Latest News

മാപ്പിളപ്പാട്ടിന്റെ ഈരടിയില്‍ ഇരുട്ടിനെ വെളിച്ചമാക്കി തസ്‌നി പാടി

പൊന്നാനി: മാപ്പിളപ്പാട്ടിന്റെ ഈരടിയില്‍ ഇരുട്ടിനെ വെളിച്ചമാക്കി തസ്‌നി പാടിയപ്പോള്‍ സദസ്സില്‍ കരഘോഷമായി.

അന്ധതയെ തോല്‍പ്പിച്ച് ഗാനവീഥിയില്‍ ഒട്ടേറെ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ മോങ്ങത്തെ ചേലാട്ട് കുഴിയില്‍ തസ്‌നി പിതാവ് മുഹമ്മദിനൊപ്പമാണ് എംഎസ്എഫ് സംസ്ഥാന മാറ്റ് കലോത്സവത്തിനെത്തിയത്. ജന്‍മനാ അന്ധയാണ് തസ്‌നി.

പഠനത്തിലും കലയിലും തസ്‌നി മുന്നേറുകയായിരുന്നു. വേദികളില്‍ നിന്ന് വേദികളിലേക്ക് തസ്‌നി യാത്ര ചെയ്തു. സ്‌പെഷ്യല്‍ സ്‌കൂള്‍ സംസ്ഥാന കലോത്സവത്തില്‍ 2011ല്‍ ഒന്നാം സ്ഥാനവും 2010ല്‍ രണ്ടാം സ്ഥാനവും നേടി.

അഞ്ചാം തരം മുതല്‍ 12ാം ക്ലാസ് വരെ കൊളത്തറ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് പഠിച്ചത്. എംഎസ്എഫ് മാറ്റിന് ആഹ്ലാദത്തോടെയാണ് തസ്‌നി വിരുന്നെത്തിയത്. ബദറാലേയേറ്റം ഇശലില്‍ തിരുത്തദണ്ഡതില്‍ നിന്നും.... എന്നു തുടങ്ങുന്ന വരികളുമായാണ് മുന്നിലെത്താന്‍ അവതരിപ്പിച്ചത്.

ഫാറൂഖ് കോളജില്‍ ബിഎ സോഷ്യോളജിക്ക് മൂന്നാം വര്‍ഷം പഠിക്കുന്ന തസ്‌നി സ്‌കൂള്‍ തലത്തില്‍ എട്ടു തവണ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. പാട്ടിന്റെ വഴിയില്‍ സഞ്ചരിക്കുന്ന തസ്‌നി അന്ധതയെ മറി കടന്ന് നേടുന്ന അംഗീകാരവും സര്‍ഗാത്മക കഴിവും വിസ്മയിപ്പിക്കുന്നതാണ്.

കലോത്സവത്തില്‍ മികവ് കാണിക്കുന്നവരെ എം.എസ്.എഫ് പരിശീലിപ്പിക്കും
പൊന്നാനി: എം.എസ്.എഫ് മാറ്റ് കലോത്സവത്തില്‍ മികവ് കാണിക്കുന്നവരെ പരിശീലിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് ടി.പി അഷ്‌റഫലിയും ജനസെക്രട്ടറി പി.ജി മുഹമ്മദും വ്യക്തമാക്കി.

വിജയികളെ മാപ്പിള-സാഹിത്യ കലാ അക്കാദമികളുമായി ബന്ധിപ്പിക്കും. കലയുടെ അക്കാദമിക നിലവാരം ഉയര്‍ത്തുകയും പാവങ്ങളെ കലാപരമായി ഉയര്‍ത്തുകയും കഴിവുള്ളവരെ പ്രോല്‍സാഹിപ്പിക്കുകയുമാണ് ലക്ഷ്യം.

രണ്ട് വര്‍ഷം കൂടുമ്പോള്‍ മാറ്റ് സംഘടിപ്പിക്കും. ഇത്രയും വ്യവസ്ഥാപിതമായി നടത്തുന്ന കലോത്സവം വിദ്യാര്‍ത്ഥി രാഷ്ട്രീയ ചരിത്രത്തില്‍ വേറെയില്ലെന്ന് നേതാക്കള്‍ പറഞ്ഞു. നേരത്തെ 2002-ലാണ് മാറ്റ് കലോത്സവം നടന്നത്. ഇടവേളക്ക് ശേഷം നടക്കുന്ന മാറ്റ് കലോത്സവം ചരിത്ര സംഭവമാകുകയാണ്.

പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മാറ്റുരക്കാനുള്ള വേദി കൂടിയാണിത്. ഇവിടെ പണക്കൊഴുപ്പില്ല. പക്കമേളക്കാരുടെ അകമ്പടിയില്ല. പണച്ചെലവും ധൂര്‍ത്തും കലയില്‍ നിന്ന് ഒഴിവാക്കണമെന്ന സന്ദേശം കൂടിയാണ് മാറ്റ് കലോത്സവം പകരുന്നത്.

ഏപ്രില്‍ ഒന്നിനാണ് മാറ്റ് മത്സരങ്ങള്‍ പഞ്ചായത്ത് തലത്തില്‍ തുടങ്ങിയത്. ഏപ്രില്‍ 15വരെ ഇത് തുടര്‍ന്നു. 15 മുതല്‍ നിയോജക മണ്ഡലത്തിലായി മത്സരം. ശേഷം ജില്ലാ തലത്തിലും മത്സരം പൂര്‍ത്തിയാക്കിയാണ് സാംസ്‌കാരിക നവോത്ഥാന ചരിത്രങ്ങളുറങ്ങുന്ന പൊന്നാനിയില്‍ മാറ്റിന് തിരശ്ശീലയുയര്‍ന്നത്.
സ്‌കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ഇല്ലാത്തവര്‍ക്കും പണച്ചെലവ് മൂലം മാറി നില്‍ക്കേണ്ടി വന്നവര്‍ക്കും മാറ്റിലൂടെ പുതിയ കവാടം തുറക്കപ്പെടുകയാണ്. കുട്ടികളുടെ സാന്നിധ്യവും മത്സരങ്ങളുടെ നിലവാരവും മാറ്റിനെ മനോഹരമാക്കുന്നുണ്ട്.

സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് ബദലാവാന്‍ മാറ്റിന് കഴിയുന്നുവെന്നാണ് പങ്കാളിത്തം തെളിയിക്കുന്നതെന്നും നിരവധി കുട്ടികള്‍ ഇതില്‍ സന്തോഷം അറിയിച്ചതായും നേതാക്കള്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.