Latest News

സാന്ത്വനമായി നതാലിയയും മക്ക്വറിയും എത്തി


കാസര്‍കോട്: മാനസികമായ വെല്ലുവിളി നേരിടുന്നവരെ സാന്ത്വനിപ്പിക്കാന്‍ കൊളംബിയക്കാരിയായ നതാലിയ എയ്ഞ്ചലും കാനഡക്കാരിയായ അന്ന മക്ക്വറിയും ജില്ലയിലെത്തിയത്.

 മാനസിക വെല്ലുവിളി നേരിടുന്നവരെ സഹായിക്കാനായി അന്താരാഷ്ട്ര തലത്തില്‍ രൂപം കൊണ്ട ഇന്‍ക്ലൂഷന്‍ ഇന്റര്‍നാഷണലിന്റെ പ്രതിനിധികളാണിവര്‍.പരിവാറിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായുളള ശില്‍പ്പശാലയില്‍ പങ്കെടുത്ത അവര്‍ കുട്ടികളും അവരുടെ മാതാപിതാക്കളുമായി സംവദിച്ചു.
മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെ പൊതുസമൂഹത്തിന്റെ ഭാഗമാക്കാന്‍ നമ്മുടെ വിദ്യാലയങ്ങളും പൊതു സമൂഹവും അവസരമൊരുക്കേണ്ടതാണെന്ന് അന്ന മക്ക്വറി പറഞ്ഞു. വൈകല്യം ബാധിച്ചവരെ ചെറുതായി കാണുന്നതിനു പകരം വൈകല്യം വൈവിധ്യത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കുന്നതിലാണ് നമ്മുടെ വിജയമെന്ന് നതാലിയ എയ്ഞ്ചല്‍ അഭിപ്രായപ്പെട്ടു. 

സ്വന്തം കാര്യം ചെയ്യാന്‍ അവരെ പര്യാപ്തരാക്കുക ചെറിയ ചെറിയ തീരുമാനങ്ങല്‍ എടുക്കുന്നതിന് അവരെ സഹായിക്കുക എന്നിവ നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. അവരോരുത്തരും വ്യത്യസ്തമായ അനവധി കഴിവുകളുടെ കലവറയാണ്.അതിനെ ശരിയായ രീതിയില്‍ പുറത്തു കൊണ്ടുവരുന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധയെന്ന് അന്ന മക്ക്വറി ഓര്‍മ്മിപ്പിച്ചു.
അന്ന മക്ക്വറിയുടേയും നതാലിയ ഏയ്ഞ്ചലിന്റേയും ആദ്യ കേരള സന്ദര്‍ശനം കൂടിയാണിത്. കാസര്‍കോട് വന്ന് ശില്‍പ്പശാലയില്‍ പങ്കെടുത്ത് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുമായും രക്ഷിതാക്കളുമായി സംവദിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലാക്കാന്‍ സാധിച്ചു നതാലിയയും മക്ക്വറിയും പറഞ്ഞു. ഇവിടുത്തെ കുട്ടികള്‍ കൂടുതല്‍ പ്രവര്‍ത്തന സജ്ജരാണ്. അവര്‍ക്ക് ശരിയായ പരിശീലനവും മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്‍കിയാല്‍ അവരുടെ ജീവിത നിലവാരത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. അതോടൊപ്പം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സമൂഹത്തിന്റെ പിന്‍തുണ അത്യന്താപേക്ഷിതമാണ്. 

118 രാജ്യങ്ങളിലെ സന്നദ്ധ സംഘടനകള്‍ ഇന്‍ക്ലൂഷന്‍ ഇന്റര്‍നാഷണലില്‍ അംഗങ്ങളാണ്. കാസര്‍കോടിന് പുറമേ എറണാകുളം ജില്ലയുടേയും മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുളള ശില്‍പ്പശാലയില്‍ ഇവര്‍ പങ്കെടുക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.