടുമുള്ള ജെറ്റ് എയര്‍വെയ്‌സ് സ്റ്റാഫിന്റെയും സഹപ്രവര്‍ത്തകരുടെയും പെരുമാറ്റം അസ്വാഭാവികത നിറഞ്ഞതായിരുന്നു. പോലീസില്‍ പരാതി നല്‍കാനൊരുങ്ങിയ തന്നെ, പോലീസ് സ്‌റ്റേഷന്‍ ഇപ്പോള്‍ തുറന്നിട്ടുണ്ടാകില്ലെന്നു പറഞ്ഞ് പിന്തിരിപ്പിക്കാനാണ് റിങ്കു എന്ന സഹപ്രവര്‍ത്തക ശ്രമിച്ചത്. മൃതദേഹം എത്രയും വേഗം റാഞ്ചിയിലേക്ക് കൊണ്ടുപോകാന്‍ അവര്‍ അസാധാരണമായ തിടുക്കം കാണിച്ചു.

സംഭവിച്ചതെല്ലാം മറക്കണമെന്നും തങ്ങളുടെ ഭാഗത്തു നിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും റിങ്കു ആവര്‍ത്തിച്ചു പറഞ്ഞത് സംശയം ജനിപ്പിച്ചു. മരിക്കുന്നതിന് മിനിറ്റുകള്‍ക്കു മുമ്പ് വീട്ടിലേക്ക് ഫോണില്‍ വിളിച്ച ഇക്ബാല്‍ ആഹ്ലാദത്തോടെയാണ് സംസാരിച്ചതെന്നും മകന്‍ ആത്മഹത്യ ചെയ്യാന്‍ ഒരു സാധ്യതയുമില്ലെന്നും യൂസഫ് വ്യക്തമാക്കുന്നു.

സംഭവം നടന്നതിന്റെ അടുത്ത ദിവസം തന്നെ ഇക്ബാലിന്റെ മൃതദേഹം റാഞ്ചിയിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു. പിന്നീട് ഇക്ബാലിന്റെ സുഹൃത്തുക്കളില്‍ നിന്നാണ് മകന്‍േറത് അപകട മരണമല്ലെന്നും സഹപ്രവര്‍ത്തകരുമായി പ്രശ്‌നങ്ങളുണ്ടായെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. 

ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തിയ മുഹമ്മദ് യൂസഫും ഭാര്യയും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആലുവ റൂറല്‍ എസ് പി സതീഷ് ബിനോയ്ക്ക് പരാതി നല്‍കി. നെടുമ്പാശ്ശേരി പോലീസ് തങ്ങളോട് പൂര്‍ണമായും നിസ്സഹകരിക്കുകയാണ് ചെയ്തതെന്നും താന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തയ്യാറായില്ലെന്നും യൂസഫ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.