Latest News

ഏക മകന്‍െറ കൊലയാളികള്‍ക്കെതിരായ പോരാട്ടം സുബൈദക്ക് നേടിക്കൊടുത്തത് നാല് മക്കളെ

യാസറും ഹസനുല്‍ബന്നയും സുബൈദക്കൊപ്പം
ദുബൈ: തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശിനി സുബൈദ ഭാഗ്യവതിയാണ്. വാര്‍ധക്യത്തില്‍ ഇവര്‍ക്ക് തുണയായെത്തിയത് നാല് 'മക്കളാണ്'. ഭര്‍ത്താവ് നേരത്തേ മരിക്കുകയും രണ്ട് പെണ്‍മക്കള്‍ ബാല്യത്തില്‍ തന്നെ വിടപറയുകയും ഏക മകന്‍ 20ാം വയസ്സില്‍ കൊലക്കത്തിക്ക് ഇരയാകുകയും ചെയ്തപ്പോള്‍ സുബൈദ ജീവിതത്തിന് മുന്നില്‍ പകച്ചുനിന്നു.

മകന്റെ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടത്തിനിടെ സമര പന്തലില്‍ വന്നുവീണ ടിയര്‍ഗ്യാസ് ആരോഗ്യം കവര്‍ന്നെടുക്കുക കൂടി ചെയ്തപ്പോള്‍ തുണയായെത്തിയത് നാലു വിദ്യാര്‍ഥികളാണ്. എല്ലാം നഷ്ടപ്പെട്ട് വേദനകള്‍ മാത്രം ബാക്കിയായ സുബൈദയുടെ ജീവിതത്തിലേക്ക് കുളിര്‍മഴയുമായാണ് തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശികളായ നാല് കൗമാരക്കാര്‍ എത്തുന്നത്. 2003ലാണ് സംഭവം.

കൂര്‍ക്കഞ്ചേരി സ്വദേശികളും ബാല്യം മുതല്‍ ഉറ്റ സുഹൃത്തുക്കളുമായ യാസര്‍ അഷറഫ്, ഹസനുല്‍ ബന്ന, ജസീല്‍, സനാര്‍ എന്നിവര്‍ കേരള വര്‍മ കോളജില്‍ നിന്ന് ബിരുദം കഴിഞ്ഞ് തുടര്‍ പഠനം വേണമോ ജോലി നോക്കണമോ എന്നാലോചിച്ച് നില്‍ക്കുന്ന സമയത്താണ് സുബൈദയുടെ ജീവിതത്തിലെ ദുരന്തങ്ങള്‍ മാധ്യമം ദിനപത്രത്തില്‍ വന്ന ഫീച്ചറിലൂടെ ഇവര്‍ അറിയുന്നത്. ഇതോടെ നാല്‍വര്‍ സംഘത്തിന്റെ റമസാനിലെ നോമ്പുതുറകള്‍ ഈ ഉമ്മക്കൊപ്പമായിരുന്നു. തുടര്‍ന്ന് കാര്യമായ ജോലിയൊന്നും ആയില്ലെങ്കിലും ഇവര്‍ ഒരു തീരുമാനമെടുത്തു. ഈ വൃദ്ധയെ ഏറ്റെടുക്കുക. അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുക.

ഈ തീരുമാനത്തിന് ഇവരുടെ മാതാപിതാക്കളും ഒപ്പം നിന്നതോടെ വേദനകള്‍ മാത്രം നിറഞ്ഞ സുബൈദയുടെ ജീവിതത്തിലേക്ക് തേന്‍മഴയായി നാല് മക്കള്‍ എത്തുകയായിരുന്നു. 2003ലെ റമസാന്‍ തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പായിരുന്നു സുബൈദക്ക് പുതിയ നാല് മക്കളെ ലഭിച്ചത്. ഇത്തവണ റമസാന്‍ എത്തുമ്പോഴേക്കും അപൂര്‍വമായ ഈ ഉമ്മ മക്കള്‍ ബന്ധത്തിന് പത്ത് വയസ്സ് തികയുകയാണ്.


തന്റെ മക്കളെ പറ്റി പറയുമ്പോള്‍ സുബൈദക്ക് വാക്കുകള്‍ തികയുന്നില്ല. കണ്ണുകള്‍ നിറഞ്ഞും തൊണ്ട ഇടറിയും തന്റെ ജീവന്‍ ഇവരാണെന്ന് ഈ വൃദ്ധ പറയുന്നു. തനിക്ക് എല്ലാ കാര്യങ്ങളും ഇവര്‍ ചെയ്തുതന്നു. സ്വന്തം ഉമ്മയേക്കാളും നന്നായാണ് തന്നെ നോക്കുന്നത്. ഒരു കാര്യവും അങ്ങോട്ട് ആവശ്യപ്പെടേണ്ടി വന്നിട്ടില്ല. എല്ലാം അറിഞ്ഞ് ചെയ്തുതരും.

ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ തനിക്ക് കിട്ടിയ നിധികളാണ് ഇവരെന്ന് സുബൈദ പറയുന്നു.
ഈ നാലു മക്കളില്‍ ഹസനുല്‍ ബന്ന ഒഴികെ മൂന്ന് പേരും ദുബൈയില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്യുകയാണ്. ഹിറ്റ് എഫ്.എം. ഒരുക്കിയ അവസരത്തിലൂടെ ഇവരുടെ ഉമ്മയും ഇപ്പോള്‍ ദുബൈയിലെത്തിയിട്ടുണ്ട്. ഉമ്മക്കൊപ്പം ഹസനുല്‍ ബന്നയുമുണ്ട്. ഡിഗ്രി കഴിഞ്ഞ് നില്‍ക്കുമ്പോഴാണ് സുബൈദ ഉമ്മയുടെ കഥ അറിയുന്നതെന്നും അവരെ ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും യാസര്‍ അറാഫത്ത് പറഞ്ഞു.

ജോലിയൊന്നുമില്ലാതിരുന്ന തങ്ങള്‍ക്ക് മാതാപിതാക്കളാണ് സുബൈദ ഉമ്മക്കാവശ്യമായ കാര്യങ്ങള്‍ക്കുള്ള പണം തന്നത്. പിന്നീട് ഭാര്യയും മക്കളും എല്ലാം ആയപ്പോഴും പൂര്‍ണ പിന്തുണ തന്നു. ഉമ്മ ഒരിക്കലും ഒരാവശ്യവും പറഞ്ഞ് തങ്ങളെ സമീപിച്ചിട്ടില്ലെന്ന് ഹസനുല്‍ ബന്ന പറയുന്നു. യാസിറും ജസീലും സനാറും ദുബൈയിലായതിനാല്‍ മിക്കപ്പോഴും ഹസനുല്‍ ബന്നക്കൊപ്പമാണ് ഉമ്മയുടെ ജീവിതം. മറ്റുള്ളവര്‍ ഓരോരുത്തരും നാട്ടിലെത്തുമ്പോള്‍ അവര്‍ക്കൊപ്പമായിരിക്കും ഉമ്മ. മുറ്റിച്ചൂരില്‍ മക്കളുടെ സഹായത്തോടെ ഉമ്മ ഒരു വീടും പണിതിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഉംറക്കും പോയി.

രോഗം വന്നാലും ഏത് ആവശ്യങ്ങളുണ്ടായാലും ഓടിയെത്തുന്ന ഇവര്‍ മക്കളേക്കാള്‍ പ്രിയപ്പെട്ടവരാണെന്ന് സുബൈദ പറയുന്നു. മക്കള്‍ക്കായി എല്ലാ ദിവസവും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.


(കടപ്പാട്: ഗള്‍ഫ് മാധ്യമം)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

1 comment:

  1. thaane kannu niranju povunnu ith vayikkumbol.. aa vrdhayaaya ummayod katiya sneham ee nalvar sangathe athyunnathiyilethikkathirikkilla..

    ReplyDelete

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.