Latest News

നായയെ കഴുത്തിന് പിടിച്ചെറിഞ്ഞ താരം കളത്തിനും ടീമിനും പുറത്ത്


ബ്വേനസ് എയ്റിസ്: കളത്തില്‍ നുഴഞ്ഞുകയറിയ നായയെ കഴുത്തുപിടിച്ച് ഗാലറിയിലേക്കെറിഞ്ഞ കളിക്കാരന്‍ കളിയില്‍നിന്നും ടീമില്‍നിന്നും പുറത്തായി. അര്‍ജന്‍റീനയിലെ താഴേക്കിടയിലുള്ള ലീഗില്‍ ബെല്ലാ വിസ്റ്റയുടെ കളിക്കാരന്‍ ജോസ് ഗിമെനെസാണ് നായയെ ഉപദ്രവിച്ചതുവഴി പുലിവാലു പിടിച്ചത്.

ബ്വേനസ് എയ്റിസില്‍നിന്ന് 1300 കിലോമീറ്റര്‍ അകലെയുള്ള തുകുമാന്‍ പ്രവിശ്യയില്‍ സാന്‍ യുവാനെതിരെ നടന്ന മത്സരത്തിനിടെയാണ് ഗിമെനെസ് നായയോട് ക്രൂരമായി പെരുമാറിയത്. അലഞ്ഞുതിരിഞ്ഞ് കളത്തിലെത്തിയ നായയെ ഇരുകൈകളും കൂട്ടി കഴുത്തിനു പിടിച്ചെടുത്ത ഗിമെനെസ് ഗാലറിയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഗാലറിയുടെ ഇരുമ്പുവേലിയില്‍ തട്ടിയ നായ കളത്തിലേക്കുതന്നെ തെറിച്ചുവീണ് പരിക്കൊന്നുമില്ലാതിരുന്നതിനാല്‍ ഓടിരക്ഷപ്പെടുകയും ചെയ്തു.

എന്നാല്‍, കണ്ടുനിന്ന കാണികള്‍ കുപ്പികളും മറ്റുമായി ഗിമെനെസിനെ എറിഞ്ഞുതുടങ്ങി. ഓടിയെത്തിയ എതിര്‍താരങ്ങള്‍ ഈ ക്രൂരതക്ക് താരത്തെ കൈകാര്യം ചെയ്യുമെന്ന അവസ്ഥയിലെത്തി.  സഹതാരങ്ങളും പോലീസുമെത്തി ഗിമെനെസിനെ ഒരുവിധം രക്ഷിച്ചെടുത്തെങ്കിലും റഫറി ചുവപ്പുകാര്‍ഡുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കളത്തിനു പുറത്തായ താരത്തെ തേടി മത്സരശേഷം ടീമില്‍നിന്നു പുറത്താക്കിയ വാര്‍ത്തയുമെത്തി.

 താന്‍ ചെയ്തതു മോശമായിപ്പോയെന്ന് ഗിമെനെസ് പിന്നീട് പശ്ചാത്തപിച്ചു. ഗിമെനെസിന്‍െറ ക്രൂരത ടെലിവിഷന്‍ ചാനല്‍ ഒപ്പിയെടുത്തതോടെയാണ് സംഭവം വന്‍ വാര്‍ത്താപ്രാധാന്യം നേടിയത്.





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.