കര്‍ണാടകയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ടും മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും അടങ്ങുന്ന പ്രതിനിധിസംഘം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദര്‍ശിച്ച് മഅദനിയുടെ മോചനം സംബന്ധിച്ച വിഷയത്തില്‍ ചര്‍ച്ചനടത്തി.മഅദനിക്കെതിരായ കോടതി നടപടികള്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.മഅദനിയുടെ ജാമ്യവുമായി ബന്ധപ്പെട്ട കാര്യത്തില്‍ നിയമപരമായ സഹായം നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ലീഗ് നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ മാറിയതിനാല്‍ ജാമ്യാപേക്ഷ കോടതിയില്‍ വരുമ്പോള്‍ പ്രോസിക്യൂഷന്‍ നിലപാട് എന്താകുമെന്ന കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്തില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'കൃഷ്ണ'യിലായിരുന്നു കൂടിക്കാഴ്ച.
പത്തു മിനിറ്റു നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ മദനിയെ സന്ദര്‍ശിച്ച വിവരവും മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളും നേതാക്കള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ആഭ്യന്തര മന്ത്രി കെ.ജെ. ജോര്‍ജുമായും സംസാരിച്ചു. സഹായകരമായ നിലപാട് ഉണ്ടാകുമെന്നുതന്നെയാണ് അദ്ദേഹം വ്യക്തമാക്കിയതെന്നും നേതാക്കള്‍ പറഞ്ഞു.
നിശ്ചിത സമയത്തിനുള്ളില്‍ കുറ്റപത്രം പോലും സമര്‍പ്പിക്കപ്പെടാതെ കര്‍ണാടകയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ചെറുപ്പക്കാരെയും അനധികൃതമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നവരെയും വിട്ടയയ്ക്കണമെന്നും കുറ്റം തെളിയിക്കപ്പെട്ടവര്‍ക്കെതിരായ കോടതി നടപടികള്‍ വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചതായി സിറാജ് ഇബ്രാഹിം സേട്ട് പറഞ്ഞു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ജനവിരുദ്ധ-ന്യൂനപക്ഷ വിരുദ്ധ ഭരണമാണ് നടന്നതെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി.
ആദ്യമാണ് പാണക്കാട്ട് കുടുംബത്തില്‍നിന്നുള്ള ഒരാള്‍ മഅദനിയെ സന്ദര്‍ശിക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വൈകാരികമായി അദ്ദേഹത്തിന് ഈ സന്ദര്‍ശനം ഏറെ സന്തോഷകരമായി അനുഭവപ്പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതായും സാദിഖലി തങ്ങള്‍ പറഞ്ഞു. മഅദനിയുടെ നിലപാടുകളുമായി ലീഗിന് അഭിപ്രായഭിന്നതകളുണ്ടെങ്കിലും അദ്ദേഹം ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതത്തിന് അറുതിവരണമെന്നാണ് പ്രാര്‍ഥിക്കുന്നത്.
മഅദനിയുടെ മോചനവിഷയത്തില്‍ ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി. നന്നായി ഇടപെട്ടിട്ടുണ്ട്. ജയിലില്‍ മഅദനിയെ ആരോഗ്യവാനായാണ് കാണാനായത്. ജാമ്യവിഷയത്തില്‍ അദ്ദേഹം സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. അതേസമയം മാതാവിന്റെ അസുഖത്തില്‍ മഅദനി ഏറെ വിഷമിച്ചിരിക്കുകയാണ്. ജയില്‍മോചിതനായി നാട്ടിലെത്തണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. കര്‍ണാടകത്തില്‍ ഒരു മതേതര സര്‍ക്കാര്‍ വന്നത് ശുഭപ്രതീക്ഷ നല്‍കുന്നതായും മഅദനി അഭിപ്രായപ്പെട്ടതായി സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ലീഗ് പ്രതിനിധിസംഘം ആരോഗ്യമന്ത്രി യു.ടി. ഖാദറിനെയും ഗതാഗത മന്ത്രി രാമലിംഗറെഡ്ഡിയെയും സന്ദര്‍ശിച്ചു. ബാംഗ്ലൂര്‍ മലയാളികളുടെ യാത്രാപ്രശ്‌നങ്ങള്‍ ഗതാഗതമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കെ.എം.സി.സി. ജനറല്‍ സെക്രട്ടറി എം.കെ. നൗഷാദ്, മുസ്‌ലിം ലീഗ് ബാംഗ്ലൂര്‍ ജില്ലാ പ്രസിഡന്റ് മുനീര്‍ അഹമ്മദ്, വൈസ് പ്രസിഡന്റ് ഇല്യാസ് അഹമ്മദ്, കെ.എം.സി.സി. ട്രഷറര്‍ ഹാരിസ് നീലസാന്ദ്ര, ഇബ്രാഹിം ജെക്കോട്ട എന്നിവര്‍ പ്രതിനിധിസംഘത്തിലുണ്ടായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment