Latest News

കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ ജയില്‍ചാടി

തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ ജയില്‍ചാടി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് റിപ്പര്‍ ജയാനന്ദനും സഹതടവുകാരനായ പ്രകാശനും രക്ഷപ്പെട്ടത്. ഇരട്ടക്കൊലപാതകക്കേസ് ഉള്‍പ്പടെ ഏഴു കൊലക്കേസ്സിലും 14 കവര്‍ച്ചാക്കേസുകളിലും പ്രതിയാണ് തൃശ്ശൂര്‍ മാള പള്ളിപ്പുറം ചെന്തുരത്തിയില്‍ കുറുപ്പന്‍ പറമ്പില്‍ ജയാനന്ദന്‍. കാവല്‍ക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതികള്‍ കിടന്ന സെല്ലില്‍ തലയിണയും തുണിയും ഉപയോഗിച്ച് രണ്ട് ഡമ്മികള്‍ ഉണ്ടാക്കിവെച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുമ്പോള്‍ ജയില്‍ചാടിയ ജയാനന്ദനെ ഊട്ടിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. അന്നും ഡമ്മികള്‍ ഉണ്ടാക്കിവെച്ചാണ് ജയാനന്ദന്‍ മറ്റൊരാള്‍ക്കൊപ്പം ജയില്‍ ചാടിയത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുമ്പോഴും ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചിരുന്നു. സുരക്ഷ കണക്കിലെടുത്താണ് പൂജപ്പുരയിലെ പ്രത്യേക സെല്ലിലേക്ക് ഇയാളെ മാറ്റിയത്. ജയില്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അബ്കാരിക്കേസുകളിലും മോഷണക്കേസുകളിലും ശിക്ഷ അനുഭവിക്കുന്നയാളാണ് ജയില്‍ചാടിയ പ്രകാശന്‍.

2004 ഒക്ടോബര്‍ മൂന്നിന് തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് കളപ്പുരക്കല്‍ സഹദേവന്‍, ഭാര്യ നിര്‍മല എന്നിവരെ കൊന്നു കവര്‍ച്ച നടത്തിയ കേസ്സില്‍ ജയാനന്ദനെ തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷക്ക് വിധിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വെറുതെ വിട്ടു. 2004 മാര്‍ച്ച് 28ന് മാള പള്ളിപ്പുറം കളത്തിപ്പറമ്പില്‍ നബീസ, മരുമകള്‍ ഫൗസിയ എന്നിവരെ കൊന്ന കേസ്സിലും സി.ബി.ഐ. കോടതി ശിക്ഷിച്ചെങ്കിലും പിന്നീട് വെറുതെവിട്ടു. മാളയിലെ പഞ്ഞിക്കാരന്‍ ജോസിനെ കൊലപ്പെടുത്തിയതടക്കം രണ്ട് കൊലക്കേസുകളിലും ഇയാള്‍ പ്രതിയാണ്. തെക്കന്‍ കേരളത്തില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുണ്ട്. ഒരിക്കല്‍ ജയിലിലെ ക്ലോസറ്റ് പൊട്ടിച്ച് തുരന്നു ഗുഹയാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചതായി ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.