Latest News

വ്യാപാരിയുടെ കൊലപാതകം: ഭാര്യയും കാമുകനും ബന്ധുവും പിടിയില്‍

മംഗലാപുരം:സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വ്യാപാരി അബ്ദുള്‍ റഷീദിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയെയും കാമുകനെയും ബന്ധുവിനെയും അറസ്റ്റുചെയ്തു. കഴിഞ്ഞയാഴ്ച തണ്ണീര്‍ബാവി ബീച്ചിലാണ് മംഗലാപുരം സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വ്യാപാരിയായിരുന്ന കുദ്രോളി സ്വദേശി അബ്ദുള്‍ റഷീദിനെ മരിച്ച നിലയില്‍ കാണപ്പെടുന്നത്. 

റഷീദിന്റെ ഭാര്യ നസീമ(36), കാമുകന്‍ മുഹമ്മദ് ഇമ്രാന്‍, നസീമയുടെ സഹോദരീഭര്‍ത്താവ് സലീം(38) എന്നിവരാണ് അറസ്റ്റിലായത്. പ്രൊഫഷണല്‍ കൊലയാളിയെ ഉപയോഗിച്ച് ഇവരാണ് റഷീദിനെ കൊല്ലിച്ചതെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നടത്തിയ മഞ്ചേശ്വരത്തെ അബ്ദുള്ള എന്ന കലിയ, മുക്രി സിദ്ദീഖ് എന്നിവര്‍ ഒളിവിലാണ്.

നസീമയ്ക്ക് ഇമ്രാനുമായുള്ള ബന്ധത്തിന് തടസ്സമാവുമെന്നു കണ്ടാണ് റഷീദിനെ കൊല്ലാന്‍ തീരുമാനിക്കുന്നത്. ഇതിനായി ഇമ്രാനും സലീമും മഞ്ചേശ്വരത്തെ ക്രിമിനലായ അബ്ദുള്ളയെ സമീപിക്കുകയായിരുന്നു. ഒരുലക്ഷം രൂപയാണ് പ്രതിഫലം നല്കിയത്. 21ന് രാത്രിയായിരുന്നു സംഭവം. റഷീദിനുള്ള ഭക്ഷണത്തില്‍ മയക്കുമരുന്നു ചേര്‍ത്ത നസീമ രാത്രി പ്രതികള്‍ക്ക് വരാന്‍ വാതില്‍ തുറന്നുകൊടുത്തു. പ്രതികള്‍ വീട്ടില്‍ കടന്ന് ഇരുമ്പുകമ്പികൊണ്ട് റഷീദിനെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. വീട്ടില്‍ ചിതറിയ ചോര നസീമ കഴുകി വൃത്തിയാക്കി. തുടര്‍ന്ന് പ്രതികള്‍ മൃതദേഹം തൊട്ടടുത്ത ഗുരുപുര പുഴയിലേക്കിട്ടു. ഇവിടെനിന്ന് ഒഴുകിയാണ് ബീച്ചിലെത്തിയത്.

റഷീദ് ആത്മഹത്യചെയ്തതാണെന്നായിരുന്നു ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ശരീരത്തില്‍ മുറിവുകള്‍ കണ്ടത് സംശയമുണ്ടാക്കി. തുടര്‍ന്നാണ് പനമ്പൂര്‍ എസ്.ഐ. ഭാരതി കേസ് രജിസ്റ്റര്‍ചെയ്യുന്നത്. നസീമയെ ചോദ്യംചെയ്തപ്പോള്‍ സത്യങ്ങളെല്ലാം പുറത്തുവന്നു. തുടര്‍ന്ന് വീട് ഫൊറന്‍സിക് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ചു. അവിടെനിന്ന് രക്തക്കറയും കണ്ടെത്തി.

നസീമയുടെ പരപുരുഷബന്ധം റഷീദിനറിയാമായിരുന്നു. ഇതിന്റെ പ്രായശ്ചിത്തത്തിനായി നസീമയെയും കൂട്ടി ഉംറ തീര്‍ഥാടനത്തിന് പദ്ധതിയിട്ടിരുന്നു. ഇതിനായി പാസ്‌പോര്‍ട്ടെടുക്കാന്‍ നസീമയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മൂന്നു പ്രതികളെയും പോലീസ് കോടതിയില്‍ ഹാജരാക്കി. കൊലപാതകികള്‍ക്കുള്ള തിരച്ചില്‍ തുടരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.