Latest News

ബാല്യത്തിന്റെ ഓര്‍മ്മകളുമായി മന്ത്രി യു.ടി.ഖാദര്‍ ജന്മനാട്ടിലെത്തി


കാസര്‍കോട്: ജന്മനാടിന്റെ സ്‌നേഹം ഏറ്റുവാങ്ങി മന്ത്രി യു.ടി.ഖാദര്‍. ബാല്യത്തിന്റെ ഓര്‍മ്മകള്‍ ഓടികളിക്കുന്ന വീട്ടുമുറ്റത്തെത്തിയപ്പോള്‍ മന്ത്രിമനസ് ഒരിക്കല്‍ കൂടി ആ കുഞ്ഞുന്നാളിലേക്ക് ഓടിപ്പോയി. കര്‍ണാടക നിയമസഭയിലെ മലയാളി സാന്നിധ്യമായ ആരോഗ്യമന്ത്രി ഖാദര്‍ ശനിയാഴ്ചയാണ് ഉപ്പള തുരുത്തിയിലെ ഓര്‍മ്മകള്‍ തുടിക്കുന്ന തറാവാട്ടിലെത്തിയത്. സാധാരണ കുടുംബാംഗവും നാട്ടുകാരനും എം.എല്‍.എയുമൊക്കെയായി നിരവധി വട്ടം ഇവിടെ വന്നുകേറിയിട്ടുള്ള ഖാദര്‍ വീണ്ടുമെത്തിയപ്പോള്‍ അതിന് മന്ത്രി കുപ്പായത്തിന്റെ തിളക്കവും ഉദ്യോഗസ്ഥരുടെ എസ്‌കോര്‍ട്ടുമുണ്ടായിരുന്നു.
 
ഖാദറിന്റെ പിതാവ് മുന്‍ എം.എല്‍.എ യു.ടി.ഫരീദ് മംഗലാപുരത്തേക്ക് താമസം മാറും മുമ്പ് ഖാദര്‍ താമസിച്ചത് ഇവിടെയായിരുന്നു. കുടുംബംഗങ്ങളെല്ലാം ഇപ്പോഴും ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ ഒരു ഗൃഹാതുരത്വത്തോടെയാണ് ഖാദര്‍ പഴയ തറാവാട്ടുവീട്ടില്‍ വന്നകേറിയത്.
ഖാദര്‍ എത്തിയതോടെ ഒരു നാട് മുഴുവന്‍ ആ വീട്ടുമുറ്റത്തേക്ക് ഓടിയെത്തി. തങ്ങളുടെ പ്രിയപുത്രന്‍ വളര്‍ന്നുവലുതായതിന്റെ ആഹ്ലാദം ഓരോ മുഖത്തും കാണാമായിരുന്നു. നാട്ടുകാരും ബന്ധുക്കളും സ്‌നേഹം കൊണ്ട് മൂടിയപ്പോള്‍ അവര്‍ക്ക്‌കൈകൊടുത്തും കുശലന്വേഷണം നടത്തിയും ഖാദറും അവരിലൊരാളായി മാറി. 

സന്ധ്യയോടെ ഉപ്പളയിലെത്തിയ മന്ത്രിയെ ബാന്റ് മേളങ്ങളുടെയും കൈകൊട്ടി പാട്ടിന്റെയും അകമ്പടിയോടെ ഉപ്പളയുടെ ഹൃദയത്തിലേക്ക് ആനയിച്ചു. തറാവാട്ടു വീട്ടില്‍ കയറും മുമ്പ് ഉപ്പാപ്പമാരും മറ്റും കുടുംബക്കാരും മരണപ്പെട്ടുകിടക്കുന്ന ഖബറിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് അനുജന്‍ താമസിക്കുന്ന പഴയ തറാവാട്ടുവീട്ടില്‍ ചിലവഴിച്ച ശേഷം ഉപ്പള കുന്നില്‍ ജുമാമസ്ജിദിലെത്തി . അവിടെ നിന്ന് സോഷ്യല്‍ വെല്‍ഫെയര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഒരുക്കുന്ന സ്വീകരണ വേദിയിലേക്ക്....

ഒരു നാട് തന്നെ ഒത്തു ചേരുന്ന പ്രൗഡമായ ചടങ്ങാണ് ഉപ്പളയില്‍ ഒരുക്കിയത്. ഖാദറിന്റെ സ്വീകരണ ചടങ്ങില്‍ ബോര്‍ഡ് ചെയര്‍മാന്മാരായ ചെര്‍ക്കളം അബ്ദുള്ള, എം.സി.ഖമറുദ്ദീന്‍, സി.ടി.അഹമ്മദലി, ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ എന്നിവരെ ആദരിച്ചു. 

വ്യവസായ പ്രമുഖന്‍ ലത്തീഫ് ഉപ്പള ഗേറ്റ് അധ്യക്ഷത വഹിച്ചു. കര്‍ണാടക മന്ത്രിമാരയ എം.രമാനാഥ് റൈ, ജെ.ആര്‍.ലോബോ, ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, പൊലീസ് മേധാവി എസ്.സുരേന്ദ്രന്‍, പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍, യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി എ.കെ.എം.അഷറഫ് സംബന്ധച്ചു.
നാട് നല്‍കുന്ന സ്‌നേഹവും പിന്തുണയും പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് പകരുന്നതെന്ന് പ്രസംഗ മധ്യേ മന്ത്രി പറഞ്ഞു. ഒഴിവ് കിട്ടുമ്പോഴൊക്കെ ഓര്‍മ്മകള്‍ തുടിക്കുന്ന തിരുമുറ്റത്തെത്തുവാന്‍ എന്റെ മനസ്സ് കൊതിക്കുകയാണെന്നും കന്നട കലര്‍ന്ന മലയാളത്തില്‍ അദ്ദേഹം പറഞ്ഞു നിര്‍ത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.