Latest News

ജൈവകൃഷി സെമിനാറിലെ എന്‍ഡോസള്‍ഫാന്‍ അനുകൂല പ്രസംഗം പ്രതിഷേധത്തിനിടയാക്കി


പെരിയ: ജില്ലയിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ജൈവകൃഷി സെമിനാറില്‍ എന്‍ഡോസള്‍ഫാനെ അനുകൂലിച്ച് സംസാരിച്ച കാര്‍ഷിക ശാസ്ത്രജ്ഞന്റെ പ്രസംഗം പ്രതിഷേധത്തിനിടയാക്കി.

ജൈവകൃഷി വ്യാപനത്തിനായി പുല്ലൂര്‍ പെരിയ പഞ്ചായത്തും തലശ്ശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും സംഘടിപ്പിച്ച പഠനശിബിരത്തില്‍ മോഡറേറ്ററായി എത്തിയ ഡോ. കെ.എം.ശ്രീകുമാറിന്റെ പ്രസംഗമാണ് ബഹളത്തിനും പ്രതിഷേധത്തിനും ഇടയാക്കിയത്. നീലേശ്വരം കാര്‍ഷികകോളേജിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ശ്രീകുമാര്‍ നേരത്തെതന്നെ ലേഖനങ്ങളിലൂടെ എന്‍ഡോസള്‍ഫാന് അനുകൂലമായി പ്രതികരിച്ചിട്ടുള്ളയാളാണ്.

പെരിയ കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.നാരായണന്‍ നമ്പൂതിരി, സി.പി.സി.ആര്‍.ഐ. ഡയറക്ടര്‍ ഡോ. ജോര്‍ജ് വി.തോമസ് എന്നിവരുടെ സാന്നിധ്യത്തിലാണ് മോഡറേറ്റര്‍ വിവാദപ്രസംഗം നടത്തിയത്. പഠന ശിബിരത്തിന്റെ ലക്ഷ്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ജില്ലയില്‍ എന്‍ഡോസന്‍ഫാന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ഡോ. ശ്രീകുമാര്‍ പറഞ്ഞു. സംസ്ഥാന ശരാശരിക്ക് അപ്പുറം കാസര്‍കോട് ജില്ലയില്‍ ജനിതക രോഗബാധിതര്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പേരില്‍ നടക്കുന്ന സമരങ്ങളും ബഹളങ്ങളും ജില്ലയെ ജനിതകരോഗികളുയട നാടായി ചിത്രീകരിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കാത്ത സ്ഥലങ്ങളിലും രോഗബാധിതരുണ്ട്. കണ്ണൂരിലെ ചെമ്പിലോട് രോഗബാധിതര്‍ ഉള്ളത് എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ചിട്ടാണോ അദ്ദേഹം ചോദിച്ചു.

പ്രസംഗം ഇത്രയുമായപ്പോഴേക്ക് സദസ്സില്‍നിന്ന് ബഹളം ഉയര്‍ന്നു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമിതി പ്രവര്‍ത്തകരായ കൃഷ്ണകുമാര്‍, കെ.കൊട്ടന്‍, അബ്ബാസ് തുടങ്ങിയവര്‍ പ്രതിഷേധസ്വരങ്ങളുയര്‍ത്തി. പഠനശിബിരം നടന്നുകൊണ്ടിരിക്കെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണനും ഹാളിലെത്തി. ജില്ലയില്‍ ജൈവകൃഷി നടപ്പാക്കാന്‍ ഇടയായത് തന്നെ എന്‍ഡോസള്‍ഫാന്‍ പ്രയോഗം കൊണ്ടാണെന്ന് മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സെമിനാറുകളില്‍ പങ്കെടുത്ത് എന്‍ഡോസള്‍ഫാനെ ന്യായീകരിക്കുന്നത് ആത്മവഞ്ചനയാണെന്ന് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ശ്രീകുമാറിന്റെ അഭിപ്രായത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയാണ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ. നാരായണന്‍ നമ്പൂതിരി പ്രസംഗം അവസാനിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷനാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. ഫാദര്‍ തോമസ് തയ്യില്‍, കൃഷി ഓഫീസര്‍ എം.സിന്ധു, മാത്യു റാഫേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.