കാസര്‍കോട്: മുസ്ലീം വിഭാഗത്തില്‍പ്പെട്ട ഹനഫി ഉപവിഭാഗക്കാര്‍ക്കും എല്ലാ സംവരണ ആനുകൂല്യങ്ങളും അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന പിന്നോക്ക് വിഭാഗ കമ്മീഷന്‍ സിറ്റിംഗില്‍ വിചാരണയ്ക്ക് എടുത്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ടേര്‍ഡ് ജസ്റ്റീസ് ജി.ശിവരാജന്‍ പരാതിക്കാരില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു.
ജില്ലയിലെ മുസ്ലീം വിഭാഗത്തില്‍പ്പെട്ട ഹനഫി മുസ്ലീംങ്ങള്‍ക്ക് മാപ്പിള വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന സംവരണ ആനുകൂല്യങ്ങള്‍ നിലവില്‍ ലഭിക്കുന്നില്ല. ഈ ആനുകൂല്യങ്ങള്‍ ലഭിക്കണമെന്ന് ഹനഫി വിഭാഗക്കാര്‍ കമ്മീഷന്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. കൂടാതെ മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുളള ഇതേ ആവശ്യം ഉന്നയിച്ചു കമ്മീഷന്‍ മുമ്പാകെ അപേക്ഷ നല്‍കിയിരുന്നു. മാപ്പിള എന്ന വിഭാഗം നോക്കാതെ എല്ലാ മുസ്ലീംങ്ങള്‍ക്കും ആനുകൂല്യം ലഭിക്കണമെന്ന അഭ്യര്‍ത്ഥനയാണ് കമ്മീഷന്‍ മുമ്പാകെ ലഭിച്ചിട്ടുളളത്. തങ്ങളുടെ ആവശ്യം പരിഗണിക്കണമെന്ന് തൃശ്ശൂര്‍ ഹനഫി-ധക്‌നി ജമാ-അത്ത് ജനറല്‍ സെക്രട്ടറി കെ.എച്ച്.ഇസ്മയില്‍ഷെരീഫ്, ജില്ലാപഞ്ചായത്ത് അംഗം ഫരീദാസക്കീര്‍, റിട്ടേയഡ് ആര്‍ഡിഒ ഷെക്ക്കാസിം എന്നിവരും കമ്മീഷന്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചു. ജൂണ്‍ അവസാന വാരം കാസര്‍കോട് നടക്കുന്ന സിറ്റിംഗില്‍ കൂടുതല്‍ തെളിവുകള്‍ നേരിട്ട് സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരനായ ചെര്‍ക്കളം അബ്ദുളളയോട് ആവശ്യപ്പെടുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
ജനസംഖ്യയില്‍ ഏറ്റവും കുറവുളള മാളവ സമുദായത്തില്‍പ്പെട്ടവരെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും മാളവ സമുദായ സംഘം സെക്രട്ടറി എച്ച്.എന്‍.ജഗദീഷ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശക്തരായിരുന്ന മാളവ സമുദായക്കാര്‍ മൈസൂര്‍ ഭരിച്ചിരുന്ന ഹൈദരാലിയുടെ ആക്രമണത്തെ ചെറുത്ത് നിന്നപ്പോള്‍ ആ സമൂഹത്തെ തന്നെ നാമാവശേഷമാക്കി. അതില്‍ വിരലിലെണ്ണാവുന്ന കുറച്ചു പേര്‍ മാത്രം ബാക്കിയാവുകയായിരുന്നു. ഇപ്പോള്‍ ഈ വിഭാഗത്തില്‍ 50 കുടുംബങ്ങളും 300 അംഗങ്ങളും മാത്രമാണുളളത്. എന്നാല്‍ സംസ്ഥാനത്തെ ജാതി ലിസ്റ്റില്‍ പോലും മാളവ എന്ന ജാതി രേഖപ്പെടുത്തിയിട്ടില്ല. ഈ വിഭാഗക്കാരെ ഒരു ജാതിയായി ഒബിസി ലിസ്റ്റില്‍ പെടുത്തുന്നതിനുളള നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇതിനകം തന്നെ സമുദായക്കാര്‍ ഇതു സംബന്ധിച്ച് ജില്ലാകളക്ടര്‍ക്ക് നല്‍കിയിട്ടുളള നിവേദനത്തില്‍ എടുക്കുന്ന നടപടിക്കനുസൃതമായി അനന്തര നടപടികള്‍ സ്വീകരിക്കാനും കമ്മീഷന്‍ തീരുമാനിച്ചു.
തീയ്യ-കാവുതീയ്യ എന്ന ജാതിയില്‍ പെട്ടവര്‍ക്ക് തീയ്യ സമുദായത്തിനു നല്‍കുന്ന ആനുകൂല്യം ലഭിക്കണമെന്ന് സംഘടനയുടെ പ്രസിഡണ്ട് പി.സുകുമാരനും സെക്രട്ടറി എം.പി.നാരായണനും സമര്‍പ്പിച്ച ഹര്‍ജി കമ്മീഷന്‍ പരിശോധിച്ചു. നിലവില്‍ മുടിമുറിക്കുന്ന കുലത്തൊഴിലായിട്ടുളള കാവുതീയ്യ എന്ന വിഭാഗം മാത്രമാണ് ഒബിസി ലിസ്റ്റിലുളളത്. തീയ്യ-കാവുതീയ്യ എന്ന പേരില്‍ ഒരു ജാതി ഒബിസി ലിസ്റ്റിലില്ല. ആയതിനാല്‍ തീയ്യ-കാവുതീയ്യ എന്ന ജാതിപ്പേര് ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുളള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകണമെന്ന കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
നെയ്ത്തു കുലത്തൊഴിലായ പത്മശാലി വിഭാഗക്കാരെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് സംഘടനാ പ്രസിഡണ്ട് കെ.എം. നാരായണയുടേയും സെക്രട്ടറി വി.നിത്യാനന്ദയുടേയും അപേക്ഷ കമ്മീഷന്‍ വിചാരണ ചെയ്തു. നിലവില്‍ വിദ്യാഭ്യാസ ആനുകൂല്യം മാത്രം ലഭിക്കുന്ന ഈ വിഭാഗക്കാര്‍ കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും ഒബിസി വിഭാഗത്തില്‍ പെട്ടവരാണ്. പോണ്ടിച്ചേരിയിലും ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടിയായിട്ടുണ്ട്. വിദ്യാഭ്യാസ ആനുകൂല്യം ലഭിച്ചു വരുന്ന മൂവാരി സമുദായത്തെ ഒബിസി വിഭാഗത്തില്‍ പെടുത്തണമെന്നും കൊടക്കാട് കെ.വി.രമണിയുടേയും അപേക്ഷ കമ്മീഷന്‍ പരിശോധിച്ചു. ഇതു സംബന്ധിച്ച പ്രത്യേക ഹര്‍ജി സമര്‍പ്പിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
കമ്മീഷന്‍ അംഗങ്ങളായ മുളളൂര്‍ക്കര മുഹമ്മദ് അലി സഖാഫി, കെ.ജോണ്‍ ബ്രിട്ടോ എന്നിവരും പങ്കെടുത്തു. ഡെപ്യൂട്ടി കളക്ടര്‍ പി.കെ.സുധീര്‍ബാബു സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment