Latest News

കൂടുതല്‍ ആശുപത്രികളില്‍ സായാഹ്ന ഒ.പി. ആരംഭിക്കും


കാസര്‍കോട്: പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി കൂടുതല്‍ ആശുപത്രികളില്‍ സായാഹ്ന ഒ.പി. ആരംഭിക്കാന്‍ പകര്‍ച്ച വ്യാധി നിയന്ത്രണ ജില്ലാതല അവലോകന യോഗത്തില്‍ തീരുമാനിച്ചു. മംഗല്‍പ്പാടി പി.എച്ച്.സി.യില്‍ ഇന്നു മുതല്‍ സായാഹ്ന ഒ.പി. ആരംഭിക്കും. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 8 മണി വരെ ഇവിടെ പുറത്തു നിന്നുള്ള രോഗികള്‍ക്ക് രണ്ടു ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. പനത്തടി സി.എച്ച്.സി. യിലും ഉടന്‍ തന്നെ സായാഹ്ന ഒ.പി. ആരംഭിക്കും. കാസര്‍കോട് ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, നിലേശ്വരം, തൃക്കരിപ്പൂര്‍ താലൂക്കാശുപത്രികളിലും സായാഹ്ന ഒ.പി. ആരംഭിച്ചിട്ടുണ്ട്.

ജില്ലയില്‍ ഡങ്കിപനി ബാധിച്ചവരുടെ എണ്ണം 81 ആയി ഉയര്‍ന്നതായി ആരോഗ്യ അധികൃതര്‍ വെളിപ്പെടുത്തി. 676 പേര്‍ക്ക് രോഗം ബാധിച്ചതായി സംശയിക്കുന്നു. കള്ളാറില്‍ 128 പേര്‍ക്കും പനത്തടിയില്‍ 123 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നു. മഞ്ചേശ്വരം, പൈവളിഗെ, മീഞ്ച, ബദിയടുക്ക, പുത്തിഗെ, പടന്ന, വലിയപറമ്പ് എന്നീ പഞ്ചായത്തുകള്‍ ഒഴികെ മറ്റ് 31 പഞ്ചായത്തുകളിലും 3 മുനിസിപ്പാലിറ്റികളിലും രോഗം ബാധിച്ചിട്ടുണ്ട്.
538 പേര്‍ക്ക് മഞ്ഞപ്പിത്തവും ബാധിച്ചതായി സംശയിക്കുന്നു. ഇതില്‍ 15 കേസുകള്‍ സ്ഥിരീകരിച്ചു. 16 പേര്‍ക്ക് എലിപനിയും 48 പേര്‍ക്ക് മലമ്പനിയും 5 പേര്‍ക്ക് എച്ച്.വണ്‍ എന്‍.വണ്‍ രോഗം ബാധിച്ചതായും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. എലിപ്പനി ബാധിച്ച് പടന്നയില്‍ ഒരാള്‍ മരിക്കുകയും ചെയ്തു.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. കൊതുക്, കൂത്താടി നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഓഫീസുകളിലും, സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ഡ്രൈഡേ ആചരിക്കും. ആവശ്യമുള്ള സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തും. ആശുപത്രികള്‍ക്ക് മരുന്ന് എത്തിക്കുന്ന കാരുണ്യാ മരുന്ന് ഏജന്‍സിയുടെ വീഴ്ച സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ആശാ പ്രവര്‍ത്തകരുടെ ഒഴിവ് നികത്തും.
കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പകര്‍ച്ചവ്യാധി നിയന്ത്രണ ജില്ലാതല അവലോകന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ഗോപിനാഥന്‍, ജില്ലാ സര്‍വലന്‍സ് ഓഫീസര്‍ മോഹനന്‍, ഡോ.ബി.മുഹമ്മദ് അഷീല്‍ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. മാസ് മീഡിയാ ഓഫീസര്‍ എം.രാമചന്ദ്ര സ്വാഗതവും ജില്ലാ മലേറിയാ ഓഫീസര്‍ വി.സുരേശന്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.