Latest News

ഡോക്ടര്‍ ചമഞ്ഞ് ഭര്‍തൃമതിയായ യുവതിയെ തട്ടിക്കൊണ്ടുപോയി

മലപ്പുറം: ഡോക്ടര്‍ ചമഞ്ഞ് ഭര്‍തൃമതിയായ യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം ഇഴയുന്നുവെന്ന് പിതാവ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. നെടിയിരുപ്പ് മില്ലുംപടിയിലെ കോട്ട മുഹമ്മദിന്റെ മകള്‍ ഷക്കീല (30)യെ തിരുവനന്തപുരം തിരുവല്ലം സ്വദേശി ഷംനാദ് ജലാലുദ്ദീന്‍ എന്നയാള്‍ തട്ടിക്കൊണ്ടു പോയ കേസിലാണ് അന്വേഷണം ഇഴയുന്നത്.

ഇത് സംബന്ധിച്ച് ഷക്കീലയുടെ ഭര്‍ത്താവ് മുഹമ്മദ് ഹാജി മകന്‍ അബ്ദുല്‍ ഹമീദ് വാഴക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ മെയ് 22 ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഷക്കീല എടവണ്ണപ്പാറയിലുളള അവളുടെ അമ്മായിയുടെ വീട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങുകയും എടവണ്ണപ്പാറയില്‍ സ്വകാര്യ ആശുപത്രിയില്‍ കാത്തുനിന്ന ഷംനാദിനോടൊപ്പം ഷംനാദിന്റെ ബിസിനസ്സ് പങ്കാളിയായ അബ്ദുളളയുടെ കെ എല്‍ 58 ജെ 585 എന്ന ചുവപ്പ് ടാറ്റാ ഇന്‍ഡിക കാറില്‍ സ്ഥലം വിടുകയും ചെയ്തു എന്നാണ് പരാതി. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എന്ന സ്ഥാപനത്തിന്റെ സി ഇ ഒ യും കോഴ്‌സ് ഡയറക്ടറുമാണ് എന്നാണ് ഷംനാദ് ജലാലുദ്ദീന്‍ അവകാശപ്പെട്ടിരുന്നത്. ഡി ബി ലുലു സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍, നിര്‍മ്മല ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇയാളുടെ വിസിറ്റിംഗ് കാര്‍ഡില്‍ ഉണ്ടായിരുന്നു.

കോഴിക്കോട് തൊണ്ടയാട് ജംങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഷ്യന്‍ പ്ലസ് ഇന്ത്യ പോളി ക്ലിനിക്ക് എന്ന സ്ഥാപനത്തില്‍ ചികിത്സക്ക് ചെന്നപ്പോഴാണ് താന്‍ ഷംനാദുമായി പരിചയപ്പെട്ടത് എന്നും പ്രായമായ ഉമ്മയെ പരിശോധിക്കുന്നതിനും മറ്റുമായി ഷംനാദ് പല തവണ വീട്ടില്‍ വന്നിട്ടുണ്ടെന്നും കോട്ട മുഹമ്മദ് പറഞ്ഞു. പോലീസിന്റെ അന്വേഷണത്തില്‍ ഡോ. ഷംനാദിന് വെറും ഒരു തെറാപ്പിസ്റ്റിനുളള യോഗ്യത മാത്രമേ ഉളളൂ എന്നും അയാള്‍ അവകാശപ്പെട്ട എല്ലാ ഡിഗ്രികളും വ്യാജമാണെന്നും തെളിഞ്ഞിട്ടുണ്ട്. തിരുവല്ലത്ത് ഷംനാദും കുടുംബവും ആശുപത്രി നടത്തി പലരില്‍ നിന്നായി ലക്ഷങ്ങള്‍ വാങ്ങി കടന്നു കളഞ്ഞതിനെ തുടര്‍ന്ന് 116/2001 നമ്പര്‍ കേസ് നിലവിലുണ്ട്. 

ഡോക്ടര്‍ ചമഞ്ഞ് ചികിത്സിച്ചതിനെതിരെ മെഡിക്കല്‍ കോളേജ് പോലീസിലും തന്റെ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്. ഇത്രയും ആയിട്ടും ഷംനാദിന്റെ ബിസിനസ്സ് പങ്കാളികളെന്നു പറയുന്ന സുബൈര്‍ മാസ്റ്റര്‍, ബൈജു, തങ്ങള്‍, ഉസ്മാന്‍ നെരോത്ത്, അബ്ദുളള എന്നിവരെ ശരിയാംവിധം ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല- അദ്ദേഹം പറഞ്ഞു. മുഹമ്മദിന്റെ മകന്‍ അബ്ദുള്‍ ശരീഫ്, ബന്ധു ഹംസക്കോയ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.