രണ്ടാമത്തെ ചര്‍ച്ചയും പരാജയപ്പെട്ടതോടെ ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശന സാധ്യത മങ്ങി. ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട മുന്‍നിലപാടുകളില്‍ രണ്ടുപേരും ഉറച്ചുനിന്നതോടെ 25 മിനിറ്റ് നീണ്ട കൂടിക്കാഴ്ച അവസാനിപ്പിക്കുകയായിരുന്നു. ഹൈക്കമാന്‍ഡുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ചെന്നിത്തലയെ ധരിപ്പിച്ചെന്നു മുഖ്യമന്ത്രി പ്രതികരിച്ചു.
രമേശ് മന്ത്രിസഭയിലെത്തുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. കൂടിക്കാഴ്ച സംബന്ധിച്ചു കൂടുതല്‍ വിശദീകരിക്കാനും ഉമ്മന്‍ചാണ്ടി തയ്യാറായില്ല. മുഖ്യമന്ത്രി പോയശേഷം ഐ ഗ്രൂപ്പ് നേതാക്കളായ മന്ത്രി വി എസ് ശിവകുമാറും ജോസഫ് വാഴക്കനും കെ പി അനില്‍കുമാറും ഇന്ദിരാഭവനിലെത്തി ചെന്നിത്തലയുമായി ചര്‍ച്ച നടത്തി. അതേസമയം, മുഖ്യമന്ത്രി പറഞ്ഞതില്‍ കൂടുതലായി ഒന്നും പറയാനില്ലെന്നു യു.ഡി.എഫ്. കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു. തീരുമാനം ചെന്നിത്തല പറയുമെന്ന് മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചെങ്കിലും ചെന്നിത്തല പ്രതികരിക്കാന്‍ തയ്യാറായില്ല.
കൂടിക്കാഴ്ചയിലെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി ഹൈക്കമാന്‍ഡിനെ അറിയിക്കും. അന്തിമതീരുമാനം ഹൈക്കമാന്‍ഡ് എടുക്കണമെന്നായിരിക്കും മുഖ്യമന്ത്രി ആവശ്യപ്പെടുക. രാത്രി 8.30ഓടെയായിരുന്നു കൂടിക്കാഴ്ച ആരംഭിച്ചത്. ആഭ്യന്തരവകുപ്പ് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന എ ഗ്രൂപ്പിന്റെ നിലപാടും ഉപമുഖ്യമന്ത്രിപദം അനുവദിക്കാനാവില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനവും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ റവന്യൂവും ദേവസ്വവും മറ്റേതെങ്കിലും പ്രധാന വകുപ്പു കൂടി നല്‍കാമെന്ന് ഉമ്മന്‍ചാണ്ടി അറിയിക്കുകയായിരുന്നു.
എന്നാല്‍, ആഭ്യന്തരമില്ലാതെ മന്ത്രിസഭയിലേക്കു വരേണ്ടതില്ലെന്ന ഐ ഗ്രൂപ്പ് തീരുമാനം ചെന്നിത്തല ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തു തുടരാമെന്നും മന്ത്രിസഭയിലേക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. പി പി തങ്കച്ചന്‍ ആയിരുന്നു ചര്‍ച്ചകള്‍ക്കു മധ്യസ്ഥാനം വഹിച്ചത്. രാവിലെ ചെന്നിത്തലയുമായും ഉമ്മന്‍ചാണ്ടിയുമായും തങ്കച്ചന്‍ വെവ്വേറെ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകളില്‍ ഇരുവിഭാഗവും നിലപാടുകള്‍ തങ്കച്ചനെ അറിയിക്കുകയായിരുന്നു.
Keywords:
Kasaragod, Kerala, Kerala News, International News, National News, Gulf
News, Health News, Educational News, MalabarFlash, Malabar Vartha,
Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment