Latest News

വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കല്‍ ഓണ്‍ലൈനില്‍ മാത്രം

തിരുവനന്തപുരം: വോട്ടര്‍പട്ടിക പുതുക്കല്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറുന്നു. പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനി മുതല്‍ ഓണ്‍ലൈനിലൂടെ മാത്രമേ അപേക്ഷിക്കാനാവൂ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനിനെറ്റോ അറിയിച്ചു.

ഇന്റര്‍നെറ്റ് കണക്ഷനുള്ളവര്‍ക്ക് വീട്ടിലിരുന്ന് ഇതു ചെയ്യാം. താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റുകളിലും ചെന്നാല്‍ അവിടത്തെ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് ഇതു ചെയ്യാം. അക്ഷയ കേന്ദ്രങ്ങള്‍, ഇന്റര്‍നെറ്റ് കഫേ എന്നിവ വഴിയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഇതിനുള്ള ഫീസ് സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും നളിനിനെറ്റോ പറഞ്ഞു.

നിലവിലുള്ള പട്ടികയില്‍ തിരുത്തലുകള്‍ വരുത്താനും വിവരങ്ങളും ഫോട്ടോകളും പുതുക്കാനും ഓണ്‍ലൈനിലൂടെയോ സാധിക്കൂ. എന്നാല്‍ വോട്ടര്‍പട്ടികയെപ്പറ്റിയുള്ള പരാതികളും ആക്ഷേപങ്ങളും താലൂക്ക് ഓഫീസില്‍ എഴുതിത്തന്നെ നല്‍കണം.

വോട്ടര്‍പട്ടിക പുതുക്കല്‍ നിരന്തര നടപടിയാണെങ്കിലും ഇപ്പോള്‍ നടക്കുന്ന ഈ പ്രക്രിയയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. 2014-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇപ്പോഴത്തെ പുതുക്കല്‍.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റായ www.ceo.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. വോട്ടറുടെ ഫോട്ടോയും അപ്‌ലോഡ്‌ചെയ്യണം. വിവരങ്ങള്‍ ശരിയാണോയെന്ന് ബൂത്ത്തല ഓഫീസര്‍മാര്‍ വീട്ടില്‍ വന്ന് അന്വേഷിക്കും. ഒരിക്കല്‍ നല്‍കിയ വിവരങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ തിരുത്താം. അപേക്ഷിക്കുമ്പോള്‍ ഫോട്ടോ ഉള്‍പ്പെടുത്താന്‍ കഴിയാതെവന്നാല്‍ ബൂത്ത്തല ഓഫീസര്‍ വീട്ടില്‍ വരുമ്പോള്‍ നേരിട്ട് നല്‍കണം. വിവരങ്ങളില്‍ തിരുത്തല്‍ വരുത്തണമെങ്കിലും അവരെ അറിയിക്കാം.

അപേക്ഷ ലഭിച്ചാലുടന്‍ എസ്.എം.എസ്. വഴി സന്ദേശം ലഭിക്കും. തുടര്‍ന്നുള്ള അന്വേഷണങ്ങളും എസ്.എം.എസ്. വഴി നടത്താം. വെബ്‌സൈറ്റ് സന്ദര്‍ശിച്ചാലും നടപടികള്‍ ഏതുവരെയായെന്ന് അറിയാം. തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാവുമ്പോള്‍ ബൂത്ത്തല ഓഫീസര്‍മാര്‍ വീട്ടില്‍ കൊണ്ടുവന്ന് തരും. താലൂക്ക് ഓഫീസില്‍ നേരിട്ട് ചെന്ന് ഇതു വാങ്ങാം. 25 രൂപ സ്റ്റാമ്പൊട്ടിച്ച കവര്‍ താലൂക്ക് ഓഫീസില്‍ നല്‍കിയാല്‍ തപാലിലും അയച്ചുകിട്ടും.

18 വയസ് തികഞ്ഞവരെ പേര് ഉള്‍പ്പെടുത്താന്‍ പ്രേരിപ്പിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേകം ബോധവത്കരണം നടത്തും. മലപ്പുറം ജില്ലയില്‍നിന്ന് പേരു ചേര്‍ക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറവാണ്. ഇതിനായി പ്രത്യേക ബോധവത്കരണം നടത്തും.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പോളിങ്ബൂത്തുകളുടെ ക്രമീകരണത്തെപ്പറ്റി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

ഒരാള്‍ക്ക് രണ്ട് കിലോമീറ്ററിനുള്ളില്‍ വോട്ടുചെയ്യാവുന്ന തരത്തിലാണ് ക്രമീകരണം. ദേശീയ ശരാശരി ഒരു ബൂത്തില്‍ 1200 മുതല്‍ 1600 വരെ വോട്ടര്‍മാരെന്നാണ്. എന്നാല്‍ കേരളത്തില്‍ ഇത് 1650 ആണ്. ജനസാന്ദ്രത കൂടിയതാണ് കാരണം.

പോളിങ് ബൂത്തുകളുടെ കരടുപട്ടിക ജൂലായ് ഒന്നിന് പുറത്തിറക്കും. 15നകം പരാതികള്‍ നല്‍കണം. 22ന് അംഗീകരിച്ച് പുറത്തിറക്കും.

ബൂത്ത്തല ഓഫീസര്‍മാരെ സഹായിക്കാനുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ ഏജന്റുമാരെ നിയോഗിക്കാന്‍ ഓരോ പാര്‍ട്ടിയും ജില്ലാതലത്തില്‍ ഒരാളെ ചുമതലപ്പെടുത്തണം. ഇക്കാര്യം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കണം.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.