Latest News

മാധവിക്കുട്ടി മതം മാറിയത് സമദാനിയെ വിവാഹം കഴിക്കാനെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: മലയാളത്തിലും ഇംഗ്ലീഷിലും പ്രശസ്തയായ എഴുത്തുകാരി പ്രശസ്തയായ മാധവിക്കുട്ടി ഇസ്‌ലാം മതം സ്വീകരിച്ചതെന്തിനായിരുന്നു? മുസ്ലീം ലീഗ് നേതാവും പ്രഭാഷകനുമായ അബ്ദുള്‍ സമദ് സമദാനിയെ വിവാഹം കഴിക്കാനായിരുന്നെന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ലീലാമേനോന്റെ വെളിപ്പെടുത്തല്‍. അവര്‍ തന്നെ പത്രാധിപത്യം വഹിക്കുന്ന ജന്മഭൂമി പത്രത്തിലാണ് ലീലാമേനോന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മാധവിക്കുട്ടി ഇസ്‌ലാം മതം സ്വീകരിച്ചത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെ വിവാഹം കഴിക്കാനായിരുന്നുവെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തലുണ്ടായിരുന്നു. മാധവിക്കുട്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരിയായ ഇന്ദുമേനോന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. ഇത് ഏറെ 
ലീലാ മേനോന്‍ 
ചര്‍ച്ചയായതിനിടയിലാണ് പുതിയ വെളിപ്പെടുത്തലുമായി ഇപ്പോള്‍ ലീലാ മേനോന്‍ മുന്നോട്ട് വന്നത്. ലേഖനം വിവാദമായതോടെ സമദാനിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ലീലാമേനോന്‍ കൈരളി പീപ്പിള്‍ ചാനലിലും പ്രത്യക്ഷപ്പെട്ടു.
സമദാനിയുടെ 'കടവ്' എന്ന വീട്ടില്‍ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം പോയി താമസിച്ചു എന്നും അവിടെവച്ച് അവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും മതം മാറിയാല്‍ തന്നെ വിവാഹം കഴിച്ചുകൊള്ളാം എന്ന് സമദാനി പറഞ്ഞിട്ടുണ്ടെന്നും കമല തന്നോട് വെളിപ്പെടുത്തിയതായും ലീലാ മേനോന്‍ പറയുന്നു.

എന്നാല്‍ ഇതുതെറ്റാണെന്ന് മാധവിക്കുട്ടിയുടെ മകനും സന്തതസഹചാരിയുമായിരുന്ന എം ഡി നാലപ്പാട്ട് പ്രതികരിച്ചു. 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ അതായത് എഴുപതുകളില്‍ തന്നെ അമ്മ പുതിയ മതത്തെ കുറിച്ച് പഠിച്ചു തുടങ്ങിയിരുന്നതായും എണ്‍പതുകളില്‍ തന്നെ അവര്‍ മതം മാറിയിരുന്നതായും അദ്ദേഹം പറഞ്ഞു.
പുതിയ വിശ്വാസമാണ് തന്റെ വിശ്വാസത്തിന്റെ യഥാര്‍ഥ പാതയെന്ന് അമ്മ വിശ്വസിച്ചിരുന്നു. എല്ലാ മനുഷ്യരേയും സമന്മാരായി കണ്ടിരുന്ന ഈ രീതിയാണ് അമ്മയെ ഏറെ ആകര്‍ഷിച്ചത്. ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. അമ്മക്ക് വേറൊന്നും ആവശ്യമായിരുന്നില്ല. അമ്മയുടെ
സമദാനി
ഇസ്ലാമിലേക്കുള്ള മതംമാറ്റം എണ്‍പതുകളില്‍ തന്നെ നടന്നിരുന്നു. അമ്മ എന്നോടുതന്നെ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം പുറംലോകം അറിഞ്ഞാല്‍ അച്ഛന് പ്രശ്‌നമുണ്ടാകും, മക്കളായ നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകും നാലപ്പാട്ട് പറഞ്ഞു.

ഇങ്ങനെ പറയുന്ന ആള്‍ക്കാരുടെ ധാരണ മതം മാറുന്നതായി പ്രഖ്യാപിച്ച ദിവസത്തിലാണ് മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ചതെന്നാണ്. അമ്മ ആര്‍ക്കും വേണ്ടി മതം മാറിയതല്ല. ഒരു പുരുഷനും വേണ്ടി മതം മാറിയതല്ല, സമദാനിക്ക് വേണ്ടിയാണ് മാധവിക്കുട്ടി മതം മാറിയത് എന്ന ആരോപണത്തെ തള്ളിക്കൊണ്ട് നാലപ്പാട്ട് പറഞ്ഞു. അമ്മയോടൊപ്പം എപ്പോഴും ഉണ്ടായിരുന്ന ആളെന്ന നിലയില്‍ താനാണ് അമ്മയെ കുറിച്ച് കൂടുതല്‍ അറിയുന്ന ആളെന്നും നാലപ്പാട്ട് പറഞ്ഞു.


ലീലാമേനോന്റെ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാം

കമല എങ്ങനെ സുരയ്യയായി
എനിക്ക്‌ കമലാദാസ്‌ എന്ന മാധവിക്കുട്ടിയെ ഒരിക്കലും മറക്കാന്‍ സാധ്യമല്ല. അതിന്‌ കാരണം കമല എനിക്ക്‌ തന്ന ഒരു മോതിരമാണ്‌. ദിവസവും വലതുകയ്യിലെ മോതിരവിരലില്‍ ഞാനാമോതിരം ഇടുമ്പോള്‍ കമലയുടെ സുന്ദരമായ വിശാലനയനങ്ങളും പുഞ്ചിരി തത്തിക്കളിക്കുന്ന ചുണ്ടുകളും എന്റെ ഓര്‍മ്മയില്‍ ഓടിയെത്തും. കമലയെ ഞാന്‍ പരിചയപ്പെട്ടത്‌ കമല മതം മാറി മുസ്ലിമായതിന്‌ ശേഷമാണ്‌. മാധവിക്കുട്ടിയുടെ ചെറുകഥകളില്‍ കൂടിയും ഫെമിനയിലെയും ഈവ്സ്‌ വീക്കിലിയിലെ ഇംഗ്ലീഷ്‌ കവിതകളില്‍ കൂടിയും നീര്‍മാതളം പൂത്തപ്പോള്‍ എന്ന മനോഹരമായ പുസ്തകത്തില്‍ കൂടിയും മാധവിക്കുട്ടി എന്ന കമലാദാസ്‌ ലോകത്തിലെമ്പാടുമുള്ളവര്‍ക്കെന്ന പോലെ എനിക്കും സുപരിചിതയായിരുന്നു.

കമല മതം മാറുന്നു എന്ന്‌ പ്രസ്താവിച്ചതും ഒരു മീറ്റിംഗില്‍ വച്ചായിരുന്നു. കമലാദാസ്‌ മുസ്ലിമായി മതം മാറി അബ്ദുള്‍സമദ്‌ സമദാനിയെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കേരളത്തിലേയും ലോകമെമ്പാടുമുള്ള മലയാളികളേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അന്ന്‌ ഇന്ത്യന്‍ എക്സ്പ്രസിലായിരുന്ന ഞാന്‍ എന്റെ സഹപ്രവര്‍ത്തകനായ ഇപ്പോള്‍ ഹിന്ദുവിലുള്ള എം.കെ.സുധിയോടൊപ്പമാണ്‌ വാര്‍ത്ത കവര്‍ ചെയ്യാന്‍ രാത്രി അവരുടെ ഫ്ലാറ്റിലെത്തിയത്‌. കടവന്ത്രയിലെ ഒരു മതപുരോഹിതനാണ്‌ ചടങ്ങിന്‌ നേതൃത്വം നല്‍കിയത്‌. കമലാ ദാസ്‌ അങ്ങനെ കമലാസുരയ്യയായി. അങ്ങനെ കമലാ സുരയ്യ ഇസ്ലാമിലെ വിശുദ്ധയായി, പര്‍ദ്ദാധാരികളായ സ്ത്രീകളുടെ ആരാധനാപാത്രമായി.കമലയെ ഒന്നുതൊടാന്‍, കയ്യില്‍ ഒന്നു ചുംബിക്കാന്‍ അവര്‍ വെമ്പല്‍ കാട്ടുന്നത്‌ ഞാന്‍ നോക്കി നിന്നിട്ടുണ്ട്‌.

കണ്ണൂരില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിന്‌ ശേഷം കേരളത്തിലെ സാംസ്ക്കാരികനായകര്‍ -സുഗതകുമാരി, വിഷ്ണു നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ – കണ്ണൂരില്‍ ഒരു ഏകദിന സത്യഗ്രഹമിരുന്നപ്പോള്‍ അതില്‍ ഞാനും പങ്കെടുത്തിരുന്നു. അതിന്‌ കമല വരാമെന്നേറ്റിരുന്നതാണ്‌, പക്ഷേ കമല വന്നില്ല. കാരണം തിരക്കി ഞാന്‍ ഫ്ലാറ്റില്‍ ചെന്നപ്പോഴാണ്‌ കമല അന്ന്‌ സമദാനിയുടെ ‘കടവ്‌’ എന്ന വീട്ടില്‍ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം പോയി താമസിച്ചു എന്നും അവിടെവച്ച്‌ അവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും മതം മാറിയാല്‍ തന്നെ വിവാഹം കഴിച്ചുകൊള്ളാം എന്ന്‌ സമദാനി പറഞ്ഞിട്ടുണ്ടെന്നും കമല എന്നോട്‌ വെളിപ്പെടുത്തിയത്‌.

മൂന്ന്‌ ഭാര്യമാരുള്ളയാളുടെ നാലാം ഭാര്യയായി പോകുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്‌ കമലയുടെ മറുപടി ഇങ്ങനെയായിരുന്നു”ഒരു ഭാര്യ അടുക്കളയില്‍, ഒരു ഭാര്യ പുറംപണിക്ക്‌, ഒരു ഭാര്യ കാര്യങ്ങള്‍ അന്വേഷിക്കാന്‍, കമല സ്വീകരണമുറിയില്‍ ഭാര്യയായി അതിഥികളെ സ്വീകരിക്കാന്‍”.

കമലയെപ്പോലെ ഇത്ര നിഷ്കളങ്കയായ, പരിശുദ്ധഹൃദയയായ, സ്നേഹമയിയായ, കുസൃതിയായ, മനോഹരമായ പുഞ്ചിരിയും ആകര്‍ഷകമായ പൊട്ടിച്ചിരിയുമുള്ള സ്ത്രീകളെ ഞാന്‍ പരിചയപ്പെട്ടിട്ടില്ല. വശ്യമായ നയനങ്ങളും മനോഹരമായ പുഞ്ചിരിയും സെന്‍സ്‌ ഓഫ്‌ ഹ്യൂമറും അതേസമയം ഇംഗ്ലീഷിലും മലയാളത്തിലും ഒരേപോലെ എഴുതാന്‍ കഴിവുമുള്ള കമലം എന്റെ ദൃഷ്ടിയില്‍ ഒരു ‘ജീനിയസ്‌’ ആയിരുന്നു.

കമല പത്താംക്ലാസ്‌ പാസ്സായിരുന്നില്ല. ആദ്യം പഠിച്ചിരുന്നത്‌ കല്‍ക്കട്ടയിലായിരുന്നു. കമല പറയാറുള്ളത്‌ താന്‍ മൂന്ന്‌ ഭാഷകള്‍ സംസാരിക്കുമെന്നും രണ്ട്‌ ഭാഷയില്‍ എഴുതുമെന്നും ഒരു ഭാഷയില്‍ സ്വപ്നം കാണും എന്നുമായിരുന്നു. ഇത്ര കുറച്ച്‌ പദസമ്പത്ത്‌ വച്ച്‌ ഇത്ര മനോഹരമായി ഇംഗ്ലീഷിലും മലയാളത്തിലും ഭാഷ കൈകാര്യം ചെയ്തതായിരുന്നു കമലയെ എന്റെ ആരാധനാപാത്രമാക്കിയത്‌. കമലയും ഞാനും കൂടി ചെലവഴിച്ച പല നിമിഷങ്ങളും ഇപ്പോഴും എന്റെ മനസ്സില്‍ മിന്നി മറയും. ഒരിക്കല്‍ കമല എന്നോട്‌ സുഗതകുമാരിയുടെ അനുജത്തി സുജാതാദേവിയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഞാന്‍ സുജാതയെ വിളിച്ച്‌ കമലയ്ക്ക്‌ കാണണമെന്നാഗ്രഹമുണ്ട്‌ എന്നു പറഞ്ഞപ്പോള്‍ പിറ്റേദിവസം വരാം എന്ന്‌ വാഗ്ദാനം ചെയ്തു. സുജാത വരുമ്പോള്‍ ഞാനും കമലയുടെ അടുത്തുണ്ടായിരുന്നു. വാതില്‍കടന്ന്‌ നടന്നുവരുന്ന സുന്ദരിയായ സുജാതയെ നോക്കി കമലം പറഞ്ഞു- “എന്താ സുജാതേ നിലാവൊഴുകി വരുന്ന പോലെയാണല്ലോ വരുന്നത്‌” എന്ന്‌. ഇപ്രകാരം സന്ദര്‍ഭാനുസരണം സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന നിമിഷകവി വിഭാഗത്തില്‍പ്പെട്ട പ്രതിഭാശാലിയായിരുന്നു കമല. വിധവയായ, മൂന്ന്‌ ആണ്‍മക്കളും ചെറുമക്കളുമുള്ള ഒരു അറുപത്തഞ്ചുകാരി സ്വന്തം മകനേക്കാള്‍ ഇളപ്പമുള്ള ഒരു അന്യമതസ്ഥനുമായി പ്രണയത്തിലായി വിവാഹം ചെയ്യാന്‍പോകുന്നു എന്ന വാര്‍ത്ത കേട്ട്‌ പരമേശ്വര്‍ജി പറഞ്ഞത്‌ “ഗോഡ്‌ ഹെല്‍പ്‌ ഇസ്ലാം” എന്നായിരുന്നു എന്ന്‌ ഞാന്‍ ഓര്‍ക്കുന്നു. സ്വസമുദായത്തിന്റെ തീവ്രമായ എതിര്‍പ്പിനെ അവഗണിച്ച്‌ കമല പര്‍ദ്ദ ധരിച്ച്‌ മൊബെയില്‍ഫോണ്‍ കഴുത്തില്‍ കൂടി ഒരു വെള്ളിമാലയില്‍ കോര്‍ത്തിട്ട്‌ ഉലാത്തുന്നത്‌ ഞാന്‍ കണ്ടു. “സമദാനി മനോഹരമായി ഗസല്‍ പാടും. ഈ മൊബെയിലില്‍ക്കൂടി എന്നെ പാടികേള്‍പ്പിക്കും. അതിനാലാണ്‌ ഞാന്‍ ഇത്‌ ഇങ്ങനെ കൊണ്ടുനടക്കുന്നത്‌” എന്ന്‌ കമല പറഞ്ഞു. സമദാനിയാണ്‌ കമലയോട്‌ “നീ എന്റെ സുരയ്യ” ആണ്‌ എന്ന്‌ പറഞ്ഞ്‌ മോഹിപ്പിച്ച്‌ കമലയെ സുരയ്യ ആക്കിയത്‌.

കമല മതം മാറിയ ദിവസം ഞാനും സുകുമാര്‍ അഴീക്കോടും കടമ്മനിട്ട രാമകൃഷ്ണനും എല്ലാം കമലയുടെ ഫ്ലാറ്റിലെത്തി. അന്ന്‌ ആ വീട്ടില്‍ മത്സ്യ മാംസാദികള്‍ പാകം ചെയ്തു. ഞാനും കടമ്മനിട്ടയും ഒരുമിച്ചാണ്‌ കമലയുടെ ഊണുമേശക്കരികിലിരുന്നതും സ്വാദിഷ്ട ഭക്ഷണം കഴിച്ചതും എന്ന്‌ ഞാന്‍ ഓര്‍ക്കുന്നു.

അന്ന്‌ മുതല്‍ കമല കറുത്ത പര്‍ദ്ദയിട്ട്‌ സമൃദ്ധമായ തലമുടി ഹിജാബ്‌ കൊണ്ടുമൂടി, കണ്ണില്‍ സുറുമ എഴുതി കയ്യില്‍ മെയിലാഞ്ചി പുരട്ടി നടക്കാന്‍ തുടങ്ങി. മെയിലാഞ്ചി ഇടാന്‍ ഫോര്‍ട്ട്‌ കൊച്ചിയില്‍നിന്ന്‌ ഒരു സ്ത്രീ വരുമായിരുന്നു. കമല സൗന്ദര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തിയിരുന്നു. ബ്യൂട്ടി പാര്‍ലറില്‍ സ്ഥിരമായി പോകുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഫേഷ്യല്‍ ചെയ്തത്‌ വളരെ ഇഷ്ടമായി എന്നു പറഞ്ഞ്‌ ബ്യൂട്ടീഷന്‌ തന്റെ കയ്യിലെ സ്വര്‍ണവള കമല ഊരി നല്‍കി. ദാനശീലയായ കമല പെട്ടെന്നുള്ള പ്രേരണയില്‍ ഇങ്ങനെ സാധനങ്ങള്‍കൊടുക്കുമായിരുന്നു. ഇന്ദുമേനോന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ കമല തന്റെ കാര്‍ അവര്‍ക്ക്‌ നല്‍കിയത്‌ ചെറിയ കാറിലെ യാത്ര കുഞ്ഞിനെ അപകടപ്പെടുത്തിയാലോ എന്ന്‌ ഭയന്നായിരുന്നു. ഇന്ദുമേനോന്‍ ഗര്‍ഭഛിദ്രം നടത്തി എന്നറിഞ്ഞപ്പോള്‍ കാര്‍ കൊടുത്തതില്‍ കമല പശ്ചാത്തപിയ്ക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌.

കമല സുരയ്യയായപ്പോള്‍ മത പ്രാര്‍ത്ഥനകളും നിസ്ക്കാരവും എല്ലാം ചെയ്യുന്നത്‌ പഠിപ്പിക്കാന്‍ കടവന്ത്രയിലെ ഒരു മൗലവി ഫ്ലാറ്റില്‍ വരുമായിരുന്നു. ഹിന്ദുമത വിശ്വാസികള്‍ ഉപദ്രവിച്ചാലോ എന്ന്‌ ഭയന്ന്‌ അവിടെ എന്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ ഗാര്‍ഡുകളായി നിന്നു. പോലീസും സുരക്ഷിതത്വം നല്‍കിയിരുന്നു.

പക്ഷേ, സമദാനി വിവാഹ വാഗ്ദാനത്തില്‍ നിന്ന്‌ പിന്‍മാറി. മന്ത്രി കുഞ്ഞാലിക്കുട്ടി, സമദാനി കമലയെ വിവാഹം കഴിക്കാന്‍ പോകുകയാണോ എന്ന്‌ ചോദിച്ചപ്പോള്‍ അവര്‍ എഴുത്തുകാരിയല്ലേ? അത്‌ അവരുടെ ഭാവനയാണ്‌ എന്ന്‌ പറഞ്ഞു പരിഹസിക്കുകയാണ്‌ ചെയ്തത്‌. കമല സമദാനിയുടെ ആദ്യത്തെ സുരയ്യ ആയിരുന്നില്ല. അഷിത എന്ന എഴുത്തുകാരിയോടും ഇതേ വാചകം ഇദ്ദേഹം പറഞ്ഞെന്നും അവര്‍ അദ്ദേഹത്തെ വാതില്‍ ചൂണ്ടിക്കാണിച്ച്‌ പുറത്തുപോകാന്‍ പറഞ്ഞെന്നും അഷിത എന്നോട്‌ പറഞ്ഞിട്ടുണ്ട്‌.

സമദാനി വാഗ്ദാനത്തില്‍ നിന്ന്‌ പിന്‍മാറിയപ്പോള്‍ കമല ഹിന്ദുമതത്തിലേക്ക്‌ തിരിച്ചു വരാന്‍ ആഗ്രഹിച്ചു. പക്ഷേ കമലയുടെ മൂത്ത മകന്‍ മോനു നാലപ്പാട്‌ അതിനെ ശക്തമായി എതിര്‍ത്തു. കമല ഹിന്ദു മതത്തിലേയ്ക്ക്‌ തിരിച്ചു വന്നാല്‍ മുസ്ലിങ്ങള്‍ കമലയെ മാത്രമല്ല മക്കളേയും ചെറുമക്കളേയും കൊല്ലും എന്നും മോനു അവരോട്‌ പറഞ്ഞു. പേടിച്ചിട്ടാണ്‌ കമല പര്‍ദ്ദയില്‍ തുടര്‍ന്നത്‌. കമല പൂനെയില്‍ ചെന്ന ശേഷം എന്നെ വിളിച്ച്‌ സന്തോഷത്തോടെ പറഞ്ഞത്‌ “ലീലേ ഞാന്‍ പര്‍ദ്ദ ഉപേക്ഷിച്ചു മുണ്ടും വേഷ്ടിയും ആണ്‌ ധരിക്കുന്നത്‌, എന്റെ മുടി അഴിച്ചിട്ടിരിക്കുകയാണ്‌” എന്നാണ്‌. പക്ഷേ രണ്ട്‌ ദിവസം കഴിഞ്ഞ്‌ കണ്ണീര്‍തുളുമ്പുന്ന സ്വരത്തില്‍ കമല പറഞ്ഞു, “മോനുവും മറ്റും എന്നെ തിരിച്ചു പര്‍ദ്ദയില്‍ കയറ്റി. മോനു പൂനെ ബസാറില്‍ പോയി പര്‍ദ്ദ വാങ്ങിക്കൊണ്ടുവന്ന്‌ എന്നെ ധരിപ്പിച്ചു” എന്ന്‌.

പാവം കമല എന്നും വൃന്ദാവനത്തില്‍ കൃഷ്ണനെ കാത്തുകഴിയുന്ന വിരഹിണിയായ രാധയായിരുന്നു. കമലയുടെ ഇഷ്ടദേവന്‍ കൃഷ്ണനായിരുന്നു. ഞാനും എന്റെ സുഹൃത്ത്‌ ശാരദാ രാജീവനും അവരെ പൂനെയില്‍കാണാന്‍ പോയപ്പോള്‍ അവര്‍ ശാരദയെക്കൊണ്ട്‌ “കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍..” എന്ന പാട്ട്‌ പാടിച്ചു. ഞങ്ങളോട്‌ ലളിതാസഹസ്രനാമം ചൊല്ലാനും അപേക്ഷിച്ചു. ഉറങ്ങുന്നതിന്‌ മുമ്പ്‌ പരിചാരിക അമ്മുവിനോട്‌ “നാരായണ നാരായണ” എന്ന്‌ ചൊല്ലാന്‍ പറയുമായിരുന്നു. മരിച്ചതും നാരായണ നാമം കേട്ടായിരുന്നു. കമല ഇസ്ലാം ആയശേഷം പറഞ്ഞതും “താന്‍ ഗുരുവായൂരിലെ കൃഷ്ണനെ കൂടെ കൊണ്ടുപോന്നു” എന്നായിരുന്നു. അതും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. മൂന്ന്‌ ദിവസത്തിന്‌ ശേഷം യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ കമലയുടെ ദൃഷ്ടി എന്നെ വിടാതെ പിന്തുടര്‍ന്നു, ഇപ്പോഴും പിന്തുടരുന്നു.

ഒടുവില്‍ കമല മരിച്ചപ്പോള്‍ മൃതദേഹം ഘോഷയാത്രയായി പൂനെയില്‍ നിന്ന്‌ കൊണ്ടുവന്ന്‌ പാളയം പള്ളിയില്‍ സംസ്ക്കരിച്ചത്‌ മോനു നാലപ്പാട്ടിന്റെ നിര്‍ബന്ധം മൂലമായിരുന്നു. പൂനെയില്‍ ഹിന്ദുമതാചാര പ്രകാരം കര്‍മ്മങ്ങള്‍നടത്തി സംസ്ക്കാരം നടത്തുവാന്‍ ജയസൂര്യ ഏര്‍പ്പാട്‌ ചെയ്തിരുന്നതാണ്‌.

മനസ്സില്‍ രാധയായി മാത്രം ജീവിച്ച കമലയെ എന്തിന്‌ പാളയം പള്ളിയില്‍ സംസ്ക്കരിച്ചു. മരണത്തില്‍ പോലും അവര്‍ക്ക്‌ വിശ്വാസ സ്വാതന്ത്ര്യം നിഷേധിച്ചത്‌ പ്രാണഭയം മൂലമാണെന്നോര്‍ക്കുമ്പോള്‍ ഹാ കഷ്ടം! എന്നു പറയാനാണ്‌ എനിക്ക്‌ തോന്നുന്നത്‌.
(കടപ്പാട്: ജന്മഭൂമി)


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.