Latest News

ബംഗ്ലാദേശ് കെട്ടിട ദുരന്തം: 17 ദിവസങ്ങള്‍ക്കു ശേഷം രേഷ്മയ്ക്ക് ജീവന്റെ പ്രകാശം


ധക്ക: ബംഗ്ലാദേശില്‍ ആയിരത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ കെട്ടിടദുരന്തത്തില്‍പ്പെട്ട രേഷ്മയ്ക്കിത് പുതുജീവിതം.

വെളളിയാഴ്ച തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയാണ് രേഷ്മയുടെ തളര്‍ന്ന ശബ്ദം അഗ്നിശമനസേനാംഗങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചത്. ദുരന്തത്തിനിരയായ ഒമ്പതു നിലയുള്ള റാണാ പ്ലാസ കെട്ടിടത്തിന്റെ ഏറ്റവും താഴെയുള്ള നിലയില്‍ തൂണിനും ഉത്തരത്തിനും ഇടയിലുള്ള ഒഴിഞ്ഞസ്ഥലത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു യുവതി.

കൈയിലുണ്ടായിരുന്ന ഉണക്കിയ ഭക്ഷണം ഉപയോഗിച്ചാണ് ആദ്യ ദിവസങ്ങളില്‍ പിടിച്ചുനിന്നത്. എന്നാല്‍, ഒരാഴ്ചയിലേറെയായി വെറും വെള്ളം മാത്രമായിരുന്നു ശരണം. കൈയില്‍ കരുതിയിരുന്ന വെള്ളം തീര്‍ന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കെട്ടിടത്തിലേക്ക് അടിച്ച വെള്ളവും ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ചു.

യുവതിയെ രക്ഷപ്പെടുത്തിയതറിഞ്ഞ് സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ സന്തോഷത്താല്‍ ഉച്ചത്തില്‍ ആര്‍പ്പുവിളിച്ചു. ബിസ്‌കറ്റും ഗ്ലൂക്കോസും നല്‍കിയ ശേഷം യുവതിയെ ധക്ക സൈനിക ആശുപത്രിയിലേക്കു മാറ്റി. ഇനിയൊരു പകല്‍വെളിച്ചം കാണാനാവുമെന്ന് സ്വപ്നത്തില്‍ കരുതിയിരുന്നില്ലെന്ന് അവര്‍ പതിഞ്ഞ ശബ്ദത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

മൂക്കിലെ ചെറിയ മുറിവൊഴിച്ചാല്‍ മറ്റ് പരിക്കുകളൊന്നുമില്ല. ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ അങ്ങേയറ്റം അവശയായിട്ടുണെ്ടന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തലമുടി പകുതിയിലേറെ കൊഴിഞ്ഞിട്ടുണ്ട്. റാണാ പ്ലാസയിലെ തുണി ഫാക്ടറിയിലെ തയ്യല്‍ ജീവനക്കാരിയായിരുന്നു 19കാരിയായ രേഷ്മ.

കഴിഞ്ഞ 24നാണ് തലസ്ഥാനമായ ധക്കയുടെ പ്രാന്തപ്രദേശത്തെ റാണ പ്ലാസ വ്യാപാരസമുച്ചയം തകര്‍ന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.