Latest News

തിരുകേശം: സത്യവാങ്ങ്മൂലം തിരുത്താമെന്ന് സമസ്തക്ക് വാക്ക് കൊടുത്തിട്ടില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍

കോഴിക്കോട്: തിരുകേശ തര്‍ക്കത്തില്‍ മുസ്ലിംലീഗ് പിന്നെയും ചുവടുമാറ്റുന്നു. കാന്തപുരത്തിന് എതിരായ കേസില്‍ ഇ.കെ വിഭാഗം സുന്നികള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ സത്യവാങ്ങ്മൂലം തിരുത്താമെന്ന് ആര്‍ക്കും ഉറപ്പുകൊടുത്തിട്ടില്ലെന്ന് മുസ്ലിംലീഗ് വക്താവ് ഇ.ടി മുഹമ്മദ് ബഷീര്‍ എം. പി പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടി.വിയിലെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയില്‍ ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ചോദ്യം: സമസ്തയുമായുള്ള ചര്‍ച്ചയില്‍ കാര്യമായ പങ്കുവഹിച്ചതും ചര്‍ച്ചക്കു ശേഷം മാധ്യമങ്ങളോട് വിശദീകരിച്ചതും അങ്ങാണല്ലോ?
ഇ.ടി: അതെ, ഞാനുമുണ്ടായിരുന്നു...
ചോദ്യം: ഒരു വ്യക്തതക്കു വേണ്ടി ചോദിക്കുകയാണ്, തിരുമുടിക്കേസില്‍ സത്യവാങ്ങ്മൂലം തിരുത്തിക്കാമെന്നാണോ ലീഗ് സമസ്ത നേതാക്കള്‍ക്ക് ഉറപ്പുകൊടുത്തത്?
ഇ.ടി: ഇല്ല. അങ്ങനെയൊരു ഉറപ്പു കൊടുക്കാന്‍ പറ്റില്ലല്ലോ. സത്യവാങ്ങ്മൂലം കോടതിയുമായും സര്‍ക്കാരുമായും എല്ലാം ബന്ധപ്പെട്ടുകിടക്കുന്ന കാര്യമല്ലേ. അത് തിരുത്താമെന്ന് ഉറപ്പുകൊടുക്കാന്‍ ലീഗിനു കഴിയില്ലല്ലോ
ചോദ്യം: സത്യവാങ്ങ്മൂലം തിരുത്തുമെന്ന് ലീഗ് ഉറപ്പുകൊടുത്തു എന്നാണല്ലോ സമസ്ത നേതാക്കള്‍ വിശദീകരിക്കുന്നത്?
ഇ.ടി: അങ്ങനെയൊരു ഉറപ്പുകൊടുക്കാന്‍ ലീഗിനു കഴിയില്ല. പിന്നെങ്ങനെ ഉറപ്പു കൊടുക്കാനാണ്...
ചോദ്യം: സത്യത്തില്‍ രണ്ട് സുന്നികള്‍ക്കുമിടയില്‍ ലീഗ് കുടുങ്ങിപ്പോയോ, എവിടെ നില്‍ക്കണം എന്ന് തീരുമാനിക്കാന്‍ വിഷമമുണ്ടോ?
ഇ.ടി: ലീഗിന് അങ്ങനെ ആശയക്കുഴപ്പമൊന്നുമില്ല.
ചോദ്യം: ലീഗിന്റെ നേതാക്കള്‍, ചില മന്ത്രിമാര്‍തന്നെയും കാന്തപുരത്തെ സഹായിക്കുന്നതായി സമസ്തയുടെ നേതാക്കള്‍ക്ക് പരാതിയുണ്ടല്ലോ?
ഇ.ടി: അതിപ്പം.. അങ്ങനെയൊന്നുമില്ല. എല്ലാ സംഘടനകള്‍ക്കും അതാതിന്റെ പ്രസക്തിയുണ്ടല്ലോ. ലീഗ് ആരെയും ഒഴിവാക്കുന്നില്ല.
ചോദ്യം: അങ്ങനെയാണെങ്കില്‍ സുന്നി ഐക്യത്തിനു ശ്രമിക്കേണ്ടതല്ലേ?
ഇ.ടി: വേണ്ടതാണ് സുന്നികള്‍ക്കിടയില്‍ ഐക്യം ഉണ്ടാകേണ്ടതുതന്നെയാണ്
ചോദ്യം: അതിനു മുന്‍കൈ എടുക്കുമോ? സുന്നീ ഐക്യത്തിനു ലീഗ് മുന്‍കൈ എടുക്കുമോ?
ഇ.ടി: ഞങ്ങള്‍ മുന്‍കൈ എടുത്തതാണ്. ചര്‍ച്ച നടന്നപ്പോള്‍ മറ്റു പല കാരണങ്ങള്‍ കൊണ്ടുമാണ് അത് നടക്കാതെ പോയത്....

ഇത്രയുമാണ് സത്യവാങ്ങ്മൂലം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുസ്ലിം ലീഗ് വക്താവിന്റെ മറുപടി. 

പ്രവാചകന്റേത് എന്ന് എവകാശപ്പെട്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുടെ കൈവശമുളള തിരുകേശത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം എന്നാവശ്യപ്പെട്ട് ഇ.കെ വിഭാഗം സുന്നികള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ശാസ്ത്രീയമായി പരിശോധിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം കൊടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

എന്നാല്‍ വിശ്വാസപരമായ കാര്യമായതിനാല്‍ ശാസ്ത്രീയ പരിശോധന സാധ്യമല്ലെന്നാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം. തിരുകേശത്തെ എതിര്‍ക്കുന്നത് മുസ്ലിം സമുദായത്തിലെ ചെറിയൊരു സംഘം മാത്രമാണെന്നും സത്യവാങ്ങ്മൂലത്തിലുണ്ട്.
സര്‍ക്കാര്‍ ഇങ്ങനെ നിലപാടെടുത്ത സാഹചര്യത്തില്‍ സര്‍ക്കാറിനും മുസ്ലിംലീഗിനുമെതിരെ ഇ.കെ വിഭാഗം സുന്നി സംഘടനകള്‍ പ്രക്ഷോഭം ആരംഭിച്ചിരുന്നു. വര്‍ഷങ്ങളായി ലീഗിനെ അനുകൂലിക്കുന്ന ഇ.കെ വിഭാഗം ശത്രുതയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കഴിഞ്ഞമാസം പാണക്കാട് ഹൈദരലി തങ്ങളുടെ വീട്ടില്‍ സമസ്തയുടെ നേതാക്കളുമായി ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തിയത്.
സമസ്തയുടെ ആശങ്കകള്‍ക്കെല്ലാം പരിഹാരം കണ്ടതായി ചര്‍ച്ചക്ക് ശേഷം തങ്ങളുടെ സാനിധ്യത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് വിശദികരിക്കുകയും ചെയ്തു.

സത്യവാങ്ങ്മൂലം തിരുത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഉറപ്പുലഭിച്ചതായി സമസ്തയുടെ സമുന്നത നേതാക്കള്‍ അപ്പോള്‍ തന്നെ വിശദീകരിക്കുകയുമുണ്ടായി.

അങ്ങനെയൊരു ഉറപ്പ് നല്‍കിയിട്ടില്ലെന്നാണ് ഇ.ടി മുഹമ്മദ് ബഷീര്‍ റിപ്പോട്ടര്‍ ചാനലിനോട് വിശദീകരിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.