Latest News

സഞ്ജു.വി.സാംസണ്‍ ഐപിഎല്ലിലെ മികച്ച യുവതാരം

കൊല്‍ക്കത്ത: മലയാളികള്‍ക്കഭിമാനിക്കാം സഞ്ജുവെന്ന യുവതാരത്തെയോര്‍ത്ത്. ഐപിഎല്‍ അരങ്ങേറ്റത്തില്‍ തന്നെ മികച്ച യുവതാരത്തിനുള്ള അവാര്‍ഡ് നേടി സഞ്ജു ഇന്ത്യയുടെ ഭാവി പ്രതീക്ഷയായും കേരളക്കരയുടെ മൊത്തം സ്വകാര്യ അഹങ്കാരവുമായി.

ഐപിഎല്‍ സീസണ്‍ 6ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി അരങ്ങേറിയ സഞ്ജു എന്ന പതിനെട്ടുകാരന്റെ പക്വതയാര്‍ന്ന പ്രകടനമാണ് മികച്ച യുവതാരമെന്ന ബഹുമതിക്ക് അര്‍ഹനാക്കിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു വിക്കറ്റിനു പിന്നിലും ബാറ്റിംഗിലും പരിചയ സമ്പന്നരായ താരങ്ങളോട് കിടപിടിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

രാജസ്ഥാന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ ഭാവിവാഗ്ദാനമെന്നാണ് സഞ്ജുവിനെ വിശേഷിപ്പിച്ചത്.

11 മത്സരങ്ങളില്‍ നിന്നായി 206 റണ്‍സാണ് ഈ തിരുവനന്തപുരത്തുകാരന്‍ നേടിയത്. ഇതില്‍ രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണ്ണായകമായ ഒരു അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നു. 5 സിക്‌സറുകളും 19 ബൗണ്ടറികളും സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നു. സഞ്ജുവിന്റെ 63 റണ്‍സ് മികവില്‍ കരുത്തരായ ബാംഗ്ലൂരിനെയായിരുന്നു രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. തന്റെ രണ്ടാമത്തെ മത്സരത്തില്‍ തന്നെ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡും സ്വന്തമാക്കാന്‍ സഞ്ജുവിന് കഴിഞ്ഞു. 41 പന്തില്‍ രണ്ടു സിക്‌സറുകളും ആറു ബൗണ്ടറികളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.

വിക്കറ്റിനു പിന്നിലും അന്താരാഷ്ട്ര താരത്തിന്റേതിനു സമാനമായ കളിമികവായിരുന്നു സഞ്ജു പ്രകടിപ്പിച്ചത്.

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയായിരുന്നു സഞ്ജു വി സാംസണ്‍ന്റെ ഐപിഎല്‍ അരങ്ങേറ്റം. വിക്കറ്റിന് പിന്നില്‍ മൂന്ന് ക്യാച്ചും ഒരു തകര്‍പ്പന്‍ റണ്ണൗട്ടുമായി ശ്രദ്ധയാകര്‍ഷിച്ച സഞ്ജു പിന്നീട് രാജസ്ഥാന്‍ തോല്‍വിയിലേക്ക് വീഴുമെന്ന് തോന്നിയ ഘട്ടത്തില്‍ അജിങ്ക്യ രഹാനയ്‌ക്കൊപ്പം 23 പന്തില്‍ 27 റണ്‍സും സഞ്ജു നേടി്. അവസാനം ടീമിന്റെ വിജയ റണ്ണും നേടിയാണ് സഞ്ജുവെന്ന അരങ്ങേറ്റക്കാരന്‍ അന്ന് മൈതാനം വിട്ടത്.

സഞ്ജു സാംസണ്‍ ഇത് രണ്ടാം സീസണിലാണ് ഐപിഎല്ലില്‍ ഇടം പിടിക്കുന്നത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് പക്ഷെ ഒരു ഐപിഎല്‍ മത്സരം പോലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.

തിരുവനന്തപുരം വിഴിഞ്ഞത്താണ് സഞ്ജുവിന്റെ ജനനം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന സഞ്ജുവിന്‌റെ ആദ്യ ആഭ്യന്തര സെഞ്ച്വറി കഴിഞ്ഞ രഞ്ജി സീസണിലായിരുന്നു. ഹിമാചല്‍ പ്രദേശിനെതിരെ പുറത്താകാതെ 127 റണ്‍സാണ് സഞ്ജു അന്ന് നേടിയത്. കഴിഞ്ഞ ബുച്ചി ബാബു ട്രോഫിയിലെ ടോപ്‌സ്‌കോററും ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.