Latest News

ദിലീപും മഞ്‌ജുവാര്യരും വിവാഹമോചനത്തിനെന്ന്‌ അഭ്യൂഹം; കുടുംബക്കോടതികള്‍ക്കു മുന്നില്‍ ജനക്കൂട്ടം

കൊച്ചി: താരദമ്പതികളായ ദീലീപും മഞ്‌ജുവാര്യരും വേര്‍പിരിയുന്നെന്ന അഭ്യൂഹം പരന്നതിനെത്തുടര്‍ന്നു തൃശൂര്‍, മൂവാറ്റുപുഴ കുടുംബക്കോടതികള്‍ക്കു മുന്നില്‍ ആരാധകര്‍ തടിച്ചുകൂടി. വിവാഹമോചനം തേടി മഞ്‌ജു കുടുംബക്കോടതിയിലെത്തുമെന്നായിരുന്നു പ്രചാരണം. പ്രമുഖ വെബ്‌സൈററുകളിലെ വാര്‍ത്തകളുടെ ചുവടുപിടിച്ചായിരുന്നു അഭ്യൂഹം.

വാര്‍ത്ത സൂപ്പര്‍ഹിറ്റായതോടെ കോരിച്ചൊരിയുന്ന മഴയിലും ആളുകള്‍ കോടതിക്കു മുന്നില്‍ തിക്കിത്തിരക്കി. ടിവി ചാനലുകളില്‍ ഫ്‌ളാഷ്‌ ന്യൂസ്‌ മിന്നി. പത്രമോഫീസുകളില്‍ അന്വേഷണപ്രവാഹമായി. ചാനല്‍ കാമറമാന്‍മാര്‍ ഉള്‍പ്പടെയുള്ള മാധ്യമപ്പട കോടതിപരിസരത്തു തമ്പടിച്ചതോടു കൂടി കാര്യങ്ങള്‍ സിനിമയെ വെല്ലുന്ന സസ്‌പെന്‍സിലേക്കു നീങ്ങി. കോടതി പിരിയുംവരെ കാത്തുനിന്ന ജനക്കൂട്ടം താരദമ്പതികള്‍ എത്താത്ത നിരാശയില്‍ പിരിഞ്ഞുപോയതോടെ സംഗതി ആന്റിെകെമാക്‌സിലെത്തി.

ദിലീപും മഞ്‌ജുവാര്യരും വിവാഹമോചനത്തിലേക്കു നീങ്ങുകയാണെന്നും ഇതിനായി ഉടന്‍ ഹര്‍ജി ഫയല്‍ചെയ്യുമെന്നും പ്രചരിക്കാന്‍ തുടങ്ങിയിട്ടു നാളുകളായി. എറണാകുളം കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുമെന്നായിരുന്നു ഏറെക്കാലമായുള്ള പ്രചാരണം. ബുധനാഴ്ച വൈകിട്ട്‌ മഞ്‌ജു വിവാഹമോചന നടപടിക്കായി തൃശൂരിലോ മൂവാറ്റുപുഴയിലോ കുടുംബക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന്‌ അഭ്യൂഹം പരന്നിരുന്നു. രാവിലെ 12ന്‌ എത്തുമെന്നായിരുന്നു ആദ്യം പ്രചരിച്ചത്‌. പിന്നീട്‌ വൈകിട്ട്‌ നാലിന്‌ എത്തുമെന്നായി.

വിവാഹമോചനം തേടി മഞ്‌ജു കൊച്ചിയിലെ അഭിഭാഷകയെ സമീപിച്ചെന്നും സംയുക്‌ത വിവാഹമോചന ഹര്‍ജി നല്‍കാമെന്നു ദിലീപിന്റെ അഭിഭാഷകന്‍ വ്യവസ്‌ഥ വച്ചെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മുന്‍മന്ത്രി ഗണേഷിന്റെ വിവാഹമോചനംപോലെ കോളിളക്കമുണ്ടാക്കാതെ രമ്യതയില്‍ ഒത്തുതീര്‍പ്പ്‌ ഉണ്ടാക്കിയതിനുശേഷം കോടതിയിലേക്ക്‌ എത്തുമെന്നാണു ധാരണയെന്നും പറയപ്പെടുന്നു.

മഞ്‌ജു ഹര്‍ജി ഫയല്‍ ചെയ്യാന്‍ മൂവാറ്റുപുഴയിലെത്തുമെന്ന കിംവദന്തിയുടെ ഉറവിടം എറണാകുളത്തെ ചില അഭിഭാഷക ഓഫീസുകളായിരുന്നു. വക്കീല്‍ ഗുമസ്‌ഥന്മാരടക്കമുളളവര്‍ മൂവാറ്റുപുഴയിലെ കോടതി പരിസരത്ത്‌ എത്തി. വിവരമറിഞ്ഞ്‌ മാധ്യമപ്രവര്‍ത്തകരും എത്തി. വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നപ്പോള്‍ പതുക്കെ ജനക്കൂട്ടം രൂപംകൊണ്ടു.

തൃശൂര്‍ കോടതിയില്‍ ദിലീപിനെതിരേ മഞ്‌ജുവാര്യര്‍ ഹര്‍ജി ഫയല്‍ ചെയ്‌തിട്ടുണ്ടെന്നും ഇത്‌ മൂവാറ്റുപുഴ കുടുംബകോടതിയിലേക്ക്‌ റഫര്‍ ചെയ്‌തുവെന്നും മറ്റും കഥകള്‍ പ്രചരിച്ചു. ഇരുവരും വിവാഹംരജിസ്‌റ്റര്‍ ചെയ്‌ത ആലുവ സബ്‌രജിസ്‌ട്രാര്‍ ഓഫീസ്‌ കുന്നത്തുനാട്‌ താലൂക്കിന്റെ പരിധിയിലായതിനാലാണു മഞ്‌ജുവാര്യര്‍ മൂവാറ്റുപുഴ കുടുംബക്കോടതിയില്‍ എത്തുന്നതെന്നു മറ്റൊരുകൂട്ടര്‍ പ്രചരിപ്പിച്ചു.

കോടതി പിരിയുന്നതുവരെ ജനം അങ്ങിങ്ങായി നിലയുറപ്പിച്ചു. മുന്തിയ വാഹനങ്ങള്‍ കടന്നു വരുമ്പോള്‍ ചിലര്‍ ജിജ്‌ഞാസയോടെ നോക്കി.വൈകിട്ട്‌ 5 വരെ നടി എത്താതിരുന്നതോടെ ഹര്‍ജി സമര്‍പ്പിക്കുന്നത്‌ വ്യാഴാഴ്ചത്തേക്ക്‌ മാറ്റിയെന്ന പുതിയ പ്രചാരണവും അഴിച്ചുവിട്ട്‌ നിരാശയോടെയാണ്‌ ഇവര്‍ മടങ്ങിയത്‌.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.