Latest News

ഫേസ്ബുക്ക് കമന്റ്: പോലിസ് മേധാവികളുടെ അനുമതിയില്ലാതെ അറസ്റ്റ് പാടില്ല

ന്യൂഡല്‍ഹി: വെബ്‌സൈറ്റുകളില്‍ അപകീര്‍ത്തികരമായ അഭിപ്രായപ്രകടനം നടത്തിയെന്ന് ആരോപണമുള്ളവരെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യരുതെന്നു സുപ്രിംകോടതി ഉത്തരവിട്ടു.

ഐ.ടി. ആക്ടിലെ 66എ വകുപ്പുപ്രകാരം അറസ്റ്റ് നടത്തുന്നതിനു മുമ്പ് ഐ.ജി., ഡി.സി.പി., എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥരില്‍നിന്ന് അനുമതി തേടണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു ജസ്റ്റിസുമാരായ ബി എസ് ചൗഹാന്‍, ദീപക് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുമ്പോഴും പോലിസ് അതിക്രമം തുടരുകയാണെന്നു വ്യക്തമാക്കി സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. എന്നാല്‍, കേസില്‍ അന്തിമവിധി വരുന്നതുവരെ അറസ്റ്റുകളൊന്നും ഉണ്ടാവരുതെന്ന അപേക്ഷ കോടതി തള്ളിക്കളഞ്ഞു. ഇലക്ടോണിക് മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും മൂന്നുവര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന വകുപ്പാണ് 66 എ. 

തമിഴ്‌നാട് ഗവര്‍ണര്‍ കെ റോസയ്യ, ആന്ധ്രപ്രദേശിലെ എം.എല്‍.എ. അമാഞ്ചി കൃഷ്ണ മോഹന്‍ എന്നിവര്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത പി.യു.സി.എല്‍. ജനറല്‍ സെക്രട്ടറി ജയ വിന്ധ്യാലിന്റെ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.

ഗവര്‍ണറും എം.എല്‍.എയും കുട്ടികളെ കടത്തുന്ന സംഘത്തിന്റെ നേതാക്കളാണെന്നും കഞ്ചാവ്, മണല്‍, ഭൂമാഫിയകളുമായി ബന്ധമുണെ്ടന്നുമായിരുന്നു ജയ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നത്. ഡല്‍ഹിയിലെ നിയമവിദ്യാര്‍ഥിനി ശ്രേയ സിംഗാളാണ് ജയയുടെ അറസ്റ്റ് സുപ്രിംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. 

ശിവസേനാ തലവന്‍ ബാല്‍ താക്കറെയുടെ മരണത്തെ തുടര്‍ന്നു മുംബൈയില്‍ നടത്തിയ ഹര്‍ത്താലിനെതിരേ ഫേസ്ബുക്കില്‍ കമന്റിട്ട ഷഹീന്‍ദാദയെയും മലയാളിയായ റിനു ശ്രീനിവാസനെയും പോലിസ് അറസ്റ്റ് ചെയ്തതിനെതിരേ ശ്രേയ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നു.

ഐ.ടി. ആക്ടിലെ 66എ വകുപ്പ് അഭിപ്രായസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്നാണു ശ്രേയയുടെ വാദം. എന്നാല്‍, വകുപ്പ് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കില്ലെന്നാണു കേന്ദ്രസര്‍ക്കാര്‍ വാദം. വിഷയം നേരത്തേ പരിഗണിച്ച കോടതി മഹാരാഷ്ട്ര, മുംബൈ, ബംഗാള്‍ സര്‍ക്കാരുകള്‍ക്കു നോട്ടീസ് അയച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.