Latest News

കണ്ണീരുമായി കാത്തിരിക്കുന്നു ഇസ്മായീലിന്റെ കുടുംബം

ശ്രീലങ്കന്‍ ജയിലില്‍ നിന്നു വിട്ടയച്ച മഞ്ചേശ്വരം സ്വദേശി പൂജപ്പുര ജയിലില്‍ 
കാസര്‍കോട്: ഇന്ത്യ-ശ്രീലങ്ക സര്‍ക്കാരുകള്‍ ഒപ്പുവച്ച തടവുകാരെ കൈമാറാനുള്ള കരാര്‍ നടപ്പായതിനെത്തുടര്‍ന്ന് വിട്ടയച്ച കാസര്‍കോട് ഹൊസങ്കടി സ്വദേശി ഇപ്പോഴും പൂജപ്പുര ജയിലില്‍. കരാറിനെ തുടര്‍ന്ന് ഏഴു മലയാളികള്‍ അടക്കം 26 ഇന്ത്യക്കാര്‍ മോചിതരായിരുന്നു. മഞ്ചേശ്വരം ഹൊസങ്കടി പിരാരമൂലയിലെ എച്ച് കെ ഇസ്മായീല്‍ അഹ്മദ്, പള്ളിക്കര മൗവ്വല്‍ ഹൗസില്‍ ഹുസൈന്‍ എന്നീ കാസര്‍കോട് സ്വദേശികളും മോചിപ്പിക്കപ്പെട്ടവരില്‍പ്പെടും.

ഏജന്റുമാരാല്‍ വഞ്ചിക്കപ്പെട്ടാണ് ഇരുവരും കൊളംബോ വെലിക്കട സെന്‍ട്രല്‍ ജയിലിലായത്. വസ്ത്രവ്യാപാരിയായ ഇസ്മായീല്‍ 15 വര്‍ഷമായി ശ്രീലങ്കന്‍ ജയിലിലായിരുന്നു. 1998ലാണു വ്യാപാരത്തിനായി ഇസ്മായീല്‍ ചെന്നൈയിലേക്കു പോയത്. വസ്ത്രവ്യാപാരത്തിനു പോയ തന്നെ ചെന്നൈയില്‍ വച്ച് ഏജന്റ് വസ്ത്രങ്ങളുമായി ശ്രീലങ്കയിലേക്ക് അയച്ചെന്നും വസ്ത്രങ്ങളുടെ കെട്ടിനകത്തു മയക്കുമരുന്ന് ഒളിപ്പിച്ചുവച്ച് ഏജന്റ് വഞ്ചിച്ചുവെന്നാണ് ഇസ്മായീല്‍ വീട്ടില്‍ അറിയിച്ചിരുന്നത്. ഈ കുറ്റത്തിന് 14 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നതിനിടയിലാണ് കഴിഞ്ഞ ഫെബ്രുവരി 27ന് ഇവരെ രാജ്യത്തിനു കൈമാറിയത്.

തടവുകാലാവധി കഴിയാത്തതുമൂലം ഇസ്മായീലിനെ പൂജപ്പുര ജയിലിലേക്കു മാറ്റുകയായിരുന്നു. എന്നാല്‍, ചെയ്യാത്ത കുറ്റത്തിനു ജീവിതത്തിലെ നല്ലൊരു ഭാഗം ജയിലില്‍ കിടന്നിട്ടും മോചനം ലഭിക്കാത്തത് അനീതിയാണെന്ന് വീട്ടുകാര്‍ പറയുന്നു.

കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല നയിച്ച കേരളയാത്രയുടെ ഉദ്ഘാടനത്തിന് ഹൊസങ്കടിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇസ്മായീലിന്റെ ഭാര്യയും മക്കളും അദ്ദേഹത്തെ വിട്ടയക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നുവെങ്കിലും ഇതില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.