Latest News

മലയാള സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് താരപരിവേഷത്തോടെ ഒമാനില്‍ നിന്ന് ഒരു ബാല താരമെത്തുന്നു

മസ്കത്ത്: മലയാള സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് താരപരിവേഷത്തോടെ ഒമാനില്‍ നിന്ന് ഒരു ബാല താരമെത്തുന്നു. ഈമാസം കണ്ണൂരില്‍ ചിത്രീകരണം ആരംഭിക്കുന്ന ‘പക്ഷികള്‍ക്ക് പറയാനുള്ളത്’ എന്ന ഹ്രസ്വ ചലച്ചിത്രത്തിലാണ് ലൈത്ത് അല്‍ ലവാത്തി എന്ന ഒമാനി ബാലതാരം വേഷമിടുന്നത്.

ആദ്യമാണ് ഒരു ഒമാനി മലയാള സിനിമയുടെ ഭാഗമാകുന്നത്. തൃശൂര്‍ കേച്ചേരി സ്വദേശി സുധ ഷായുടെ സിനിമയിലൂടെയാണ് ലൈത്ത് കേരളത്തിലെത്തുന്നത്. ഏഴാമത് മസ്കത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മുതിര്‍ന്ന അഭിനേതാക്കളെ അട്ടിമറിച്ച് ഏറ്റവും നല്ല നടനുള്ള പുരസ്കാരം സ്വന്തമാക്കിയ നടനാണ് ഈ നാലാം ക്ളാസുകാരന്‍. 

വര്‍ഷങ്ങളായി മസ്കത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംവിധായികയാണ് സുധ ഷാ. മസ്കത്ത് ചലച്ചിത്രോത്സവത്തിന്‍െറ സംഘാടക കൂടിയാണിവര്‍. ഇവിടെ പ്രദര്‍ശിപ്പിച്ച റെനീന്‍ എന്ന ഹ്രസ്വ ചിത്രത്തില്‍ ലൈത്ത് കാഴ്ചവെച്ച അദ്ഭുത പ്രകടനമാണ് സുധ ഷായെ ഈ കൊച്ചുമിടുക്കനിലേക്ക് എത്തിക്കുന്നത്. ലൈത്തിന്‍െറ അമ്മാവനും മസ്കത്ത് ഖൗല ആശുപത്രിയിലെ എല്ലുരോഗ വിഭാഗം സര്‍ജനുമായ ഡോ. മൈതം അല്‍ മൂസവി സംവിധാനം ചെയ്ത ചിത്രമാണ് റെനീന്‍. 

മസ്കത്ത് മേളയില്‍ മികച്ച ചിത്രം, നടന്‍, തിരക്കഥ എന്നീ അവാര്‍ഡുകളാണ് റെനീന്‍ വാരിക്കൂട്ടിയത്. ഈ ചിത്രത്തിലൂടെയാണ് ലൈത്ത് കാമറക്കു മുന്നിലെത്തുന്നത്. ആശുപത്രിയില്‍ ഒറ്റപ്പെടുന്ന അനാഥ ബാലന്‍െറ വേഷമാണ് ഈ മിടുക്കന്‍ കാമറക്കു മുന്നില്‍ സുന്ദരമായി അവതരിപ്പിച്ചത്. ചിത്രത്തില്‍ ലൈത്ത് ജീവിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ മൈതം പറഞ്ഞു. ഈ മികവിന്‍െറ ബലത്തില്‍ അമ്മാവന്‍ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളിലും മരുമകനുണ്ട്. 

ഇന്ത്യന്‍ സിനിമയില്‍ ലൈത്തിന് ആകെ അറിയുന്ന പേര് അമിതാബച്ചന്‍െറയും ഷാറൂഖ് ഖാന്‍െറയുമാണ്. കേരളത്തില്‍ ഇഷ്ടം പോലെ മലയാളി കുട്ടികള്‍ അഭിനയ രംഗത്തുള്ളപ്പോള്‍ എന്തുകൊണ്ട് ഒരു ഒമാനി പയ്യന്‍ എന്ന ചോദ്യത്തിന്, ലൈത്തിന്‍െറ മുഖത്തെ നിഷ്കളങ്കത അസാധാരണമാണെന്നും മുതിര്‍ന്ന നടന്മാരെ തോല്‍പ്പിക്കുന്ന അസാമാന്യ അഭിനയ പാടവമാണ് ഈ കൊച്ചുമിടുക്കനുള്ളതെന്നുമായിരുന്നു സംവിധായികയുടെ മറുപടി. 

ഹിന്ദി സിനിമയിലെ സംഘട്ടന രംഗങ്ങളാണ് പയ്യന്‍സിന് ഏറ്റവും ഇഷ്ടമുള്ളത്. സുധ ഷാ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ നടന്‍ ശ്രീനിവാസനും ലക്ഷ്മിഗോപാലസ്വാമിക്കും ഒപ്പം ശ്രദ്ധേയമായ വേഷമിടാന്‍ അടുത്തദിവസം കേരളത്തിലേക്ക് പുറപ്പെടുന്നതിന്‍െറ ത്രില്ലിലാണ് കൊച്ചുതാരവും അമ്മാവനും. 

ലൈംഗികതയിലേക്ക് വലിച്ചിഴക്കപ്പെടുന്ന കുട്ടികളുടെ കഥ പറയുന്ന ‘പക്ഷികള്‍ക്ക് പറയാനുള്ളത്’ എന്ന ചിത്രം പൂര്‍ണമായും പ്രവാസി സംരംഭമാണ്. അര്‍ഗോണ്‍ ഗ്ളോബല്‍ വിഷന്‍ എന്ന പേരില്‍ ദോഹയിലെ അബ്ദുല്‍ഗഫൂറാണ് ചിത്രത്തിന്‍െറ നിര്‍മാതാവ്. ഒരു കാലത്ത് സിനിമാ സംഗീതരംഗം അടക്കിവാണ ജെറി അമല്‍ദേവ് ആദ്യമായി പശ്ചാത്തല സംഗീതകാരനായി തിരിച്ചെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 

ഗിരീഷ് പുത്തഞ്ചേരി മരണത്തിന് മുമ്പ് കുറിച്ചിട്ടവയാണ് ഇതിലെ ഗാനങ്ങള്‍. ലൈത്തിന്‍െറ ലവാത്തി എന്ന കുടുംബ നാമത്തിന്‍െറ വേരുകള്‍ ഇന്ത്യയിലാണ്. മലയാള സിനിമയില്‍ വേഷമിടുന്നതോടെ ആ സാംസ്കാരിക പൈതൃകം കൂടി തിരിച്ചുപിടിക്കുകയാണ് ലൈത്ത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.